വേടനൊപ്പമെന്ന് നടി ലാലിയും വേടൻ ഇവിടെ വേണമെന്ന് ഗായകൻ ഷഹബാസ് അമനും സമൂഹമാധ്യമങ്ങളിൽ കുറിച്ചു
ലഹരി- പുലിപ്പല്ല് കേസുകളിൽ പിടിക്കപ്പെട്ടതിനു പിന്നാലെ റാപ്പർ വേടന് പിന്തുണയുമായി സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുടെ ഒഴുക്ക്. സാമൂഹിക പ്രവർത്തകരും ദലിത് ആക്ടിവിസ്റ്റുകളും ഉൾപ്പെടെ നിരവധി പേർ വേടൻ്റെ രാഷ്ട്രീയത്തിന് പിന്തുണ അറിയിച്ചെത്തി. വേടൻ്റെ വെളുത്ത ദൈവങ്ങൾക്കെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്നാണ് ഗീവർഗീസ് മാർ കൂറിലോസ് പ്രതികരിച്ചത്. വേടനൊപ്പമെന്ന് നടി ലാലിയും വേടൻ ഇവിടെ വേണമെന്ന് ഗായകൻ ഷഹബാസ് അമനും സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
പുതിയ കാലത്തിൻ്റെ ഉറച്ച ശബ്ദമായി വേടനെ അടയാളപ്പെടുത്തിയതിൻ്റെ തെളിവാണ് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്ന പിന്തുണ. വേടൻ്റെ കറുത്ത രാഷ്ട്രീയത്തിനൊപ്പമെന്നും ലഹരിക്കെതിരെയുമെന്നാണ് ഗീവർഗീസ് മാർ കൂറിലോസ് ഫേസ്ബുക്കിൽ കുറിച്ചത്. വെളുത്ത ദൈവത്തിനെതിരെയുള്ള കലാവിപ്ലവം തുടരട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എന്നാൽ, പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി മാർ കൂറിലോസ് രംഗത്തെത്തി. ജാതി വ്യവസ്ഥിതിയെ മറികടന്ന് വന്ന കലാകാരൻ എന്ന നിലയിൽ വേടൻ കൈവരിച്ച പ്രശസ്തി അസാധാരണമാണെന്നും അത് തകരരുതെന്നും മാർ കൂറിലോസ് പറഞ്ഞു.
വേടൻ ഇവിടെ വേണമെന്നാണ് ഗായകൻ ഷഹബാസ് അമൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. വ്യത്യസ്തമായൊരു കാര്യം പറയാനുണ്ട്, ഉടൻ വിശദമായി എഴുതുമെന്നും ഷഹബാസ് അറിയിച്ചു. ഒരു പരിപാടി ഉള്ളതിനാൽ സമയമില്ലെന്നായിരുന്നു ഗായകന്റെ പോസ്റ്റ്.
Also Read: പുലിപ്പല്ല് കേസ്: വേടന് ജാമ്യമില്ല; രണ്ട് ദിവസം വനം വകുപ്പിന്റെ കസ്റ്റഡിയിൽ
ഞാൻ വേടനൊപ്പമെന്ന് നടി ലാലി പി.എം ഫേസ്ബുക്കിൽ എഴുതി. അഞ്ച് ഗ്രാം കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ്റെ പാട്ടുകൾക്ക് പതിനായിരം ടൺ പ്രഹരശേഷിയുണ്ടെന്നും സവർണ തമ്പുരാക്കൻമാരാണ് സോഷ്യൽ മീഡിയയിൽ ആർത്തുല്ലസിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.
തെറ്റ് ചെയ്തെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും മൂർച്ഛയേറിയ വാക്കുള്ള വേടന് തെറ്റ് തിരുത്തി വരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും സംവിധായക ലീലാ സന്തോഷും കുറിച്ചു. യുവജനത്തിന് തീയാണ് വേടനെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ലീല പറയുന്നു. ആദിവാസി വിഭാഗത്തിൽ നിന്ന് ചലചിത്ര സംവിധാന രംഗത്തെത്തിയ ആദ്യ വനിതയാണ് ലീലാ സന്തോഷ്.
സിനിമ - സാംസ്ക്കാരിക രംഗത്തെ പ്രമുഖരെ കൂടാതെ നിരവധി ദലിത് ആക്ടിവിസ്റ്റുകളും എഴുത്തുകാരും സാധാരണക്കാരും വേടന് പിന്തുണയുമായി രംഗത്തെത്തി. ലഹരി ഉപയോഗത്തെ പിന്തുണയ്ക്കുന്നില്ല പക്ഷെ വേടൻ എഴുതുന്ന പാട്ടുകളിലെ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഭൂരിപക്ഷം പോസ്റ്റുകളും.