fbwpx
ഡൽഹി തെരഞ്ഞെടുപ്പ്: കെജ്‌രിവാളിനെതിരെ പർവേഷ് വർമ, അതിഷിക്കെതിരെ രമേഷ് ബിധുരി; ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് BJP
logo

ന്യൂസ് ഡെസ്ക്

Posted : 04 Jan, 2025 04:24 PM

മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദ് സിങ് ലവ്‌ലിക്ക് ഗാന്ധി നഗർ സീറ്റാണ് ബിജെപി നൽകിയിരിക്കുന്നത്

NATIONAL


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി ബിജെപി. ആകെ 70 സീറ്റുകളിലേക്കായി നടക്കുന്ന തെരഞ്ഞെടുപ്പിലെ 29 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പട്ടികയാണ് പാർട്ടി പുറത്തുവിട്ടത്. അതേസമയം മത്സരിക്കുന്ന എല്ലാ സ്ഥാനാർഥികളുടെയും പേര് ആം ആദ്മി പാർട്ടി പുറത്തുവിട്ടു.

ന്യൂഡൽഹി മണ്ഡലത്തിൽ, എഎപി ദേശീയ അധ്യക്ഷൻ അരവിന്ദ് കെജ്‌രിവാളിനെതിരെ മുൻ എംപി പർവേഷ് സാഹിബ് സിങ് വർമയെയാണ് ബിജെപി കളത്തിലിറക്കുന്നത്. എഎപിയിൽ നിന്നും കൂറുമാറി ബിജെപിയിലെത്തിയ രണ്ട് മുൻമന്ത്രിമാർക്കും ബിജെപി സീറ്റ് നൽകി. ബിജെപിയിലെത്തിയ മുൻ ഡൽഹി കോൺഗ്രസ് അധ്യക്ഷൻ അരവിന്ദ് സിങ് ലവ്‌ലിക്ക് ഗാന്ധി നഗർ സീറ്റാണ് പാർട്ടി നൽകിയിരിക്കുന്നത്. മുൻ എഎപി നേതാവ് കൈലാഷ് ഗെഹ‌്ലോട്ടിന് ബിജ്വാസൻ സീറ്റാണ് ബിജെപി നൽകിയിരിക്കുന്നത്. മുൻ ഡൽഹി ഗതാഗത മന്ത്രിയും, അരവിന്ദ് കെജ്‌രിവാളിൻ്റെ അനുയായിയുമായിരുന്ന കൈലാഷ് ഗെഹ‌്ലോട്ട്, തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് എഎപി വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.


ALSO READ: ഡൽഹി തെരഞ്ഞെടുപ്പ്; മുഖ്യമന്ത്രി അതിഷിക്കെതിരെ കോൺഗ്രസ് ചീട്ടിൽ മത്സരിക്കാൻ അൽക്ക ലാംബ


ബിജെപി തന്നിലർപ്പിച്ച വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പർവേഷ് സിങ് വർമ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിനുശേഷം മാധ്യമങ്ങളെ കണ്ട പർവേഷ് ശർമ, എഎപിക്കെതിരെ വിമർശനവും നടത്തി. ഡൽഹി കോവിഡിനെ അഭിമുഖീകരിക്കുന്ന സമയത്ത്, ജനങ്ങൾക്ക് ഓക്സിജൻ ആവശ്യമായി വന്നപ്പോൾ, അരവിന്ദ് കെജ്‌രിവാൾ ഓരോ കുപ്പിക്കും സൗജന്യ കുപ്പികൾ വിതരണം ചെയ്യുകയായിരുന്നു. യമുന ശുചീകരണം, മലിനീകരണം തടയൽ തുടങ്ങി നിരവധി ജോലികൾ ഡൽഹിയിൽ ചെയ്യാനുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ ഈ ജോലികളെല്ലാം ചെയ്യുമെന്നും പർവേഷ് വർമ ഉറപ്പ് നൽകി.

2024 വരെ ഡൽഹി സൗത്ത് ബിജെപി എംപിയായിരുന്ന രമേഷ് ബിധുരിയാവും മുഖ്യമന്ത്രി അതിഷി മർലേനെക്കെതിരെ കൽക്കാജി മണ്ഡലത്തിൽ നിന്ന് മത്സരിക്കുക. സ്ഥാനാർഥിത്വം ഏൽപ്പിച്ച ബിജെപിക്ക് രമേഷ് ബിധുരി നന്ദി പറഞ്ഞു. കൽക്കാജി നിയമസഭാ സീറ്റ് തിരിച്ചുപിടിക്കാൻ തന്നിൽ വിശ്വാസമർപ്പിച്ച ബിജെപി നേതൃത്വത്തിന് നന്ദി പറയുന്നു. അരവിന്ദ് കെജ്‌രിവാൾ കാരണം ഡൽഹി കഷ്ടപ്പെടുകയാണ്. മുഖ്യമന്ത്രി അതിഷിയുടെ കീഴിൽ കൽക്കാജിയിലെ ജനങ്ങളും എഎപിയുടെ മോശം ഭരണം സഹിക്കുകയായിരുന്നെന്നും ബിധുരി ആരോപിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രമേഷ് ബിധുരിക്ക് ബിജെപി സീറ്റ് നൽകിയിരുന്നില്ല.


ALSO READ: "2,700 കോടി രൂപയുടെ വീടുള്ള, 10 ​​ലക്ഷത്തിൻ്റെ വസ്ത്രം ധരിക്കുന്ന ആൾ, എൻ്റെ വീടിനെക്കുറിച്ച് സംസാരിക്കാൻ യോഗ്യനല്ല"; മോദിക്കെതിരെ കെജ്‌രിവാൾ


എന്നാൽ രമേഷിൻ്റെ സ്ഥാനാർഥിത്വത്തെ പരിഹസിച്ചുകൊണ്ട് അതിഷി മർലേന രംഗത്തെത്തി. 10 വർഷം എംപിയായിരുന്ന രമേഷിൻ്റെ പ്രവർത്തനങ്ങളെ പാർട്ടി വിശ്വസിച്ചിരുന്നില്ല. അതിനാലാണ് ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ടിക്കറ്റ് നൽകാതിരുന്നത്. പാർട്ടിക്ക് വിശ്വാസമില്ലാത്ത രമേഷിനെ കൽക്കാജിയിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കുമെന്നായിരുന്നു അതിഷിയുടെ ചോദ്യം.


ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 2015 മുതൽ രണ്ട് തവണയും വമ്പൻ ഭൂരിപക്ഷം നേടിയാണ് എഎപി അധികാരത്തിലെത്തിയത്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 2014 മുതൽ ഒരു സീറ്റ് പോലും നേടാൻ എഎപിക്ക് സാധിച്ചിട്ടില്ല. ബിജെപിയാവട്ടെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിലും വിജയിച്ചിരുന്നു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബിജെപിയും എഎപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തുടർച്ചയായ 15 വർഷം ഡൽഹിയിൽ അധികാരത്തിലിരുന്ന കോൺഗ്രസിന് കഴിഞ്ഞ രണ്ട് തവണയും ഒരു സീറ്റ് പോലും നേടാൻ കഴിഞ്ഞിരുന്നില്ല.

ഇന്ത്യാ സഖ്യത്തിലെ സഖ്യകക്ഷികളായ കോൺഗ്രസും എഎപിയും ഡൽഹി തെരഞ്ഞെടുപ്പിൽ പരസ്പരം പോരടിക്കുകയാണ്. കഴിഞ്ഞ വർഷം നടന്ന ഹരിയാന തെരഞ്ഞെടുപ്പിലും പാർട്ടികൾ വെവ്വേറെ മത്സരിച്ചിരുന്നു.



KERALA
പി.വി. അൻവർ പുറത്തേക്ക്; ജാമ്യം അനുവദിച്ച് നിലമ്പൂർ കോടതി
Also Read
user
Share This

Popular

TAMIL MOVIE
KERALA
നടൻ വിശാലിന് കയ്യടിച്ച് സോഷ്യൽ മീഡിയ; ക്ഷീണിതനായി കാണപ്പെട്ടതിന് കാരണമിതാണ്!