നിലമ്പൂർ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ അറസ്റ്റിലായ നിലമ്പൂർ എംഎൽഎ പി.വി. അൻവറിന് ജാമ്യം. നിലമ്പൂർ സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിൻ്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. 50,000 രൂപയുടെ രണ്ട് ആൾജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. 35000 രൂപ പൊതുമുതൽ നശിപ്പിച്ചതിന് കെട്ടിവെയ്ക്കണം, എല്ലാ ബുധനാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നീ നിർദേശങ്ങളോടെയാണ് ജാമ്യം. അൻവർ ഉടൻ ജയിൽ മോചിതനായേക്കും.
പൊലീസ് കെട്ടിച്ചമച്ചുണ്ടാക്കിയ കേസിലാണ് ജയിലലടച്ചിരിക്കുന്നത്. നിലമ്പൂരിലെ എംഎൽഎയാണ് താൻ, ഏത് സമയത്ത് പൊലീസ് ആവശ്യപ്പെട്ടാലും സ്റ്റേഷനിൽ എത്താൻ കഴിയുന്നയാളാണെന്നും പി.വി. അൻവറിന് വേണ്ടി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
40 പേർ പ്രതിഷേധത്തിൽ എന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. കണ്ടാലറിയുന്ന 11 പേരാണ് പ്രതികൾ എന്നും റിപ്പോർട്ടിലുണ്ട്. 40 പേരും പ്രതികളായാലെ അൻവറിനെ ഒന്നാം പ്രതിയാക്കാനാകൂവെന്നുമാണ് പ്രതിഭാഗത്തിൻ്റെ വാദം. രാത്രി വീട്ടിൽ എത്തി അറസ്റ്റ് ചെയ്തതിൻ്റെ ഉദ്ദേശ്യം എന്താണ്? അന്വേഷണ ഉദ്യോഗസ്ഥരുമായി എപ്പോഴും സഹകരിക്കും, ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു.
അൻവറിനെതിരായ കേസിലെ റിമാൻഡ് റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. പി.വി. അൻവറിന്റെ പ്രേരണയിലാണ് ആക്രമണം നടന്നത്. 40 പേർ സംഘം ചേർന്നു, അതിൽ കണ്ടാലറിയാവുന്ന പത്ത് പേർ ആക്രമണം നടത്തി. പൊലീസിനെ തള്ളിമാറ്റി നിലത്തിട്ട് ചവിട്ടി. അൻവറിന്റെ സാന്നിധ്യത്തിലും പ്രേരണയിലുമാണ് ആക്രമണം നടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
കരുളായി ഫോറസ്റ്റ് റേഞ്ചിലെ മാഞ്ചീരി വനത്തിൽ ആനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് അൻവറിൻ്റെ ഡിഎംകെ പാർട്ടി ഡിഎഫ്ഒ ഓഫീസ് ഉപരോധിക്കുന്നതിനിടെയാണ് അക്രമസംഭവങ്ങളുണ്ടായത്. അൻവറിൻ്റെ അറസ്റ്റിൽ പ്രതിഷേധിച്ച് DMK യുടെ നേതൃത്വത്തിലും, DFO ഓഫീസ് ഓഫീസ് അടിച്ചു തകർത്ത DMK നിലപടിൽ പ്രതിഷേധിച്ച് NGO യൂണിയനും ഇന്ന് നിലമ്പൂരിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു.