ഞായറാഴ്ച രാത്രി തന്നെ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുളോയാണ് ഈ നീക്കം പൂർത്തിയായതായി എക്സിലൂടെ അറിയിച്ചിരുന്നു
കേരള ബ്ലാസ്റ്റേഴ്സിലെ വിങ്ങറും മുന്നേറ്റനിര താരവുമായ മലയാളി താരം കെ.പി. രാഹുൽ ഒഡിഷ എഫ്‌സിയിലേക്ക് പോയി. താരത്തിൻ്റെ ട്രാൻസ്ഫർ നടപടികളും സൈനിങ്ങും പൂർത്തിയായെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഞായറാഴ്ച രാത്രി തന്നെ പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുളോയാണ് ഈ നീക്കം പൂർത്തിയായതായി എക്സിലൂടെ അറിയിച്ചിരുന്നു. എന്നാൽ തിങ്കളാഴ്ച വൈകിട്ടോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഈ ട്രാൻസ്ഫർ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
അണ്ടർ 17 ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച് ഗോൾ നേടിയ ഏക ഇന്ത്യൻ താരമാണ് കെ.പി. രാഹുൽ. കഴിഞ്ഞ ആറ് സീസണുകളിലായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ വലതു വിങ്ങറാണ് താരം. അതിവേഗമുള്ള നീക്കങ്ങളിലൂടെ എതിരാളികളുടെ പാളയത്തിൽ വിള്ളൽ സൃഷ്ടിക്കാൻ ശേഷിയുള്ള താരമാണ് ഈ തൃശൂരുകാരൻ.
കഴിഞ്ഞ സീസണിലെ മോശം പ്രകടനങ്ങളുടേയും എതിരാളികളെ മുറിവേൽപ്പിക്കുന്ന തരത്തിലുള്ള പരുക്കൻ കളിരീതിയുടേയും പേരിൽ ഏറെ വിമർശിക്കപ്പെട്ടിരുന്നു അദ്ദേഹം. ഇന്ത്യൻ സീനിയർ ടീമിലും നിരവധി മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒഡിഷയുമായി രണ്ടു വർഷത്തെ കരാറിലാണ് രാഹുൽ എത്തിയതെന്നാണ് സൂചന. 24കാരനായ രാഹുൽ പ്രവീൺ കന്നോളി, ബിന്ദു ദമ്പതികളുടെ മകനായി തൃശൂരിൽ 2000 മാർച്ച് 16നാണ് ജനനം.
ഹൈദരാബാദ് എഫ്‌സിക്കെതിരെ 2019 നവംബർ 2ന് ഐഎസ്‌എല്ലിലെ ആദ്യ ഗോൾ രാഹുൽ കെ.പി നേടി. ഇന്ത്യൻ ആരോസിലൂടെയാണ് കൂടുതൽ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019 മാർച്ച് 19ന് ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനായി അദ്ദേഹം കരാർ ഒപ്പിട്ടു. 2019 ഒക്ടോബർ 24ന് മുംബൈ സിറ്റി എഫ്‌സിക്കെതിരെ മത്സരത്തിൻ്റെ 54ാം മിനുട്ടിലാണ് അദ്ദേഹം ബ്ലാസ്റ്റേഴ്സിനായി ആദ്യമായി പന്തു തട്ടാനിറങ്ങിയത്.
ALSO READ: ബ്ലാസ്റ്റേഴ്സിലെ മലയാളി താരം കെ.പി. രാഹുൽ ഒഡിഷ എഫ്‌സിയിലേക്ക്