തന്ത്രിയും ഊരായ്മക്കാരും ചേര്‍ന്നാണ് ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് എംപ്ലോയീസ് യൂണിയന്‍ പറഞ്ഞു.
ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയല്ല അഭിപ്രായം പറയേണ്ടതെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് യൂണിയന്‍. തന്ത്രിയും ഊരായ്മക്കാരും ചേര്‍ന്നാണ് ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളതെന്ന് എംപ്ലോയീസ് യൂണിയന്‍ പറഞ്ഞു.
ആചാരങ്ങളില്‍ മാറ്റം വരുത്തണമെങ്കില്‍ മതപണ്ഡിതരും തന്ത്രി സമൂഹവും ആലോചിച്ചു ചെയ്യുകയാണ് വേണ്ടത്. ദേവസ്വം ബോര്‍ഡ് അത്തരത്തില്‍ തീരുമാനം എടുത്താല്‍ വിശ്വാസികളുടെ ഭാഗത്ത് നിന്ന് എതിര്‍പ്പ് ഉണ്ടാവുമെന്നും എംപ്ലോയീസ് യൂണിയന്‍ പ്രതികരിച്ചു.
92-ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനിടെയാണ് മേല്‍ വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന നിബന്ധന അനാചാരമെന്ന് സച്ചിദാനന്ദ സ്വാമി പറഞ്ഞതിനെ പിന്തുണച്ചു കൊണ്ട് മുഖ്യമന്ത്രി രംഗത്തെത്തിയത്. മേല്‍ വസ്ത്രം അഴിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കണമെന്ന നിബന്ധന അനാചാരമെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞത് പ്രധാനപ്പെട്ട സാമൂഹ്യ ഇടപെടല്‍ ആണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
'ആരാധനാലങ്ങളില്‍ വസ്ത്ര അഴിക്കണമെന്ന നിബന്ധന ഉണ്ട്. കാലാനുസൃതമായ മാറ്റം വേണമെന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. ആരെയും നിര്‍ബന്ധിക്കേണ്ടതില്ല. എന്നാല്‍ നാട്ടിലെ പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നതാണ് വസ്തുത. ശ്രീനാരായണ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചുള്ള സന്ദേശമാണ് സച്ചിദാനന്ദ സ്വാമികള്‍ നല്‍കിയത്. ശ്രീനാരായണീയ ക്ഷേത്രങ്ങളില്‍ മാത്രമല്ല മറ്റ് ക്ഷേത്രങ്ങളിലും കാലാനുസൃതമായ മാറ്റങ്ങള്‍ കൊണ്ടുവരാവുന്നതാണ്,' എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ എന്‍എസ്എസ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു.