തൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യ, അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങൾക്കുനേരെ വരുമെന്നും നടി പോസ്റ്റിൽ വ്യക്തമാക്കി
സമൂഹമാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ അധിക്ഷേപം നടത്തുന്നവർക്കെതിരെ യുദ്ധം പ്രഖ്യാപിച്ച് നടി ഹണി റോസ്. സൈബർ അധിക്ഷേപം നടത്തുന്നവരെ നിയമപരമായ എല്ലാ സാധ്യതയും ഉപയോഗിച്ച് നേരിടുമെന്നും നടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് താൻ പൊതുവേദിയിൽ എത്തിയിട്ടില്ലെന്ന് ഹണി റോസ് കുറിപ്പിൽ പറയുന്നു. ഓരോരുത്തരും അവരവരുടെ ചിന്തകൾ അനുസരിച്ച് നിയമസംഹിതകൾ സൃഷ്ടിക്കുന്നതിൽ താൻ ഉത്തരവാദി അല്ല. അഭിനേത്രി എന്ന നിലയിൽ തന്നെ വിളിക്കുന്ന ചടങ്ങുകൾക്ക് പോകുന്നത് ജോലിയുടെ ഭാഗമാണ്. തന്നെക്കുറിച്ചോ, തൻ്റെ വസ്ത്രധാരണത്തെക്കുറിച്ചോ ക്രിയാത്മകമായോ സർഗാത്മകമായോ വിമർശിക്കുന്നതിലും തമാശയുണ്ടാക്കുന്നതിലും വിരോധമില്ല. പക്ഷെ ഇത്തരം പരാമർശങ്ങൾക്ക്, ആംഗ്യങ്ങൾക്ക് ന്യായമായ നിയന്ത്രണം വരണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് നടി വ്യക്തമാക്കി.
തൻ്റെ നേരെ ഉള്ള വിമർശനങ്ങളിൽ അസഭ്യ, അശ്ലീല പരാമർശങ്ങൾ ഉണ്ടെങ്കിൽ ഭാരതീയ ന്യായ സംഹിത സ്ത്രീക്ക് തരുന്ന എല്ലാ സംരക്ഷണ സാധ്യതകളും പഠിച്ച് നിങ്ങൾക്കുനേരെ വരുമെന്നും നടി പോസ്റ്റിൽ വ്യക്തമാക്കി. ഇതേ അവസ്ഥയിൽ കടന്നു പോകുന്ന എല്ലാ സ്ത്രീകൾക്കും വേണ്ടി ഹണി റോസ് എന്ന ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നുവെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
ALSO READ: "അധിക്ഷേപത്തെ അപലപിക്കുന്നു, ആവശ്യമെങ്കിൽ നിയമസഹായം നൽകും"; ഹണി റോസിന് പൂർണപിന്തുണയുമായി A.M.M.A
ഒരു വ്യക്തി ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് അപമാനിക്കുന്നുവെന്ന് കാട്ടി ഹണി റോസ് കഴിഞ്ഞ ദിവസം സമൂഹമാധ്യത്തിൽ കുറിപ്പിട്ടിരുന്നു. ഈ പരസ്യപ്രതികരണത്തിന് താഴെയും നടിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപമുണ്ടായി. പിന്നാലെയാണ് ഇത്തരക്കാർക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നുവെന്നുവെന്ന് മുന്നറിയിപ്പ് നൽകി നടി സമൂഹമാധ്യമത്തിൽ വീണ്ടും കുറിപ്പിട്ടത്. ലൈംഗികാധിക്ഷേപ കമൻ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് ഹണി റോസ് ഇന്നലെ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മുപ്പത് പേർക്കെതിരെ കേസെടുത്ത പൊലീസ് ഇന്ന് രാവിലെ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കുമ്പളം സ്വദേശി ഷാജിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. അധിക്ഷേപം നടത്തിയ അക്കൗണ്ടുകളിൽ ചിലത് വ്യാജമാണ്. ഇതിൻ്റെ ഉടമകളെ കണ്ടെത്താൻ സൈബർ പൊലീസിൻ്റെ സഹായം തേടിയിട്ടുണ്ട്.
അഭിഭാഷകരുടെ നിർദേശമുള്ളതിനാലാണ് ദ്വയാര്‍ഥ പ്രയോഗം നടത്തി പിന്നാലെ നടന്ന് ഉപദ്രവിക്കുന്ന വ്യക്തിയുടെ പേര് വെളിപ്പെടുത്താത്തതെന്ന് ഹണി റോസ് പറഞ്ഞു.. ഇനിയും ഉപദ്രവം തുടർന്നാൽ ഉറപ്പായും പരാതി നൽകുമെന്നും ഹണി ന്യൂസ് മലയാളത്തോട് പ്രതികരിച്ചു.
ഹണി റോസിന് പൂർണപിന്തുണയുമായി താരസംഘടനയായ A.M.M.Aയും രംഗത്തെത്തി.. നടിക്കെതിരായ അധിക്ഷേപത്തെ അപലപിക്കുന്നതായും ആവശ്യമെങ്കിൽ നിയമസഹായം നൽകുമെന്നും A.M.M.Aയുടെ അഡ്ഹോക്ക് കമ്മിറ്റി വാർത്ത കുറുപ്പിൽ വ്യക്തമാക്കി.