127 വർഷം പഴക്കമുള്ള ഭരണഘടനാ ഭേദഗതി നിയമപ്രകാരം രാജ്യത്ത് ജനിക്കുന്നവർക്കെല്ലാം ആ രാജ്യത്തെ പൗരത്വം ലഭിക്കുമായിരുന്നു. എന്നാൽ ഈ നിയമം പിൻവലിക്കുമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകിയത്
അമേരിക്കയിൽ ജന്മാവകാശ പൗരത്വം റദ്ദാക്കാനുള്ള യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ തീരുമാനത്തിന് പിന്നാലെ രാജ്യത്ത് കടുത്ത അരക്ഷിതാവസ്ഥയിലാണ് ഇന്ത്യക്കാർ. 127 വർഷം പഴക്കമുള്ള ഭരണഘടനാ ഭേദഗതി നിയമപ്രകാരം രാജ്യത്ത് ജനിക്കുന്നവർക്കെല്ലാം ആ രാജ്യത്തെ പൗരത്വം ലഭിക്കുമായിരുന്നു. എന്നാൽ ഈ നിയമം പിൻവലിക്കുമെന്നാണ് ട്രംപ് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ ജനതയ്ക്ക് ഉറപ്പ് നൽകിയത്.
നിയമ പരിഷ്കരണത്തിന് ഫെബ്രുവരി 20 എന്ന സമയപരിധി ട്രംപ് മുന്നോട്ടുവെച്ചിരുന്നു. കുറഞ്ഞത് ഒരു രക്ഷകർത്താവ് ഇതിനകം പൗരനോ ഗ്രീൻ കാർഡ് ഉടമയോ ആണെങ്കിൽ മാത്രമേ അവർ പൗരന്മാരാകൂ. ഇല്ലെങ്കിൽ മക്കൾ 21 വയസ്സ് തികയുമ്പോൾ രാജ്യം വിട്ട് പുറത്തുപോകേണ്ടി വരും. ട്രംപിൻ്റെ ഉത്തരവിനെതിരെ അമേരിക്കൻ സംസ്ഥാനങ്ങൾ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെങ്കിലും അതിന് മുന്നോടിയായി സിസേറിയനിലൂടെ പ്രസവിക്കാൻ തിരക്ക് കൂട്ടുകയാണ് ഗർഭിണികളായ ഇന്ത്യൻ വനിതകൾ. അമേരിക്കൻ മാധ്യമങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഈ ട്രെൻഡ് റിപ്പോർട്ട് ചെയ്തത്.
മാസം തികയുന്നതിന് മുന്‍പേ സിസേറിയനിലൂടെ പ്രസവിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യക്കാരായ നിരവധി പേര്‍ തന്നെ സമീപിച്ചുവെന്ന് ന്യൂ ജേഴ്‌സിയിലെ മെറ്റേണിറ്റി ക്ലിനിക്കിൽ പ്രവർത്തിക്കുന്ന ഡോ. എസ്.ഡി. രാമ യുഎസ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാർച്ചിൽ ഡെലിവറി ഡേറ്റ് പറഞ്ഞിരുന്ന യുവതി ഭർത്താവിനൊപ്പം തന്നെ കാണാനെത്തിയെന്നും, പരമാവധി നേരത്തെ ഡെലിവറി നടത്തണമെന്നും അഭ്യർഥിച്ചെന്നും ഡോക്ടർ വെളിപ്പെടുത്തി.
ALSO READ: പ്രസിഡൻ്റായി ചുമതലയേറ്റതോടെ കടുത്ത തീരുമാനങ്ങളുമായി ട്രംപ്; ആശങ്കയോടെ ഇന്ത്യൻ സമൂഹവും
ഇതേ ആവശ്യവുമായി നിരവധി ഇന്ത്യക്കാർ തന്നേയും സമീപിച്ചെന്ന് ടെക്സസിലെ ആശുപത്രിയിലെ ഡോക്ടറായ എസ്.ജി. മുക്കാളയും മാധ്യമങ്ങളോട് വെളിപ്പെടുത്തി. മാസം തികയാതെയുള്ള ജനനത്തിൻ്റെ അപകടങ്ങളെക്കുറിച്ച് ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്. വളർച്ചയെത്താത്ത അവയവങ്ങൾ, ഭാരക്കുറവ്, നാഡീസംബന്ധമായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ എന്നിവയും കുഞ്ഞുങ്ങളെ കാത്തിരിക്കുന്നതായി ഡോക്ടർ മുക്കാള പറയുന്നു.
എച്ച്‌വൺ ബി, എൽ വൺ താൽക്കാലിക വിസകളിൽ യുഎസിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങളാണ് ഇതിലൂടെ ദുരിതത്തിലേക്ക് നീങ്ങുന്നത്. ഏകദേശം 13-14 ദശലക്ഷം കുടിയേറ്റക്കാർ യുഎസിൽ അനധികൃതമായി താമസിക്കുന്നുണ്ട്. അവരുടെ കുട്ടികൾ ആ രാജ്യത്ത് ജനിച്ചാൽ അവരെ അമേരിക്കൻ പൗരന്മാരായി കണക്കാക്കുന്നു. യുഎസിൽ ജനിച്ച ഏതൊരാൾക്കും അമേരിക്കൻ പൗരത്വം ലഭിക്കുന്നത് ഭരണഘടനയുടെ പതിനാലാം ഭേദഗതി പ്രകാരമാണ്.
ട്രംപിൻ്റെ ഉത്തരവ് പ്രകാരം നിയമവിരുദ്ധമായും താൽക്കാലിക തൊഴിൽ വിസ, വിദ്യാർഥി-ടൂറിസ്റ്റ് വിസകൾ എന്നിവയിൽ അമേരിക്കയിൽ എത്തിയവർ ജന്മം നൽകുന്ന കുഞ്ഞുങ്ങൾക്ക് ഇനി മുതൽ അവിടെ പൗരത്വം ലഭിക്കില്ല. മാതാപിതാക്കളില്‍ ഒരാള്‍ക്ക് യു.എസ് പൗരത്വമോ ഗ്രീന്‍ കാര്‍ഡോ ഉണ്ടാകണം, അല്ലെങ്കില്‍ യു.എസ് സൈന്യത്തില്‍ അംഗമായിരിക്കണം തുടങ്ങിയ നിബന്ധനകളാണ് ജന്മാവകാശ പൗരത്വത്തിന് ട്രംപ് വെക്കുന്നത്. ട്രംപിന്റെ തീരുമാനത്തിനെതിരേ ഇന്ത്യൻ സമൂഹം വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നിലവിൽ ഒരു ദശലക്ഷം ഇന്ത്യക്കാർ ഗ്രീൻ കാർഡിനായി കാത്തിരിപ്പ് തുടരുകയാണ്. തൊഴിൽ വിസയിൽ യു.എസിൽ താമസിക്കുന്ന ഇന്ത്യക്കാരുടെ മക്കളെയാണ് പുതിയ നിയമം ദോഷകരമായി ബാധിക്കുക.
ALSO READ: ട്രംപിന്റെ നുണകള്‍ ഏല്‍ക്കില്ല; ഈ മാപ്പ് നല്‍കല്‍ അമേരിക്കന്‍ ജനതയോടുള്ള അനീതിയാണ്