പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം ശരിവെച്ച് സിഎജി റിപ്പോര്‍ട്ട്. പിപിഇ കിറ്റ് ക്രമക്കേടില്‍ സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയത്. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും ഇന്ന് നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ALSO READ: നിറത്തിൻ്റെ പേരിൽ അവഹേളിച്ചതിന് നവവധു ജീവനൊടുക്കിയ സംഭവം; ഭർത്താവ് റിമാൻഡിൽ
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് മറ്റൊരു കമ്പനിയില്‍ നിന്ന് അതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിച്ചത്. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും പിപിഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
കോവിഡ് കാല അഴിമതി സംബന്ധിച്ച സി.എ.ജി റിപ്പോര്‍ട്ട് പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സർക്കാരും ആരോഗ്യമന്ത്രിയായിരുന്ന കെ.കെ. ശൈലജയും കെട്ടിപ്പൊക്കിയ പി.ആര്‍ ഇമേജാണ് തകര്‍ന്നു വീണത്. മുഖ്യമന്ത്രിയുടെയും കെ.കെ. ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പൊതുജനാരോഗ്യ മേഖലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ കുറവ് ചികിത്സ ഗുണനിലവാരത്തെ ബാധിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ അവശ്യ സേവനങ്ങള്‍ പോലും പല ആശുപത്രികളിലും ലഭിക്കുന്നില്ല. മരുന്നുകളുടെ ഗുണമേന്മ ഉറപ്പാക്കാനും നടപടി ഉണ്ടായില്ല. മരുന്നുകള്‍ ആവശ്യത്തിന് എത്തിക്കുന്നതില്‍ കെഎംഎസ് സിഎല്ലിന് വീഴ്ചയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.