ഋതു കൊലപാതകം നടത്താൻ ഉറപ്പിച്ചാണ് എത്തിയതെന്നും കൂട്ടക്കുരുതിയിലേക്ക് നയിച്ചത് കടുത്ത വൈരാഗ്യമാണെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്
എറണാകുളം ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ തെളിവെടുപ്പ് ഇന്ന്. പ്രതി ഋതുവിനെ കൃത്യം നടത്തിയ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഋതു കൊലപാതകം നടത്താൻ ഉറപ്പിച്ചാണ് എത്തിയതെന്നും കൂട്ടക്കുരുതിയിലേക്ക് നയിച്ചത് കടുത്ത വൈരാഗ്യമാണെന്നുമാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
വിചാരണ വേളയിൽ പ്രതി കടന്നു കളയുമെന്ന് സംശയിക്കുന്നതായും, പുറത്തിറങ്ങിയാൽ കേസ് ദുർബലപ്പെടുമെന്നുമാണ് ഋതുവിന്റെ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നത്. മരണമുറപ്പിക്കാൻ പ്രതി ഋതു മൂന്നുപേരുടെയും തലയിൽ നിരവധി തവണ കമ്പി വടി കൊണ്ടടിച്ചു. മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് അടിച്ചും കത്തി കൊണ്ടു കുത്തിയുമാണ് കൊലപാതകങ്ങൾ നടത്തിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അതേസമയം, ഋതുവിൻ്റെ ആക്രമണത്തില്‍ പരിക്കേറ്റ ജിതിന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുകയാണ്. ജിതിന്റെ മൊഴിയെടുത്ത് വളരെ പെട്ടെന്ന് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് പൊലീസിന്റെ തീരുമാനം. ആക്രമണം നടക്കുമ്പോള്‍ പ്രതി ലഹരി വസ്തു ഉപയോഗിച്ചിട്ടില്ലെന്നും മാനസിക വൈകല്യമുള്ള ആളല്ലെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.
പെരേപ്പാടം കാട്ടുപറമ്പിൽ വേണു, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരെ അയൽവാസിയായ ഋതു ഇരുമ്പുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട വിനീഷയുടെ ഭർത്താവ് ജിതിൻ തന്റെ സഹോദരിയെപ്പറ്റി മോശമായി സംസാരിച്ചതാണ് ആക്രമിക്കാൻ കാരണമെന്നാണ് പ്രതി പറയുന്നത്. ജിതിനെ ആക്രമിക്കാനാണ് എത്തിയതെന്നും തടുക്കാൻ ശ്രമിച്ചവരെ പിന്നീട് ആക്രമിക്കുകയായിരുന്നു എന്നാണ് ഋതുവിന്റെ മൊഴി. പന്ത്രണ്ടും ആറും വയസ് മാത്രം പ്രായമുള്ള ആരാധ്യയുടെയും അവനിയുടേയും മുന്നിലിട്ടാണ് അമ്മയെയും മുത്തച്ഛനെയും മുത്തശ്ശിയെയും ക്രൂരമായി പ്രതി കൊലപ്പെടുത്തിയത്.