ചന്ദ്രാസ് എന്ന സമുദായത്തിൽപ്പെട്ട 16കാരിയോട് സംസാരിച്ചതിനാണ് 21 കാരനായ രാഹുൽ അഞ്ചലിനെ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി മർദിച്ചത്
ഛത്തീസ്‌ഗഢിൽ ദളിത് യുവാവിന് ക്രൂരമർദനം. ദേവഗാവ് നിവാസിയായ രാഹുൽ അഞ്ചൽ എന്ന യുവാവിനാണ് മർദനം ഏൽക്കേണ്ടി വന്നത്. നഗ്നനാക്കി മരത്തിൽ കെട്ടിയിട്ടായിരുന്നു മർദനം. മറ്റൊരു സമുദായത്തിൽപ്പെട്ട 16 കാരിയോട് സംസാരിച്ചതാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോർട്ട്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുത്തു.
കഴിഞ്ഞ ഏപ്രിൽ 9 നായിരുന്നു സംഭവം. ചന്ദ്രാസ് എന്ന സമുദായത്തിൽപ്പെട്ട 16കാരിയോട് സംസാരിച്ചതിനാണ് 21 കാരനായ രാഹുൽ അഞ്ചലിനെ പെൺകുട്ടിയുടെ വീട്ടുകാർ ക്രൂരമായി മർദിച്ചത്. നഗ്നനാക്കി മരത്തിൽ കെട്ടിയിട്ട് അടിച്ചതിന് പുറമെ കെട്ടഴിച്ച് ഇരുത്തിയതിന് ശേഷവും മർദനം തുടർന്നു. ചെരിപ്പുകൾ, ഇലക്ട്രിക് വയറുകൾ, പ്ലാസ്റ്റിക് പൈപ്പുകൾ എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. രാത്രി മുഴുവൻ രാഹുലിനെ മർദിച്ചെന്നും കുടിവെള്ളം ആവശ്യപ്പെട്ടിട്ട് കൊടുത്തില്ലെന്നും ആരോപണമുണ്ട്.
മർദനത്തെത്തുടർന്ന് ഗുരുതരാവസ്ഥയിലായ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാഹുലിൻ്റെ വീട്ടുകാർ പരാതിപ്പെടാത്തതിനാൽ പൊലീസ് കേസെടുത്തില്ല. തുടർന്ന് സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.