fbwpx
"തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ച ചരിത്രകാരന്‍"; എം.ജി.എസ്. നാരായണന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി
logo

ന്യൂസ് ഡെസ്ക്

Posted : 26 Apr, 2025 12:44 PM

1990 മുതൽ 92വരെ ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറിയായിരുന്നു എം.ജി.എസ്. നാരായണൻ

KERALA


പ്രമുഖ ചരിത്രകാരനും ദേശീയ ചരിത്ര ഗവേഷേണ കൗൺസിൽ ചെയർമാനുമായിരുന്ന ഡോ. എം.ജി.എസ്‌ നാരായണന്റെ വിയോ​ഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം.ജി.എസ് നാരായണനെ വേറിട്ടു നിർത്തുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമം അപഗ്രഥിച്ച് ചരിത്രത്തിൻ്റെ ഭാഗമാക്കാനാണ് എംജിഎസ് ശ്രമിച്ചതെന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ പറഞ്ഞു. 


കോഴിക്കോട് മലാപ്പറമ്പിലെ വീട്ടില്‍ വെച്ചായിരുന്നു ഡോ. എം.ജി.എസ്‌. നാരായണന്റെ (മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ 92) അന്ത്യം. അസുഖബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകുന്നേരം 4 മണിക്ക് മാവൂർ റോഡ് സ്മൃതി പഥത്തിലാണ് സംസ്കാരം. ഇന്ത്യന്‍ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങള്‍, പെരുമാള്‍സ് ഓഫ് കേരള, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും എന്നിവാണ് പ്രധാന കൃതികള്‍.


Also Read: ചരിത്രകാരന്‍ പ്രൊഫ. എംജിഎസ് നാരായണന്‍ അന്തരിച്ചു


1968ൽ കാലിക്കറ്റ്‌ സർവകലാശാലയുടെ തുടക്കം മുതൽ ചരിത്ര വിഭാഗം അധ്യാപകനായിരുന്നു. പിന്നീട്‌ വകുപ്പു തലവനായും പ്രവർത്തിച്ചു. 1990 മുതൽ 92വരെ ഇന്ത്യൻ കൗൺസിൽ ഓഫ്‌ ഹിസ്‌റ്റോറിക്കൽ റിസർച്ചിന്റെ മെമ്പർ സെക്രട്ടറിയായിരുന്നു.


മുഖ്യമന്ത്രിയുടെ അനുശോചനക്കുറിപ്പ്:


ചരിത്ര പ്രമാണങ്ങളെ തേടിപ്പിടിച്ച് അവയെ സമഗ്രമായി അപഗ്രഥിച്ച് ശാസ്ത്രീയവും സത്യസന്ധവുമായി വ്യാഖ്യാനിക്കുന്ന ആഖ്യാന രീതിയാണ് എം ജി എസ് നാരായണനെ വേറിട്ടു നിർത്തുന്നത്. ഇന്ത്യൻ ചരിത്ര ഗവേഷണത്തിന് അമൂല്യ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.

ഭരണാധികാരികളും ഭാഷാപണ്ഡിതന്മാരും മറ്റും നടത്തിവന്ന ചരിത്രരചനയിൽ നിന്ന് തീർത്തും വ്യത്യസ്തമായ പാതയാണ് എംജിഎസ് വെട്ടിത്തുറന്നത്. ആ വഴിയിലൂടെയാണ് പിൽക്കാലത്ത് പ്രമുഖ ചരിത്രകാരന്മാർ പലരും സഞ്ചരിച്ചത്. ഐതിഹ്യങ്ങളെ അപ്പാടെ തള്ളിക്കളയാനല്ല, അവ നിർവഹിക്കുന്ന സാമൂഹിക ധർമ്മം അപഗ്രഥിച്ച് ചരിത്രത്തിൻ്റെ ഭാഗമാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചരിത്രത്തെയും ചരിത്രരചനയെയും ഒരു വിജ്ഞാന രൂപമായി വാർത്തെടുക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹം വീണ്ടും പഠിക്കപ്പെടാനും അപഗ്രഥിക്കപ്പെടാനുമുള്ള രചനകളാണ് സമൂഹത്തിന് സംഭാവന ചെയ്തത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കലിക്കറ്റ് സർവകലാശാലയുടെ ചരിത്രവിഭാഗം ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഉയർന്നിരുന്നു.

ഒരു ഘട്ടത്തിൽ അദ്ദേഹം ഇടതുപക്ഷത്തോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുകയും നിശിതമായ വിമർശനമുയർത്തുകയും ചെയ്തിരുന്നു. എന്നാൽ അതിനുശേഷം ചരിത്രരചനയെ സങ്കുചിത താല്പര്യങ്ങൾക്ക് അടിപ്പെടുത്താനുള്ള വലതുപക്ഷ സമ്മർദ്ദത്തെ ശക്തമായി ചെറുത്തു കൊണ്ട് അദ്ദേഹം നിലപാട് സ്വീകരിച്ചു. തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ പ്രതികരിച്ചു. രാജ്യത്ത് സംഘപരിവാർ ഭരണത്തിൽ വർദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കെതിരെ 2015 ൽ ശക്തമായ ഭാഷയിലാണ് അദ്ദേഹം മറ്റു ചരിത്രകാരന്മാർക്കൊപ്പം പ്രതിഷേധിച്ചത്. നോട്ടു നിരോധനത്തെ വിമർശിച്ചതിന് എംടി വാസുദേവൻ നായർക്കെതിരെ വിദ്വേഷ പ്രചാരണം നടന്നപ്പോൾ മതനിരപേക്ഷ കേരളത്തിന്റെ ശബ്ദമായി അദ്ദേഹം എംടിക്ക് ഉറച്ച പിന്തുണ നൽകി.

ചരിത്രത്തെ സങ്കുചിത താല്പര്യങ്ങൾക്കായി ദുർവ്യാഖ്യാനിക്കാനും തിരുത്തിയെഴുതാനും സംഘടിത ശ്രമം നടക്കുന്ന ഇക്കാലത്ത് എംജിഎസിന്റെ വിടവാങ്ങൽ വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

KERALA
പാക് പൗരത്വമുള്ളവർ രാജ്യം വിടണമെന്ന നിർദേശം; കൊയിലാണ്ടി സ്വദേശി ഹംസയ്ക്ക് നൽകിയ നോട്ടീസ് പിൻവലിച്ച് പൊലീസ്
Also Read
user
Share This

Popular

NATIONAL
KERALA
പഹൽഗാം ഭീകരാക്രമണം: അന്വേഷണം NIAക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം