മറ്റ് പല സംസ്ഥാനങ്ങൾക്കും ആവശ്യപ്പെടാതെ തന്നെ കേന്ദ്ര സർക്കാർ സഹായം നൽകി
വയനാട് ചൂരൽമല ദുരന്തത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടുന്ന ഖേദകരമായ നിലപാടാണ് കേന്ദ്രത്തിൻ്റേതെന്ന് മുഖ്യമന്ത്രി വിമർശിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 1,202 കോടി രൂപയാണ് പ്രാഥമികമായി ആവശ്യപ്പെട്ടത്. മറ്റ് പല സംസ്ഥാനങ്ങൾക്കും ആവശ്യപ്പെടാതെ തന്നെ കേന്ദ്ര സർക്കാർ സഹായം നൽകി. എന്നാൽ പ്രധാനമന്ത്രിക്കും കേന്ദ്രസംഘത്തിന് മുന്നിലും സഹായം അഭ്യർഥിച്ചിട്ടും ഒരു രൂപ പോലും സംസ്ഥാനത്തിന് അനുവദിച്ചില്ല. കേരളത്തിന്റെ മൂന്ന് പ്രധാന ആവശ്യങ്ങളിൽ ഒന്നു പോലും കേന്ദ്രം പരിഗണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
വയനാട് ദുരന്തത്തെ തീവ്ര സ്വഭാവമുള്ള വിഷയമായി കേന്ദ്ര സർക്കാർ പരിഗണിച്ചിട്ടില്ല. പ്രധാനമന്ത്രി വന്നു പോയിട്ട് 100 ദിവസം കഴിഞ്ഞു. ഇതുവരെ ഒരു സഹായവും ഉണ്ടായില്ല. ഇത് ദുരന്തമേഖലയിലെ ജനങ്ങളെ ദ്രോഹിക്കുന്ന സമീപനമാണ്. ദുരന്തബാധിതരെ അവഗണിക്കുന്നതാണ് കേന്ദ്രനിലപാടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പക പോക്കൽ നയമാണ് കേന്ദ്രത്തിന്റേത്. കേരളം ഇന്ത്യയിലല്ലേ എന്നും മുഖ്യമന്ത്രി ചോദിച്ചു. ദുരിതബാധിതരുടെ എല്ലാ കടങ്ങളും എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സഹായങ്ങൾക്കാവശ്യമായ തുകയ്ക്കുള്ള കണക്ക് കൃത്യമായ ഫോർമാറ്റിൽ നൽകാൻ സർക്കാർ തയ്യാറാണ്. ആ കണക്ക് ഇല്ലാത്തതല്ല. കൃത്യമായ ഫോർമാറ്റിൽ കണക്ക് നൽകാൻ സമയം വേണം. ഇക്കാര്യം നേരത്തെ ഹൈക്കോടതിയെ അറിയിച്ചതുമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പാർലമെൻ്റിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവന വസ്തുതാ വിരുദ്ധമാണ്. ഇല്ലാത്ത കാലാവസ്ഥാ മുന്നറിയിപ്പ് കേരളത്തിന് കൊടുത്തിട്ടും വേണ്ട നടപടിയെടുത്തില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര ആഭ്യന്തര മന്ത്രി ആദ്യമായല്ല ഇത്തരം നിലപാട് എടുക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.