ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും ശാരദ മുരളീധരൻ്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്
ശരീര നിറവുമായി ബന്ധപ്പെട്ട് അപമാനം നേരിട്ടതിനെ കുറിച്ച് ഫെയ്‌സ്ബുക്കില്‍ തുറന്നെഴുതി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും ശാരദ മുരളീധരൻ്റെയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് ചീഫ് സെക്രട്ടറിയുടെ കുറിപ്പ്. കറുപ്പുനിറത്തെ സ്വന്തം എന്ന നിലയിൽ ചേർത്ത് പിടിക്കുന്നു എന്നു പറഞ്ഞ് ആരംഭിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് നിറം മുതൽ പ്രവർത്തനത്തിൽ വരെ ഒരു സ്ത്രീ നേരിടുന്ന വിമർശനങ്ങളെയും താരതമ്യപ്പെടുത്തലിനെയും കുറിച്ച് പറയുന്നത്.
ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ ഡോ. വി വേണുവിൻ്റെയും തന്റെയും നിറത്തെ പരാമർശിച്ച് സുഹൃത്ത് നടത്തിയ അഭിപ്രായപ്രകടനമാണ് ശരദയെ തുറന്നെഴുത്തിന് പ്രേരിപ്പിച്ചത്. ശാരദയുടെ പ്രവർത്തനം കറുപ്പും വി വേണുവിന്റെ പ്രവർത്തനം വെളുപ്പുമെന്നായിരുന്നു പരാമർശം. എന്റെ കറുപ്പ് എനിക്ക് സ്വീകാര്യമാണ് എന്ന തലക്കെട്ടോടെ പരാമർശം നടത്തിയ ആളുടെ പേര് സൂചിപ്പിക്കാതെ ചെറിയൊരു കുറിപ്പായിരുന്നു ആദ്യം പങ്കുവെച്ചത്. എന്നാല്‍ വിവാദങ്ങൾക്ക് വഴിവെക്കാതിരിക്കാൻ മണിക്കൂറുകള്‍ക്കുള്ളില്‍ അത് നീക്കം ചെയ്തു.
പക്ഷെ നിലപാട് ഉറക്കെ പറയേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് സുഹൃത്തുക്കളിൽ നിന്ന് ആവശ്യം ഉയർന്നതോടെ പിന്നീട് വിശദമായ കുറിപ്പെഴുതി. കഴിഞ്ഞ 7 മാസമായി പങ്കാളിയും മുൻ ചീഫ് സെക്രട്ടറിയുമായുള്ള താരതമ്യം അനുഭവിക്കുകയാണ് എന്നാണ് സെക്രട്ടറി കുറിക്കുന്നത്. കേട്ട് ശീലമായതിനാൽ ഇപ്പോൾ പ്രത്യേകിച്ചൊന്നും തോന്നാറില്ലെന്നും പറയുന്നു. കറുപ്പിനോട് ഇത്ര നിന്ദ എന്തിനാണെന്ന് ചോദിക്കുകയാണ് ശാരദ മുരളീധരൻ.
ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. അമ്മയുടെ ഗർഭപാത്രത്തിലേക്ക് തന്നെ തിരിച്ചെടുത്ത് വെളുത്തനിറമുള്ള 'സുന്ദരി'കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ച ബാല്യമുണ്ടായിരുന്നു തനിക്കെന്ന് കുറിപ്പിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് ചീഫ് സെക്രട്ടറി. വർണവിവേചനത്തിന്റെ മൂർച്ഛയും വേദനയും ഒരു കറുത്ത കുട്ടിയെ എങ്ങനെ ബാധിക്കുന്നുവെന്നതിന് തെളിവ് തന്നെയാണ് ഇത്. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും ചീഫ് സെക്രട്ടറി പോസ്റ്റിൽ പറയുന്നുണ്ട്.
കറുപ്പിൽ ഞാൻ കണ്ടെത്താത്ത സൗന്ദര്യം എന്റെ മക്കളാണ് കണ്ടെത്തിയതെന്നും കറുപ്പ് ഭംഗിയാണെന്ന് മനസ്സിലാക്കിത്തന്നത് മക്കളാണെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കറുപ്പ് മനോഹരമാണെന്ന് ഞാൻ മനസ്സിലാക്കുന്നു ശാരദാ മുരളീധരൻ കുറിച്ചു. പോസ്റ്റിന് കീഴിൽ പിന്തുണയുമായി നീരവധി പേരാണ് എത്തിയിരിക്കുന്നത്.
സല്യൂട്ട് ശാരദ മുരളീധരൻ എന്ന് കുറിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. ശാരദ മുരളീധരൻ്റെ കുറിപ്പിലെ ഓരോ വാക്കും ഹൃദയസ്പർശിയെന്നും കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നെന്നും പ്രതിപക്ഷ നേതാവിൻ്റെ പോസ്റ്റിൽ പറയുന്നു.
ചീഫ് സെക്രട്ടറി പദവിയിലേക്ക് എത്തുന്ന അഞ്ചാമത്തെ വനിതയാണ് 59 കാരി ശാരദ മുരളീധരൻ. വി വേണുവും ശാരദാ മുരളീധരനും ഒരേ ബാച്ചിലെ ഐഎസുകാരാണ്. ജീവിതപങ്കാളിയെക്കാൾ എട്ടുമാസം അധിക സർവീസ് ശാരദയ്ക്കുണ്ട്. 2025 ഏപ്രില്‍ വരെയാണ് ശാരദ മുരളീധരന്റെ ചീഫ് സെക്രട്ടറി കാലാവധി. 1990 -ല്‍ പാലക്കാട് അസിസ്‌റ്റന്‍റ് കലക്‌ടറായാണ് ശാരദ മുരളീധരൻ സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്. തിരുവനന്തപുരം ജില്ലാ കലക്‌ടര്‍, കുടുംബശ്രീ മിഷന്‍ ഡയറക്‌ടര്‍, തദ്ദേശ ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം സെക്രട്ടറി, നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി ഡയറക്‌ടര്‍ ജനറല്‍ തുടങ്ങിയ സുപ്രധാന പദവികളും അവർ വഹിച്ചിട്ടുണ്ട്.
സാധാരണക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടുന്ന രീതി ചീഫ് സെക്രട്ടറിയുടെ ഓഫീസ് തുടരുമെന്നായിരുന്നു ആദ്യ ഘട്ടത്തിൽ തന്നെ ശാരദ മുരളീധരന്‍ നിലപാട് . കഴിഞ്ഞ ദിവസം ഒളകര ആദിവാസി ഉന്നതിയിലെ 44 കുടുംബങ്ങൾ സ്വന്തം ഭൂമിക്ക് അവകാശികളാകുന്ന ചടങ്ങിൽ ആ നിലപാടിൽ അടിയുറച്ച് അത്യാഹ്ളാദത്തോടെ ചിരിക്കുന്ന ശാരദ മുരളീധരനെ നമ്മൾ കണ്ടിരുന്നു.