fbwpx
'ആകാശം ഒന്നും ഇടിഞ്ഞു വീഴില്ല'; ട്രംപിന്റെ തിരിച്ചടി താരിഫുകള്‍ക്കിടയിലും അടിപതറാതെ ചൈനീസ് ഓഹരി വിപണി
logo

ന്യൂസ് ഡെസ്ക്

Posted : 14 Apr, 2025 05:12 PM

യുഎസിനെ ചൈനയെ പോലുള്ള ശത്രു രാജ്യങ്ങളുടെ 'ബന്ദിയാക്കാന്‍' അനുവദിക്കില്ലെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു

WORLD


യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്റെ തിരിച്ചടി താരിഫ് പ്രഖ്യാപനങ്ങളില്‍ തങ്ങളുടെ കയറ്റുമതിക്ക് സംഭവിച്ചേക്കാവുന്ന നാശനഷ്ടങ്ങളുടെ സാധ്യത കുറച്ചുകാണിച്ച് ചൈന. തിങ്കളാഴ്ച ഓഹരി വിപണിയില്‍ ഉയർച്ച രേഖപ്പെടുത്തിയതിനു പിന്നാലെ 'ആകാശം ഇടിഞ്ഞുവീഴില്ല' എന്നായിരുന്നു ഒരു ഉദ്യോഗസ്ഥന്‍റെ പ്രതികരണം. ഇലക്ട്രോണിക്സ് ഉപകരണങ്ങളെ തിരിച്ചടി താരിഫില്‍ നിന്ന് ഒഴിവാക്കിയ നടപടി ഹ്രസ്വകാലത്തേക്ക് മാത്രമാണെന്ന് ട്രംപ് അറിയിച്ചതിനു പുറകെയായിരുന്നു ചൈനയുടെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പ്രതികരണമുണ്ടായത്.



ചൈനയുടെ സെൻട്രൽ എസ്‌എസ്‌ഇ കോമ്പോസിറ്റ് സൂചിക ഈ വർഷം 3.50 ശതമാനത്തിലധികം സ്ഥിര വളർച്ചയാണ് രേഖപ്പെടുത്തിയത്. ചൈനീസ് ഓഹരി വിപണിയുടെ എസ്‌ഇസഡ്‌എസ്‌ഇ കമ്പോണന്റ് സൂചിക ഏകദേശം ഒന്‍‌പത് ശതമാനം വൈടിഡി റിട്ടേണുകൾ രേഖപ്പെടുത്തിയപ്പോൾ, സി‌എസ്‌ഐ 300 സൂചിക നാല് ശതമാനത്തിലധികം ഉയർന്നു. ട്രംപിന്‍റെ പ്രഭാവം ചൈനീസ് മാർക്കറ്റിനെ ബാധിക്കുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയിലേക്കുള്ള പോർട്ട്‌ഫോളിയോകളുടെ ഒഴുക്കാണ് ഇതിന് ഒരു പ്രധാന കാരണം. രാജ്യത്തെ പ്രമുഖ ബിസിനസുകാരുമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുക വഴി വിപണിയെ വീണ്ടെടുക്കാനുള്ള ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങിന്‍റെ ശ്രമങ്ങളും വളർച്ചയ്ക്ക് കാരണമായിട്ടുണ്ട്. പ്രസിഡന്‍റിന്‍റെ ഈ നടപടിയോട് ചൈനീസ് ഓഹരി വിപണി ക്രിയാത്മകമായാണ് പ്രതികരിച്ചത്.

Also Read: 'ഈ ചൂണ്ടക്കൊളുത്തില്‍ നിന്ന് ആരും രക്ഷപ്പെടില്ല'; ഇലക്ട്രോണിക് ഉപകരണങ്ങളെ തിരിച്ചടി തീരുവയിൽ നിന്ന്‌ ഒഴിവാക്കിയത് ഹ്രസ്വകാലത്തേക്ക്



ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായ ചൈന കഴിഞ്ഞ കുറച്ചു വർഷങ്ങളായി യുഎസിൽ നിന്ന് അകന്ന് വ്യാപാരം വൈവിധ്യവൽക്കരിച്ചുവെന്ന് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ വക്താവ് ല്യൂ ഡാലിയാങ് സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ ഷിൻഹുവയോട് പറഞ്ഞതായാണ് റിപ്പോർട്ട്. ജനുവരിയില്‍ യുഎസ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തതിന് ശേഷം ഇതുവരെ ചൈനയ്‌ക്കെതിരെ അഞ്ചിരട്ടി തീരുവ വര്‍ധനയാണ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. പത്ത് ശതമാനം വീതമായിരുന്നു ആദ്യ രണ്ട് വര്‍ധനകള്‍. എടുത്തുചാടി ഈ പ്രഖ്യാപനത്തോട് പ്രതികരിക്കാതെ അളന്നുമുറിച്ച സമീപനമാണ് ചൈന സ്വീകരിച്ചത്. 20 ശതമാനം താരിഫ് വർധനയില്‍ യുഎസ് അവസാനിപ്പിച്ചില്ല. അടുത്ത ഘട്ടമായി, ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34 ശതമാനം തീരുവ കൂടി ട്രംപ് പ്രഖ്യാപിച്ചു. ഇത്തവണ ചൈന അതേ നാണയത്തില്‍ ട്രംപിനോട് പ്രതികരിച്ചു. യുഎസിനു മേല്‍ 34 ശതമാനം തീരുവ ചുമത്തിയായിരുന്നു ചൈനയുടെ തിരിച്ചടി. വിവിധ യുഎസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും നിര്‍ണായക ധാതു കയറ്റുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ചൈനീസ് വാണിജ്യമന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു. ചൈനയുടെ നടപടിക്ക് മറുപടിയായി യുഎസ് 50 ശതമാനം അധിക തീരുവ കൂടി ചുമത്തി. ഇതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് മുകളിലുള്ള നികുതി 104 ശതമാനമായി ഉയര്‍ന്നു.


Also Read: വരൂ, പുടിന്‍റെ ചെയ്തികള്‍ കാണൂ...; യുക്രെയ്ന്‍ സന്ദർശിക്കാന്‍ ട്രംപിനെ ക്ഷണിച്ച് സെലന്‍സ്കി



യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 84 ശതമാനം മറുചുങ്കം ചുമത്തിയായിരുന്നു ചൈനയുടെ മറുപടി. ഇതോടെ ചൈനയ്ക്ക് മേലുള്ള താരിഫ് 125 ശതമാനമായി യുഎസ് ഉയര്‍ത്തി. ഉടന്‍ ഇത് പ്രബല്യത്തില്‍ വരുമെന്നും അറിയിച്ചു. മുന്‍പ് ചുമത്തിയിരുന്ന 20 ശതമാനം ഫെന്റനൈല്‍ അനുബന്ധ താരിഫും കൂടി കണക്കാക്കുമ്പോള്‍ നിരക്ക് 145 ശതമാനമാകും. മറ്റ് രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ താരിഫ് 90 ദിവസത്തേക്ക് മരവിപ്പിച്ച ട്രംപ് ചൈനയ്ക്ക് മേല്‍ തന്‍റെ പ്രഖ്യാപനം ഉടനടി നടപ്പിലാക്കി. എന്നാല്‍, കമ്പ്യൂട്ടറുകളുൾപ്പെടെയുള്ള ഉപകരണങ്ങൾക്ക് വില കൂടുന്നത് യുഎസ് ടെക് കമ്പനികളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് ഇലക്ട്രോണിക്‌ ഉപകരണങ്ങളെ താരിഫില്‍ നിന്ന് ഓഴിവാക്കി. ഈ ഒഴിവാക്കല്‍ ഹ്രസ്വകാലത്തേക്ക് മാത്രമായിരിക്കുമെന്നും 'ആരും ഈ ചൂണ്ടക്കൊളുത്തില്‍ നിന്ന് രക്ഷപ്പെടില്ല' എന്നുമാണ് ട്രംപിന്‍റെ നിലപാട്. സെമികണ്ടക്ടർ ഉള്‍പ്പെടെയുള്ള മുഴുവൻ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെയും വിതരണ ശൃംഖലയില്‍, ദേശീയ സുരക്ഷാ വ്യാപാര അന്വേഷണം ആരംഭിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലായിരുന്നു ട്രംപിന്‍റെ ഈ പുതിയ പ്രഖ്യാപനം. യുഎസിനെ ചൈനയെ പോലുള്ള ശത്രു രാജ്യങ്ങളുടെ ബന്ദിയാക്കാന്‍ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു.

KERALA
വടകരയിൽ സ്വകാര്യ ബസ് തൊഴിലാളികൾക്ക് നേരെ തോക്ക് ചൂണ്ടി; യൂട്യൂബര്‍ തൊപ്പി കസ്റ്റഡിയിൽ
Also Read
user
Share This

Popular

IPL 2025
KERALA
Punjab Kings vs Kolkata Knight Riders | നാണംകെട്ട തോല്‍വി ഏറ്റുവാങ്ങി കൊല്‍ക്കത്ത; പഞ്ചാബിന്റെ കിംഗായി ചഹല്‍