ആ ഘട്ടത്തിൽ കേന്ദ്രം മുനമ്പം നിവാസികൾക്ക് ഒപ്പം നിൽക്കുമെന്നാണ് വാഗ്ദാനം
കേന്ദ്രമന്ത്രി കിരൺ റിജിജു
വഖഫ് നിയമ ഭേദഗതിയിലൂടെ മാത്രം മുനമ്പം ഭൂപ്രശ്നത്തിന് പരിഹാരം ആകില്ലെന്ന സൂചനയുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. അപ്പീൽ നൽകാനാകില്ല എന്ന വ്യവസ്ഥ ഒഴിവാക്കിയെന്നും സുപ്രീംകോടതിയിൽ നിയമപോരാട്ടം തുടരണമെന്നുമാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ഇപ്പോൾ വിശദീകരിക്കുന്നത്. ആ ഘട്ടത്തിൽ കേന്ദ്രം മുനമ്പം നിവാസികൾക്ക് ഒപ്പം നിൽക്കുമെന്നാണ് വാഗ്ദാനം.
വഖഫ് ഭേദഗതി ബിൽ നിയമമാകുന്നതോടെ കോടതികളും വഖഫ് ട്രെബ്യൂണലും കയറി ഇറങ്ങാതെ ഭൂഅവകാശങ്ങൾ പുനസ്ഥാപിക്കപ്പെടും എന്ന പ്രതീക്ഷയിലായിരുന്നു മുനമ്പം നിവാസികൾ. ബിജെപി നേതാക്കളിൽ നിന്ന് അത്തരത്തിൽ ഉറപ്പ് ലഭിച്ചതായി മുനമ്പം നിവാസികൾ ചൂണ്ടികാട്ടിയിരുന്നു. ഇതിനിടെയാണ് മുനമ്പം ഭൂപ്രശ്നത്തിന് പരിഹാരം ആകില്ല എന്ന് സൂചനയുമായി കേന്ദ്രമന്ത്രി എത്തുന്നത്.
വഖഫ് ഭേദഗതി ബില്ലിന് മുൻകാല പ്രാബല്യം ഇല്ല എന്നത് മുനമ്പം വിഷയത്തെ ബാധിക്കില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. മുനമ്പം കേസ് തീർപ്പാക്കത്തത് ആണെന്നും റിജിജു ചൂണ്ടിക്കാട്ടി. അതേസമയം, വാർത്ത സമ്മേളനത്തിന് ശേഷം വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിലുമായി കിരൺ റിജിജു കൂടിക്കാഴ്ച നടത്തി. മുനമ്പത്ത് പ്രശ്നപരിഹാരമുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകിയെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
കേന്ദ്രമന്ത്രിയുടെ പ്രതികരണം ഞെട്ടിച്ചെന്നാണ് മുനമ്പം സമരസമിതി കൺവീനർ ജോസഫ് ബെന്നി പ്രതികരിച്ചത്. ജനങ്ങളുടെ ആശങ്ക മുതലെടുക്കാനാണ് ബിജെപി ശ്രമിച്ചതെന്ന് മന്ത്രി പി.രാജീവും ആരോപിച്ചു. ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം കാണുമെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. മുനമ്പം വിഷയത്തിലെ ബിജെപിയുടെ കള്ളക്കളി വെളിച്ചത്തായി എന്ന് മുസ്ലീംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.