മൃതദേഹങ്ങൾ പോസ്റ്റ്‌മാർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും
കോട്ടയം ഏറ്റുമാനൂർ പള്ളിക്കുന്നിൽ അമ്മയും മക്കളും പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ജിസ്മോളുടെ മുറിയിൽ നിന്നും വിഷകുപ്പി കണ്ടെത്തിയതായി പൊലീസ്. യുവതി നേരത്തെ കൈമുറിച്ചും ആത്മഹത്യ ശ്രമിച്ചിരുന്നതായും വിവരമുണ്ട്. അതേസമയം, മൂവരുടെയും മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മാർട്ടത്തിന് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇന്നാണ് പാലാ സ്വദേശിനി ജിസ്മോൾ തോമസ് (34), മക്കളായ നോഹ (5), നോറ (2) എന്നിവർ പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. പേരൂർ കണ്ണമ്പുരക്കടവിൽ ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെയാണ് ആദ്യം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തി കുട്ടികളെ കരയ്ക്കെത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറുമാനൂർ ഭാഗത്ത് നിന്നും കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങൾ മൂലം ആകാം ആത്മഹത്യ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യയാണ് ജിസ്മോൾ. അഭിഭാഷകയായ ജിസ്മോൾ ഹൈക്കോടതിയിലും പാലായിലും പ്രവർത്തിച്ചു വരുകയായിരുന്നു. നേരത്തെ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായും പ്രവർത്തിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)