ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ എത്തിയ വദ്ര വൈകിട്ട് ആറ് മണിക്കാണ് ഇവിടെ നിന്നും മടങ്ങിയത്
പ്രിയങ്ക ഗാന്ധി എംപിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയെ ഇഡി ചോദ്യം ചെയ്തത് ആറ് മണിക്കൂറിലേറെ. 2008 ലെ ഹരിയാനയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസിലാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യലിനായി നാളെയും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഡല്‍ഹിയിലെ ഇഡി ഓഫീസില്‍ എത്തിയ വദ്ര വൈകിട്ട് ആറ് മണിക്കാണ് ഇവിടെ നിന്നും തിരിച്ചുപോയത്. നാളെ വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ, ഏപ്രില്‍ എട്ടിന് ഹാജരാകാന്‍ ഇഡി നോട്ടീസ് നല്‍കിയിരുന്നെങ്കിലും വദ്ര എത്തിയിരുന്നില്ല.
ഇരുപത് വര്‍ഷം മുമ്പുള്ള കേസില്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നാണ് ഇഡി ഓഫീസിലേക്കുള്ള യാത്രയില്‍ വദ്ര പ്രതികരിച്ചത്. ഡല്‍ഹി സുജന്‍ സിങ് പാര്‍ക്കിലെ വസതിയില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയുള്ള ഇഡി ആസ്ഥാനത്തേക്ക് നടന്നായിരുന്നു വദ്ര എത്തിയത്.
ജനങ്ങളുടെയോ ന്യൂനപക്ഷങ്ങളുടെയോ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോഴോ, സര്‍ക്കാരിന്റെ പോരായ്മകളെക്കുറിച്ച് ചൂണ്ടിക്കാട്ടുമ്പോഴോ, രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് സൂചന നല്‍കുമ്പോഴോ ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യാന്‍ തുടങ്ങുമെന്നും വദ്ര പറഞ്ഞു.
ഭൂമി ഇടപാടില്‍ തനിക്ക് ഒളിച്ചുവെക്കാന്‍ ഒന്നുമില്ല. എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇരുപത് വര്‍ഷത്തിനുള്ളില്‍ അത് കണ്ടെത്തേണ്ടതായിരുന്നു. ഇതിനകം പതിനഞ്ച് തവണ അന്വേഷണ ഏജന്‍സികള്‍ക്കു മുന്നില്‍ ഹാജരായി. ഓരോ തവണയും പത്ത് മണിക്കൂറോളം ചോദ്യം ചെയ്തു. 23,000 രേഖകള്‍ ഹാജരാക്കി. ഒരാഴ്ചയ്ക്കുള്ളില്‍ ഈ 23,000 രേഖകള്‍ വീണ്ടും ഹാജരാക്കാനാണ് അവര്‍ ആവശ്യപ്പെടുന്നത്. ഇതെങ്ങനെയാണ് നടക്കുക എന്നും അദ്ദേഹം ചോദിച്ചു.
2008 ലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി ചോദ്യം ചെയ്യല്‍. റോബര്‍ട്ട് വദ്ര ഡയറക്ടര്‍ ആയിരുന്ന സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റി ഹരിയാനയിലെ ഗുരുഗ്രാമില്‍ 3.5 ഏക്കര്‍ ഭൂമി 7.5 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഓങ്കാരേശ്വര്‍ പ്രോപ്പര്‍ട്ടീസിന്റെ പക്കല്‍ നിന്നായിരുന്നു ഭൂമി വാങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്കു ശേഷം അപ്പാര്‍ട്‌മെന്റ് നിര്‍മിക്കാനായി ഈ ഭൂമി ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് വിറ്റു. ഇതുമായി ബന്ധപ്പെട്ടാണ് കേസ്.