പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടുമോ എന്ന് നോക്കുകയാണ് ബാലൻ
എ.കെ. ബാലന്റെ ബ്രണ്ണൻ പരാമർശത്തിൽ മറുപടിയുമായി കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ. വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി എ.കെ. ബാലൻ മാറി. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണെന്നും സുധാകരൻ പറഞ്ഞു. പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടുമോ എന്ന് നോക്കുകയാണ് ബാലൻ. പക്ഷേ ആ സ്ഥാനമോഹം തന്റെ ചിലവിൽ വേണ്ട എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നുവെന്നും സുധാകരൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ബ്രണന്‍ കോളേജ് പഠനകാലത്ത് കെ. സുധാകരനെ പാന്‍റ് ഊരി ക്യാംപസിലൂടെ നടത്തിയിട്ടുണ്ടെന്നും കോൺഗ്രസിലെ ചില നേതാക്കൾ അതിന് സാക്ഷിയാണന്നും എ.കെ. ബാലന്‍ പറഞ്ഞിരുന്നു. ഫെയ്സ് ബുക്കിലൂടെ കഴിഞ്ഞദിവസമായിരുന്നു ബാലന്‍റെ പ്രസ്താവന. ഇതിന് മറുപടിയുമായാണ് സുധാകരന്‍ രംഗത്ത് എത്തിയിരിക്കുന്നത്.
സുധാകരന്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണരൂപം
വായിലൂടെ വിസർജ്ജിക്കുന്ന ജീവിയായി മുൻമന്ത്രി എ കെ ബാലൻ മാറിയത് ദയനീയമായ കാഴ്ചയാണ്. സിപിഎമ്മിന്റെ നേതൃസ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ടതിന്റെ പേരിൽ നായ മോങ്ങുന്നത് പോലെ മോങ്ങിയ ബാലന്റെ ചിത്രം രാഷ്ട്രീയ കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്.
പിണറായി വിജയൻ്റെ പ്രീതി പിടിച്ചുപറ്റി വീണ്ടും എന്തെങ്കിലും സ്ഥാനം കിട്ടാൻ ബാലൻ നടത്തുന്ന പെടാപ്പാട് ഒരു പഴയകാല സുഹൃത്ത് എന്ന നിലയിൽ ഞാൻ തിരിച്ചറിയുന്നു. പക്ഷേ ആ സ്ഥാനമോഹം കെ സുധാകരന്റെ ചിലവിൽ വേണ്ട എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.
പിണറായി വിജയൻ്റെ മകൾ അഴിമതി കേസിൽ പെടുമ്പോഴും പിണറായി വിജയൻ്റെ സംഘപരിവാർ ബന്ധം പൊതുസമൂഹത്തിൽ ചർച്ചയാകുമ്പോഴും ആദ്യം ഓടിയെത്തി ന്യായീകരിച്ച് പിച്ചും പേയും പുലമ്പി വിഷയം മാറ്റുന്ന ലക്ഷണമൊത്ത അടിമയാണ് ഇപ്പോൾ ബാലൻ.വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന് മന്ത്രിപദവികൾ വരെ എത്തിയത് സ്വന്തം കഴിവുകൊണ്ടല്ല, പിണറായിയുടെ ഔദാര്യം കൊണ്ടാണെന്ന് കരുതി സ്വയം അധഃപതിക്കുകയാണ് ബാലൻ.
കെ സുധാകരൻ ആരാണെന്നും പിണറായി വിജയൻ എന്തായിരുന്നു എന്നും ബ്രണ്ണൻ കോളേജിലെ ചുവരുകൾക്കും 'കോണിപ്പടികൾക്കും ' മാത്രമല്ല രാഷ്ട്രീയം നിരീക്ഷിച്ചിട്ടുള്ള സർവലോക മലയാളികൾക്കും അറിയാം. സുധാകരന്റെയോ അന്നത്തെ കെഎസ്‌യു നേതാക്കളുടെയോ നിഴലിൽ പോലും നേർക്കുനേർ നിൽക്കാനുള്ള ധൈര്യം വിജയനോ ബാലനോ കൂട്ടുകക്ഷികൾക്കോ ഉണ്ടായിരുന്നില്ല എന്നത് ആ കോളേജിൻ്റെ ചരിത്രമാണ്. ഈ പ്രായത്തിൽ പഴയ വീരസ്യങ്ങൾ വിളമ്പുന്ന ബാലിശമായ പ്രവൃത്തികളിൽ താല്പര്യമില്ലാത്തതുകൊണ്ട് ബാലന്റെ തീവ്രത കൂടിയ ജല്പനങ്ങൾക്ക് പുല്ലുവില കൊടുത്തുകൊണ്ട് അവഗണിക്കുന്നു.
എന്തെങ്കിലും പറയാനുണ്ടെങ്കിൽ പിണറായി വിജയൻ പറയട്ടെ,അപ്പോൾ കൃത്യമായി മറുപടി പറയാം. യജമാനന് വേണ്ടി വഴിയിൽ നിന്ന് കുരയ്ക്കുന്ന അടിമ എന്തെങ്കിലും നക്കാപ്പിച്ച കിട്ടുമ്പോൾ മാറിക്കിടന്ന് ഉറങ്ങിക്കോളും. കേരളത്തിൻ്റെ പൊതു സമൂഹത്തിലേക്ക് കൂടുതൽ വിസർജ്ജ്യങ്ങൾ എറിയാതിരുന്നാൽ അടിമയ്ക്ക് നല്ലതെന്ന് മാത്രം ഓർമിപ്പിക്കുന്നു.