ഡോ. കെ.ബി ഹെഡ്‌ഗേവാര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തോ? ഹെഡ്‌ഗേവാര്‍ രാജ്യത്തിനു നല്‍കിയ സേവനങ്ങള്‍ മഹത്തരമായിരുന്നെങ്കില്‍ എന്തുകൊണ്ട് വാജ്‌പേയി - നരേന്ദ്ര മോദി സര്‍ക്കാരുകള്‍ ഭാരതരത്‌ന നല്‍കിയില്ല. ജവഹര്‍ലാല്‍ നെഹ്‌റുവിനും, എസ്. രാധാകൃഷ്ണനും സി. രാജഗോപാലാചാരിക്കും ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും കാമരാജിനും ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും വരെ ലഭിച്ച ഭാരത രത്‌നയ്ക്ക് ആര്‍എസ്എസ് സ്ഥാപകന് അര്‍ഹതയുണ്ടോ? വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തു തന്നെ ഇങ്ങനെ വന്ന നിര്‍ദേശം മാറ്റിവച്ചത് എന്തുകൊണ്ട്? ഇന്ത്യയുടെ ത്രിവര്‍ണ പതാകയുയര്‍ത്താന്‍ ഒരിക്കലെങ്കിലും ഹെഡ്ഗാവാര്‍ തയ്യാറായോ?
പൊതുപണം കൊണ്ട് വേണോ ഹെഡ്‌ഗേവാറിന് സ്മാരകം
ആര്‍എസ്എസ് എന്ന ഹിന്ദുരാഷ്ട്രവാദ സംഘടനയ്ക്കു ജന്മം നല്‍കി എന്നല്ലാതെ കെ.ബി. ഹെഡ്ഗാവാര്‍ എന്തു സംഭാവനയാണ് രാഷ്ട്രത്തിനു നല്‍കിയത്. നമുക്ക് 1929ല്‍ നിന്ന് ആരംഭിക്കാം. എല്ലാവരോടും ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ലാഹോര്‍ കോണ്‍ഗ്രസ് സമ്മേളനം ആഹ്വാനം ചെയ്തു. ഹെഡ്‌ഗേവാര്‍ അതു തള്ളിക്കളഞ്ഞു. എന്നു മാത്രമല്ല ബദല്‍ ദേശീയ പതാകയും ഉയര്‍ത്തി. 1930 ജനുവരി 21ന് ആര്‍എസ്എസ് ശാഖകളില്‍ കാവിക്കൊടി ദേശീയ പതാകയായി ഉയര്‍ത്തണം എന്നായിരുന്നു ഹെഡ്‌ഗേവാര്‍ ആഹ്വാനം ചെയ്തത്. അതാണ് രാഷ്ട്രീയ ധ്വജം എന്നു പ്രഖ്യാപിച്ച് ധ്വജ പ്രണാമവും പതിവാക്കി. 1981ല്‍ ആര്‍എസ്എസ് പ്രസിദ്ധീകരിച്ച ഹെഡ്ഗാവാറിന്റെ ലേഖനങ്ങളില്‍ ഈ കത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ തലേന്ന് 1947 ഓഗസ്റ്റ് 14ന് ആര്‍എസ്എസ് മുഖപ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു. ത്രിവര്‍ണ പതാകയെ രാജ്യത്തെ ഹിന്ദുക്കള്‍ ഒരിക്കലും വണങ്ങില്ല എന്നായിരുന്നു ആ ലേഖനത്തിന്റെ കാതല്‍. ത്രിവര്‍ണ പതാക രാജ്യത്തെ ഹിന്ദുക്കളെ പ്രതിനിധീകരിക്കുന്നില്ല എന്നും ലേഖനം പറഞ്ഞുവച്ചു. ത്രിവര്‍ണത്തിലെ മൂന്ന് എന്നത് സാത്താനെ പ്രതിനിധീകരിക്കുന്ന അക്കമാണെന്നും ആ ലേഖനത്തിലുണ്ട്. ഈ മൂന്നു നിറങ്ങളും രാജ്യത്തെ പൌരന്മാര്‍ക്ക് അപശകുനമായി മാറുമെന്നും കാവിക്കൊടിയാണ് ഉയരേണ്ടത് എന്നുമായിരുന്നു ആ ലേഖനം. ത്രിവര്‍ണ പതാക രാജ്യത്തെ അപകടത്തിലാക്കുമെന്നും ആ ലേഖനം പ്രഖ്യാപിച്ചു.
ALSO READ: മുംബൈ ഭീകരാക്രമണവും തഹാവൂര്‍ റാണയും
അറസ്റ്റിലായ ഹെഡ്‌ഗേവാര്‍
ആര്‍എസ്എസ് സ്ഥാപിതമാകുന്നതിനു മുന്‍പ് 1921ല്‍ ഹെഡ്‌ഗേവാര്‍ ജയിലില്‍ പോയിട്ടുണ്ട്. ഖിലാഫത്ത് പ്രസ്ഥാന സമരകാലത്ത് അറസ്റ്റിലായ ഹെഡ് ഗാവാര്‍ വലിയ പണംമുടക്കി അഭിഭാഷകനെ വാദിക്കാന്‍ വച്ചു. അറസ്റ്റിലായാല്‍ കേസ് വാദിക്കരുത് എന്ന ഗാന്ധിജിയുടെ ആഹ്വാനം മറികടന്ന ഏക നേതാവായിരുന്നു ഹെഡ്‌ഗേവാര്‍. ബ്രട്ടീഷ് ജയിലറായ സര്‍ ജാതറുമായി അടുത്ത സൗഹൃദത്തിലായി എന്നാണ് ആത്മകഥയില്‍ തന്നെ പറയുന്നത്. കഠിന തടവിനു ശിക്ഷിക്കപ്പെട്ടയാള്‍ 11 കിലോ തൂക്കം വര്‍ധിച്ച് ജയിലിനു പുറത്തുവന്നുവെന്നും അതേ ആത്മകഥ പറഞ്ഞുവയ്ക്കുന്നു. ഉപ്പു സത്യാഗ്രഹത്തില്‍ പങ്കെടുക്കരുത് എന്ന് ആഹ്വാനം ചെയ്‌തെങ്കിലും 1931ല്‍ ഹെഡ്‌ഗേവാര്‍ അറസ്റ്റിലായി ജയിലിലായി. സി പി ഭിഷിക്കര്‍ എഴുതി ആര്‍എസ്എസ് പ്രസിദ്ധീകരിച്ച ജീവചരിത്രത്തില്‍ അതിനുള്ള കാരണം പറയുന്നുണ്ട്. ജയിലിലുള്ള കോണ്‍ഗ്രസുകാരില്‍ നിന്ന് സംഘപ്രവര്‍ത്തകരെ കണ്ടെത്താനാണ് ജയിലിലായത് എന്നാണ് ആര്‍എസ്എസ് പ്രസിദ്ധീകരിച്ച പുസ്തകം തന്നെ പറയുന്നത്. ഉപ്പുസത്യാഗ്രഹത്തെ നൂറുശതമാനം തള്ളിക്കളഞ്ഞെങ്കിലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പറ്റിയ സ്ഥലം ജയിലാണെന്ന് ഡോക്ടര്‍ജിക്കു മനസ്സിലായി എന്നാണ് ജീവചരിത്രത്തിലെ വാചകം. ക്വിറ്റ് ഇന്ത്യ സമരത്തിലും പങ്കെടുക്കരുത് എന്നു തന്നെയായിരുന്നു ആര്‍എസ്എസ് ആഹ്വാനം. ഗോള്‍വാള്‍ക്കര്‍ അതു തുറന്നു പറയുന്ന പുസ്തകം പ്രസിദ്ധീകരിച്ചതും ആര്‍എസ്എസ് തന്നെയാണ്. ഇന്ത്യ എന്നത് ഒരു സമ്പൂര്‍ണ ഹിന്ദു രാഷ്ട്രമാകണം എന്നാണ് ആര്‍എസ്എസ് നയം. സ്വാതന്ത്ര്യ സമരത്തിന്റെ ലക്ഷ്യം അതായിരുന്നില്ല. അതിനാല്‍ ആര്‍എസ്എസ് പങ്കെടുത്തില്ല എന്നാണ് ആ പുസ്തകം പറയുന്നത്. മുസ്ലിങ്ങളും ക്രൈസ്തവരും ബൗദ്ധരും ജൈനരുമെല്ലാം ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന ആശയത്തോടെ ആര്‍എസ്എസിന് ഒട്ടും യോജിപ്പ് ഉണ്ടായിരുന്നില്ല.
ALSO READ: ഗള്‍ഫ് വിട്ട് ഇനി പാശ്ചാത്യ പ്രവാസമോ?
ആര്‍എസ്എസ് ഓര്‍ക്കാത്ത പ്രമുഖര്‍
ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ രക്ത സാക്ഷിത്വത്തെക്കുറിച്ച് ഒരു വാക്കുപോലും മുന്‍പ് ആര്‍എസ് എസ് പറഞ്ഞിരുന്നില്ല. സമീപകാലത്താണ് ഇവരെയൊക്കെ ആര്‍എസ്എസിന്റെ ഭാഗമായി അവതരിപ്പിക്കാന്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാക്കളൊക്കെ ജയിലിലായ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് വി.ഡി സവര്‍ക്കറുടെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭ ബ്രിട്ടീഷ് സൈന്യത്തിലേക്ക് ആളുകളെ ചേര്‍ക്കാന്‍ ക്യാംപുകള്‍ നടത്തി. ഈ ക്യാംപുകള്‍ നടത്തിയ വിവരം സവര്‍ക്കറുടെ സമ്പൂര്‍ണ കൃതികളുടെ സമാഹാരത്തില്‍ തന്നെ പറയുന്നുമുണ്ട്. ഹെഡ്‌ഗേവാറും ഗോള്‍വാള്‍ക്കറും പൂര്‍ണമായും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് നടത്തിയ സ്വാതന്ത്ര്യ സമരത്തിന് എതിരായിരുന്നു. മതേതര ഇന്ത്യക്കു വേണ്ടിയുള്ള സമരം ഒട്ടും സ്വീകാര്യമല്ലെന്ന് ഇരുവരും പലവട്ടം പറഞ്ഞു. നിരവധി ലേഖനങ്ങളുമെഴുതി. ഹിന്ദുരാഷ്ട്രം ഇല്ലാതാക്കാനുള്ള ഗൂഢാലോചന എന്നാണ് സവര്‍ക്കര്‍ സ്വാതന്ത്ര്യ സമരത്തെ വിശേഷിപ്പിച്ചത്.
ആര്‍എസ്എസിനെ അനുസരിക്കുന്നവര്‍!
കോണ്‍ഗ്രസുകാരനായിരുന്ന കാലത്ത് ഹെഡ്‌ഗേവാര്‍ ജയിലില്‍ പോയിട്ടുണ്ടെങ്കിലും ആര്‍എസ്എസ് നേതാക്കളായ ഗോള്‍വാള്‍ക്കറും ദീന്‍ദയാല്‍ ഉപാധ്യായയുമൊന്നും ജയിലില്‍ കിടന്നിട്ടില്ല. ആര്‍എസ്എസ് സ്ഥാപിതമായ ശേഷം ഹെഡ്‌ഗേവാര്‍ ജയിലില്‍ പോയത് കോണ്‍ഗ്രസുകാരെ സ്വാധീനിക്കാനാണെന്നുമാണ് ആത്മകഥ പറയുന്നത്. ആര്‍എസ്എസോ ഹെഡ്‌ഗേവാറുടെ ആത്മകഥയോ ജീവചരിത്രമോ ഒന്നും അവകാശപ്പെടാത്തതാണ് സ്വാതന്ത്ര്യ സമര ചരിത്രം. പതിനഞ്ചു വര്‍ഷത്തിലേറെ ബിജെപി രാജ്യം ഭരിച്ചിട്ടും രാജ്യത്തെ പരമോന്നത ബഹുമതികളൊന്നും ഹെഡ്‌ഗേവാറിന് നല്‍കിയിട്ടുമില്ല. ആ സാഹചര്യത്തില്‍ പാലക്കാട്ട് ഇങ്ങനെ ഒരു പേരിടുന്നതിന് അര്‍ത്ഥം ഒന്നേയുള്ളു - ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുക. ആര്‍എസ്എസ് ആണ് രാഷ്ട്രത്തെ നിയന്ത്രിക്കുന്നത് എന്നത് ഒരു മിഥ്യാ സങ്കല്‍പം മാത്രമാണ്. ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന ബിജെപി നേതാക്കള്‍ ഭരിക്കുന്നതു മാത്രമേ രേഖകളില്‍ ഉള്ളൂ. ഭരിക്കുന്നവര്‍ ആര്‍എസ്എസിനെയാണ് അനുസരിക്കുന്നത് എന്നതുകൊണ്ട് ആര്‍എസ്എസ് സ്ഥാപകന് പാലക്കാട്ട് സ്മാരകം പണിയേണ്ടതുണ്ടോ എന്നു മാത്രമാണ് ഇപ്പോള്‍ ഉയര്‍ത്തുന്ന ചോദ്യം.