കശ്മീരിലെ സുരക്ഷയ്‌ക്കൊപ്പം അതിർത്തിയിലെ സേനാ വിന്യാസവും യോഗത്തിൽ ചർച്ചയാകും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡൽഹിയിലെ വസതിയിൽ അടിയന്തര ഉന്നതതല യോഗം ചേരുന്നു. പഹൽഗാം ഭീകരാക്രമണവും ജമ്മു കശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനായുമാണ് യോഗം. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
കശ്മീരിലെ സുരക്ഷയ്‌ക്കൊപ്പം അതിർത്തിയിലെ സേനാ വിന്യാസവും യോഗത്തിൽ ചർച്ചയാകും. നാളത്തെ മന്ത്രിസഭാ യോഗത്തിൽ വിശദീകരിക്കേണ്ട കാര്യങ്ങൾ, തുടർച്ചയായ അഞ്ചാം രാത്രിയും പാകിസ്ഥാൻ സൈനികരുടെ വെടിനിർത്തൽ കരാർ ലംഘനം, എന്‍ഐഎ അന്വേഷണം എന്നിവയും യോഗത്തിൽ ചർച്ചയാകും.
Also Read: സഞ്ജീവ് ഭട്ടിന് ജാമ്യം നല്‍കാനാവില്ലെന്ന് സുപ്രീം കോടതി
ദേശീയ സുരക്ഷ സംബന്ധിച്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി നാളെ വീണ്ടും യോഗം ചേരാനിരിക്കെയാണ് ഇന്നത്തെ കൂടിക്കാഴ്ച. ഏഴ് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് സുരക്ഷാ കാബിനറ്റ് കമ്മിറ്റി വിഷയം ചർച്ച ചെയ്യുന്നത്. പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി, ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമലാ സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവരാണ് സുരക്ഷാ കാബിനറ്റ് കമ്മിറ്റി അംഗങ്ങൾ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗത്തിന് പിന്നാലെ റോഡ്- ഗതാഗത മന്ത്രി, ആരോഗ്യ മന്ത്രി, കൃഷി മന്ത്രി, റെയിൽവേ മന്ത്രി എന്നിവർ ഉൾപ്പെടുന്ന രാഷ്ട്രീയകാര്യ കാബിനറ്റ് കമ്മിറ്റിയുടെ യോഗവും ചേർന്നേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
അതേസമയം, കശ്മീർ താഴ്‌വരയിൽ ഇന്ത്യൻ സൈന്യം ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഭീകര സാന്നിധ്യമുള്ള സ്ഥലങ്ങളിൽ ജമ്മു കശ്മീർ പൊലീസ് പരിശോധന നടത്തി. ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ബിഎസ്എഫ്, എൻഎസ്ജി, അസം റൈഫിൾസ് മേധാവികളുടെ യോഗം നടന്നിരുന്നു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും യോഗത്തിൽ പങ്കെടുത്തിരുന്നു.