മാജിക് ഫ്രെയിംസ് നിർമിക്കുന്ന അവറാച്ചൻ്റെ മക്കൾ എന്ന സിനിമയുടെ ചിത്രീകരണമാണ് ഹെൽത്ത് സെൻ്ററിൽ നടന്നത്
കോഴിക്കോട് മാവൂർ ചെറുപ്പ ഹെൽത്ത് സെൻ്ററിൽ സിനിമാ ചിത്രീകരണത്തെ തുടർന്ന് ചികിത്സ വൈകിപ്പിച്ചതായി പരാതി. മാജിക് ഫ്രെയിംസ് നിർമിക്കുന്ന അവറാച്ചൻ്റെ മക്കൾ എന്ന സിനിമയുടെ ചിത്രീകരണമാണ് ഹെൽത്ത് സെൻ്ററിൽ നടന്നത്. കോഴിക്കോട് പെരുവയൽ സ്വദേശി സുഗതനാണ് പരാതിയുമായി എത്തിയത്. മകളുടെ ചികിത്സ വൈകിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കാറിലാണ് കൊണ്ടുന്നത്. എന്നാൽ ഒപിയുടെ ഭാഗത്തേക്ക് കാർ കയറ്റിവിട്ടില്ലെന്നും സുഗതൻ പരാതിയിൽ പറയുന്നു.
കാറ് കയറ്റി വിടാത്തതിനാൽ മകളെ എടുത്ത് സുഗതനും ഭാര്യയും ഡോക്ടറെ കാണിക്കാൻ വേണ്ടി എത്തി. അടിയന്തരമായി ബ്ലഡ് ടെസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും, ലാബിൽ നിന്നും ടെസ്റ്റ് ചെയ്യുമ്പോൾ കൂടുതൽ തുക വേണ്ടി വരുമെന്നും, പുറത്ത് എവിടെ വച്ചെങ്കിലും ചെയ്യാനും ആവശ്യപ്പെട്ടതായി പരാതിക്കാരൻ വെളിപ്പെടുത്തി.
ലാബിൽ വച്ച് തന്നെ ബ്ലഡ് ടെസ്റ്റ് ചെയ്തെങ്കിലും റിസൾട്ട് വാങ്ങാൻ പോയപ്പോൾ, റൂമിലുണ്ടായവർ പറഞ്ഞത് ഞങ്ങൾ സിനിമയിൽ അഭിനയിക്കുന്നവരാണ് എന്നായിരുന്നുവെന്നും, സുഗതൻ പറഞ്ഞു. കാര്യം എന്താണ് എന്ന് അന്വേഷിച്ചപ്പോൾ, പൊലീസിനെ വിളിക്കും,അറസ്റ്റ് ചെയ്യിക്കുമെന്നും പറഞ്ഞതായും സുഗതൻ വ്യക്തമാക്കി. പിന്നീടാണ് ഇവിടെ സിനിമാ ഷൂട്ടിങ് നടക്കുന്ന കാര്യം അറിഞ്ഞതെന്നും സുഗതൻ പറഞ്ഞു. കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തതായും പരാതിക്കാരൻ വ്യക്തമാക്കി.