തൃശൂര്‍പൂരം കലക്കിയതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്
മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ പരാതി. ചേലക്കരയിലെ ഒറ്റ തന്ത പ്രയോഗത്തിൽ കോൺഗ്രസ് നേതാവ് അനൂപാണ് പരാതി നൽകിയത്. തൃശൂര്‍ പൂരം കലക്കിയതിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് സുരേഷ് ഗോപി ഒറ്റ തന്ത പരാമർശം നടത്തിയത്. അന്വേഷണം സിബിഐയെ ഏൽപ്പിക്കാൻ ഒറ്റ തന്തക്ക് പിറന്നവരുണ്ടെങ്കിൽ തയ്യാറുണ്ടോ ? എന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി സുരേഷ് ഗോപി തന്നെ രംഗത്തെത്തിയിരുന്നു.
താന്‍ ആരുടെയും അച്ഛന് വിളിച്ചിട്ടില്ലെന്നും വിളിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമായിരുന്നു സുരേഷ് ഗോപിയുടെ വിശദീകരണം. നേരത്തെ നടത്തിയ ഒറ്റ തന്ത പരാമര്‍ശം സിനിമ ഡയലോഗ് ആയിരുന്നുവെന്നും സിനിമ ഡയലോഗായി കണ്ടാല്‍ മതിയെന്ന് പരാമര്‍ശം നടത്തുമ്പോള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
സുരേഷ് ഗോപിക്കുള്ള മറുപടി അദ്ദേഹം പറഞ്ഞതിനേക്കാൾ മോശമായ ഭാഷയിലെ നൽകാനാകുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ പ്രതികരണം. അത്തരം ഭാഷ പറയാൻ തങ്ങൾക്ക് കഴിയില്ലെന്നും, സിനിമ ഡയലോഗാണെന്ന് പറഞ്ഞ് വൃത്തികേട് വിളിച്ചു പറയുകയല്ല വേണ്ടതെന്നും എം. വി. ഗോവിന്ദൻ പറഞ്ഞിരുന്നു.
കൂടാതെ തൃശൂർ പൂര വേദിയിൽ ആംബുലൻസിൽ എത്തിയതിൽ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആംബുലൻസ് നിയമവിരുദ്ധമായി ഉപയോഗിച്ചെന്നാണ് എഫ്ഐആർ ഫയൽ ചെയ്തതിട്ടുള്ളത്.സിപിഐ നേതാവ് സുമേഷ് നൽകിയ പരാതിയിലാണ് കേസെടുത്തത്.