കെട്ടുകാഴ്ചക്കെത്തിയ യുവാക്കൾ പൊലീസിനെ മർദിച്ച സാഹചര്യത്തിലാണ് ലാത്തി വീശിയതെന്നാണ് പൊലീസ് വിശദീകരണം
കൊല്ലം മങ്ങാട് ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. യുവാക്കളും പൊലീസും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പൊലീസ് നടത്തിയ
ലാത്തി ചാർജിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റെന്നാണ് പരാതി. പരിക്കേറ്റ നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. അതേസമയം കെട്ടുകാഴ്ചക്കെത്തിയ യുവാക്കൾ പൊലീസിനെ മർദിച്ച സാഹചര്യത്തിലാണ് ലാത്തി വീശിയതെന്നാണ് പൊലീസ് വിശദീകരണം. സംഘർഷത്തിൽ സ്ത്രീകളടക്കമുള്ളവരെ പൊലീസ് ക്രൂരമായി തല്ലി ചതക്കുന്ന ദ്യശ്യങ്ങൾ ന്യൂസ് മലയാളത്തിന് ലഭിച്ചു.
മാർച്ച് പത്തിനാണ് സംഭവം. മാങ്ങാട് ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് കെട്ടുകാഴ്ച മൈതാനത്ത് എത്തിയപ്പോഴായിരുന്നു സംഘർഷമുണ്ടായത്. മൂന്ന് യുവാക്കൾ മനഃപ്പൂർവ്വം സംഘർഷം സൃഷ്ടിച്ചുവെന്നാണ് പൊലീസിൻ്റെ വാദം.
സംഘർഷം പിരിച്ചുവിടാനായി പൊലീസ് ലാത്തി വീശിയപ്പോൾ ക്ഷേത്ര മൈതാനത്ത് ഉത്സവം കാണാനെത്തിയ നിരപരാധികളായ സ്ത്രീകൾക്കുൾപ്പെടെ മർദനമേറ്റായതാണ് പരാതി. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പൊലീസ് ക്രൂരമായി തല്ലിചതച്ചെന്നും, നിരവധിപേർക്ക് പരിക്കേറ്റെന്നും പ്രദേശവാസികൾ പറയുന്നു.
യുവാക്കളുമായുണ്ടായ സംഘർഷത്തിൽ രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പൊലീസിനെ കയ്യേറ്റം ചെയ്തതിനെത്തുടർന്നാണ് നടപടി ഉണ്ടായതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. എന്നാൽ പൊലീസ് ബോധപൂർവ്വം സംഘർഷം സൃഷ്ടിച്ചതാണെന്ന വാദത്തിലാണ് നാട്ടുകാർ. സംഘർഷത്തിൻ്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി പ്രദേശവാസികൾ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.