എം മുകേഷിൻ്റെ സ്ഥാനാർഥിത്വത്തിലും വിമർശനമുയർന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിൻ്റെ കൈവശം ഇരിക്കുമ്പോഴല്ലേ സ്ഥാനാർഥിയാക്കിയതെന്നാണ് പ്രതിനിധികൾ ചോദ്യമുന്നയിച്ചത്
സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിൽ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് രൂക്ഷ വിമർശനം. ഇപിയുടേത് കമ്മ്യൂണിസ്റ്റിന് നിരക്കുന്ന രീതിയല്ലെന്നും,തെരഞ്ഞെടുപ്പ് ദിനത്തിലെ ഇപിയുടെ വെളിപ്പെടുത്തൽ തിരിച്ചടിയായെന്നും സമ്മേളന പ്രതിനിധികൾ തുറന്നടിച്ചു. ചടയമംഗലത്തു നിന്നെത്തിയ പ്രതിനിധികളാണ് വിമർശനം ഉന്നയിച്ചത്.
കൂടാതെ എം. മുകേഷിൻ്റെ സ്ഥാനാർഥിത്വത്തിലും വിമർശനമുയർന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിൻ്റെ കൈവശം ഇരിക്കുമ്പോഴല്ലേ സ്ഥാനാർഥിയാക്കിയതെന്നാണ് പ്രതിനിധികൾ ചോദ്യമുന്നയിച്ചത്. കൊല്ലത്തെ സിപിഎമ്മിൽ വിഭാഗീയത ഉണ്ടെന്ന് സമ്മതിച്ച് പ്രവർത്തന റിപ്പോർട്ടും പുറത്തുവന്നു. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിക്ക് നേരെ റിപ്പോർട്ടിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്.
കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങൾ നേതൃത്വത്തിനുണ്ടാക്കിയ ക്ഷീണം ചെറുതല്ലെന്നാണ് സിപിഎം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ഈ വിഭാഗീയത മൂലം സംസ്ഥാനത്തിൻ്റെ പലഭാഗത്തും പ്രശ്നങ്ങള്‍ ഉടലെടുക്കാൻ കാരണമായെന്ന് ജില്ലാ സെക്രട്ടറി എസ്. സുദേവൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
ALSO READ: കരുനാഗപ്പള്ളിയിലെ സിപിഎം നേതൃത്വത്തിന് വീഴ്ച പറ്റി: എം. വി. ഗോവിന്ദൻ
നേതൃത്വത്തെ അവഗണിക്കാനും നേതാക്കളെ ദുർബലപ്പെടുത്താനുമുള്ള നീക്കമാണ് കരുനാഗപ്പള്ളി ലോക്കല്‍ സമ്മേളനങ്ങളില്‍ നടന്നതെന്നും റിപ്പോർട്ടിലുണ്ട്. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിയിലെ വിഭാഗീയ പ്രവർത്തനങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ആവശ്യപ്പെട്ടതാണ്. പക്ഷേ, അതിനുശേഷം നടന്ന ലോക്കല്‍ സമ്മേളനങ്ങളിലും മോശം പ്രവണതയുണ്ടായാണ് ആവർത്തിച്ചത്. കുലശേഖരപുരം സൗത്ത് ലോക്കല്‍ സമ്മേളനത്തിലെ പ്രവർത്തനങ്ങളെ എടുത്തു പറഞ്ഞാണ് റിപ്പോർട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്.
അതേ സമയം റിപ്പോർട്ട് അവതരണശേഷം ജില്ലാ നേതൃത്വത്തിനെതിരെ സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ രൂക്ഷ വിമർശനമുയർത്തി. കരുനാഗപ്പള്ളിയിലെ വിഭാഗീയത തടയുന്നതിൽ നേതൃത്വം പരാജയപ്പെട്ടെന്നുവെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. സമ്മേളനം നടത്താനെത്തിയ നേതാക്കളെ കയ്യേറ്റം ചെയ്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സമ്മേളനത്തിന് ശേഷമായിരിക്കും കരുനാഗപ്പള്ളിയില്‍ എന്ത് നടപടി വേണമെന്ന് തീരുമാനമെടുക്കുക.