കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മൃതദേഹം പുഴയിൽ ഒഴുകുകയായിരുന്നുവെന്നും ജയരാജൻ പറഞ്ഞു
പിപിഇ കിറ്റ് വാങ്ങിയതിൽ ക്രമക്കേടെന്ന സിഎജി റിപ്പോർട്ടിൽ പ്രതികരണവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. മനുഷ്യൻ മരിക്കാൻ കിടക്കുമ്പോൾ സ്റ്റോർ പർച്ചേസ് വ്യവസ്ഥകൾ മറികടന്നുകൊണ്ട് സാധനങ്ങൾ വാങ്ങേണ്ടിവരും. പിപിഇ കിറ്റ് വാങ്ങൽ അനിവാര്യതയായിരുന്നുവെന്നും എം.വി. ജയരാജൻ പറഞ്ഞു.
"കോൺഗ്രസും ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മൃതദേഹം പുഴയിൽ ഒഴുകുകയായിരുന്നു. സമാനതകൾ ഇല്ലാത്ത പ്രതിരോധ ഉപകരണങ്ങൾ വാങ്ങേണ്ടി വന്നിട്ടുണ്ട്. അന്ന് ആവശ്യത്തിനുള്ള പിപിഇ കിറ്റുകൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് പലരും ഉത്പാദനം തുടങ്ങിയത്. ജനങ്ങളോട് ഇക്കാര്യത്തിൽ മറുപടി പറയാൻ ഒരു പ്രശ്നവുമില്ല", എം.വി. ജയരാജൻ പറഞ്ഞു.
കോവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം ശരിവെച്ച് സിഎജി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയാണ് എം.വി. ജയരാജൻ്റെ പ്രതികരണം. പിപിഇ കിറ്റ് ക്രമക്കേടില്‍ സര്‍ക്കാരിന് 10.23 കോടി രൂപ അധിക ബാധ്യത ഉണ്ടായി. പൊതുവിപണിയെക്കാള്‍ 300 ഇരട്ടി കൂടുതല്‍ പണം നല്‍കിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
കുറഞ്ഞ തുകയ്ക്ക് പിപിഇ കിറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞുകൊണ്ടാണ് മറ്റൊരു കമ്പനിയില്‍ നിന്ന് അതിനേക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് പിപിഇ കിറ്റ് വാങ്ങിച്ചതെന്നും റിപ്പോർട്ടുണ്ട്. സാന്‍ ഫാര്‍മ എന്ന കമ്പനിക്ക് മുന്‍കൂറായി മുഴുവന്‍ പണവും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെയും പിപിഇ കിറ്റ് വാങ്ങിയത് സംബന്ധിച്ച് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു.
2020 മാര്‍ച്ച് 28 ന് 550 രൂപയ്ക്കാണ് പിപിഇ കിറ്റ് വാങ്ങിയത്. മാര്‍ച്ച് 30 ന് 1550 രൂപയ്ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങി. രണ്ട് ദിവസത്തില്‍ പിപിഇ കിറ്റിന്റെ വില 1000 രൂപ കൂടിയെന്നും ഇന്ന് നിയമസഭയില്‍ വെച്ച സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.