സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന സമിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്
കൊല്ലത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറക്കം. വികസന രേഖയുടെ ചർച്ചയ്ക്ക് മുഖ്യമന്ത്രി മറുപടി പറയും. സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും പാർട്ടി കോൺഗ്രസ് പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും. സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കുന്ന സംസ്ഥാന സമിതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. 19ഓളം അംഗങ്ങളെ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. പ്രായപരിധി, അനാരോഗ്യം, പ്രവർത്തന പോരായ്‌മ തുടങ്ങിയവയാണ് ഒഴിവാക്കാനുള്ള കാരണങ്ങൾ. പ്രായപരിധിയിൽ തട്ടിയാണ് ഭൂരിഭാഗം പേരും പുറത്തുപോകുന്നത്. പുതിയ സംസ്ഥാന സമിതിയിൽ യുവാക്കൾക്കും സ്ത്രീകൾക്കും കൂടുതൽ പ്രാതിനിധ്യം കിട്ടിയേക്കും.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരാണ് സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടേക്കാവുന്നവരിൽ ശ്രദ്ധേയർ. ഇവർക്ക് പുറമെ മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെയും ഒഴിവാക്കിയേക്കും. അനാരോഗ്യം പരിഗണിച്ചാകും ശ്രീരാമകൃഷ്ണനെ മാറ്റുക. എം.വി. ബാലകൃഷ്‌ണൻ, പി. നന്ദകുമാർ, എം.എം. വർഗീസ്, എൻ.ആർ. ബാലൻ, എം.കെ. കണ്ണൻ, ഗോപി കോട്ടമുറിക്കൽ, സി.എം. ദിനേശ് മണി, കെ. ചന്ദ്രൻപിള്ള, എസ്. ശർമ, കെ. വരദരാജൻ, പി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ, കെ. രാജഗോപാൽ, ആനാവൂർ നാഗപ്പൻ, ഇ.എൻ. മോഹൻദാസ് എന്നിവരും ഒഴിവാക്കപ്പെട്ടേക്കാം.
ALSO READ: 'പി.പി. ദിവ്യ തെറ്റു ചെയ്തു'; അതുകൊണ്ടാണ് നടപടി എടുത്തതെന്ന് എം.വി. ഗോവിന്ദന്‍
പ്രായപരിധിയിൽ തട്ടിയാണ് ഭൂരിഭാഗം പേരും മാറേണ്ടിവരുന്നത്. പ്രായപരിധി നിശ്ചയിക്കുന്നതിൽ ചില ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. യഥാർഥ പ്രായവും രേഖകളിലെ പ്രായവും വ്യത്യാസമാണെങ്കിൽ ഏതാകും പരിഗണിക്കുക എന്ന് സംസ്ഥാന നേതൃത്വം തീരുമാനിക്കും. കൊല്ലത്ത് നിന്നുള്ള പ്രതിനിധി സൂസൻ കോടിയേയും സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയേക്കും. കരുനാഗപ്പള്ളിയിലെ വിഭാഗീയ പ്രവർത്തനങ്ങളും നീക്കങ്ങളുമാണ് സൂസൻ കോടിയെ ഒഴിവാക്കാൻ കാരണമാകുക. 19ഓളം പേർ ഒഴിയുമ്പോൾ 30ഓളം പേരുകളടങ്ങുന്ന പട്ടികയാണ് പരിഗണനയിലേക്ക് വരുന്നത്. ഇതിൽ ജില്ലാ സെക്രട്ടറിമാരായ കെ.വി. അബ്‌ദുൾ ഖാദർ, കെ. റഫീഖ്, എം. മെഹബൂബ്, വി.പി. അനിൽ, എം. രാജഗോപാലൻ എന്നിവർ ഉറപ്പായും സംസ്ഥാന സമിതിയിൽ എത്തും.
തിരുവനന്തപുരത്ത് നിന്ന് ഡി.കെ. മുരളി എംഎൽഎ, ഐ.ബി. സതീഷ് എംഎൽഎ, എസ്.കെ. പ്രീജ എന്നിവരിൽ ഒരാളെയാകും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുക എന്നാണ് അറിയുന്നത്. കൊല്ലത്ത് നിന്ന് സൂസൻ കോടി ഒഴിവാക്കുകയാണെങ്കിൽ എക്സ് ഏണസ്റ്റ് സംസ്ഥാന സമിതിയിലേക്ക് എത്തിയേക്കും. എം. നൗഷാദ് എംഎൽഎ, എസ്. ജയമോഹൻ തുടങ്ങിയവരും സംസ്ഥാന കമ്മിറ്റിയിൽ എത്തിയേക്കും. ഇതിൽ എക്സ് ഏണസ്റ്റിനാണ് മുൻതൂക്കം. പത്തനംതിട്ടയിൽ നിന്ന് നിലവിൽ രണ്ട് പേരാണ് സംസ്ഥാന കമ്മിറ്റിയിൽ ഉള്ളത്. മുൻ ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു, നിലവിലെ ജില്ലാ സെക്രട്ടി രാജു എബ്രഹാം എന്നിവരാണ് സംസ്ഥാന സമിതിയിൽ ഉള്ളത്.
മന്ത്രി വീണാ ജോർജിനെ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചാൽ പത്തനംതിട്ടയിൽ നിന്നുള്ള അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടി വന്നേക്കും. നിലവിലെ അംഗസംഖ്യ നിലനിർത്തുകയാണെങ്കിൽ വീണാ ജോർജിനെ ഉൾപ്പെടുത്തണമെങ്കിൽ കെ.പി. ഉദയഭാനുവിനെ ഒഴിവാക്കേണ്ടി വരും. ആലപ്പുഴയിൽ നിന്ന് കെ.എച്ച്. ബാബുജാൻ, പി.പി. ചിത്തരഞ്ജൻ എംഎൽഎ, എച്ച്. സലാം എംഎൽഎ, കെ. പ്രസാദ് എന്നിവരുടെ പേരുകളും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് ജെയ്ക് സി. തോമസ്, പി.കെ. ഹരികുമാർ, ടി.ആർ. രഘുനാഥൻ, റെജി സക്കറിയ എന്നിവരെയും പരിഗണിക്കുന്നുണ്ട്.
എറണാകുളത്ത് നിന്ന് പുഷ്പാ ദാസ്, ജോൺ ഫെർണാണ്ടസ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. തൃശൂരിൽ നിന്ന് യു.പി. ജോസഫ്, മന്ത്രി ആർ. ബിന്ദു എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മലപ്പുറത്ത് നിന്ന് ശശികുമാർ, കൂട്ടായി ബഷീർ, സോഫിയ, സിന്ധു എന്നീ പേരുകളാണ് മലപ്പുറത്ത് സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കുന്നത്. കോഴിക്കോട് നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫിന്റെ പേരും ഉയരുന്നുണ്ട്. കണ്ണൂരിൽ നിന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്, എൻ. സുകന്യ, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ എന്നിവരുടെ പേരുകൾക്കാണ് മുൻഗണന.
സംസ്ഥാന കമ്മിറ്റിയിലെ അംഗസംഖ്യ വർദ്ധിപ്പിച്ചേക്കാൻ ഇടയില്ല. സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുകയും പുതിയ സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുക്കുകയുമാണ് ചെയ്യുക. എന്നാൽ 2022ലെ എറണാകുളം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിക്ക് പുറമെ സെക്രട്ടേറിയറ്റ് അംഗങ്ങളെ തെരഞ്ഞെടുത്തിരുന്നു. ഈ രീതി കൊല്ലം സമ്മേളനത്തിൽ തുടർന്നേക്കാം. സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരുടെ ഒഴിവിലേക്ക് തിരുവനന്തപുരത്ത് നിന്ന് ടി.എൻ. സീമ, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. ഇ.പി. ജയരാജൻ, ടി.പി. രാമകൃഷ്ണൻ എന്നിവർക്ക് ഏതാനും മാസങ്ങൾക്കുള്ളിൽ 75 വയസ് തികഞ്ഞാലും ഇരുവരെയും സെക്രട്ടേറിയറ്റിൽ നിലനിർത്തിയേക്കും.
നിലവിലെ സെക്രട്ടേറിയറ്റിൽ രണ്ട് ഒഴിവുകളാണുള്ളത്. ഈ ഒഴിവുകളിലൊന്നിൽ ടി.എൻ. സീമയെയാണ് പരിഗണിക്കുന്നത്. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പേരും പരിഗണനയിലുണ്ട്. കണ്ണൂരിൽ നിന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്താൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്ക് സാധ്യതയേറെയാണ്. പി. ശശി സെക്രട്ടേറിയറ്റിലേക്ക് എത്തുന്നില്ല എങ്കിൽ എം.വി. ജയരാജന്റെ പേരും പി. ജയരാജന്റെ പേരും പരിഗണിച്ചേക്കാം. നിലവിൽ 17 അംഗങ്ങളാണ് സംസ്ഥാന സെക്രട്ടേറിയേറ്റിലുള്ളത്.
സിപിഎമ്മിൻ്റെ കരുത്ത് വിളിച്ചോതാൻ ഇന്ന് കൊല്ലത്ത് ബഹുജന റാലി നടക്കും. രണ്ട് ലക്ഷത്തോളം പ്രവർത്തകർ റാലിയിൽ പങ്കെടുക്കും. വൈകീട്ട് നാലിനാണ് പൊതുസമ്മേളനം. ഇരുപത്തിഅയ്യായിരത്തോളം പേർ റെഡ് വളണ്ടിയർ മാർച്ചിൻ്റെ ഭാഗമാകും.