'പണി' എന്ന പേരിൽ വാട്സാആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വിദ്യാർഥിനികളെയടക്കം ലഹരി കെണിയിൽ വീഴ്ത്തുന്നത്. ആറാം ക്ലാസുമുതലുള്ള വിദ്യാർഥികളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്
കൊച്ചിയില്‍ സ്കൂൾവിദ്യാർത്ഥികൾ രാസലഹരി ഉപയോഗിക്കുന്നതിൻ്റെയും ലഹരി ചോക്ലേറ്റ് തയാറാക്കുന്നതിൻ്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ന്യൂസ് മലയാളത്തിന്. പെൺകുട്ടികള്‍ക്ക് അടക്കം ലഹരിമരുന്ന് ചേർത്ത ചോക്ലേറ്റ് കൈമാറുന്നതിൻ്റെ ദൃശ്യങ്ങള്‍ കൂടിയാണ് പുറത്തായത്. വിദ്യാർഥികളെ വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് കെണിയില്‍ വീഴ്ത്തുന്നത്.
'പണി' എന്ന പേരിൽ വാട്സാആപ്പ് ഗ്രൂപ്പുണ്ടാക്കിയാണ് വിദ്യാർഥിനികളെയടക്കം ലഹരി കെണിയിൽ വീഴ്ത്തുന്നത്. ആറാം ക്ലാസുമുതലുള്ള വിദ്യാർഥികളാണ് വാട്സ്ആപ്പ് ഗ്രൂപ്പിലുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ വിവിധ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ദൃശ്യങ്ങളും ഈ ഗ്രൂപ്പിൽ ഷെയർ ചെയ്യുന്നുണ്ട്. ലഹരിവസ്തുക്കൾ വാങ്ങാൻ പണമില്ലാത്തപ്പോൾ മോഷണം നടത്തിയാണ് ഇവർ പണം കണ്ടെത്തുന്നത്.
പതിനൊന്നാം ക്ലാസുകാർ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എംഡിഎംഎ അടക്കമുള്ള സിന്തറ്റിക്ക് ഡ്രഗുകളാണ് വിദ്യാർഥികൾ ഉപയോഗിക്കുന്നത്. പെൺകുട്ടികൾക്ക് ചോക്ലേറ്റുകളിൽ ചേർത്താണ് ലഹരി നൽകുന്നത്. ലഹരി ചോക്ലേറ്റ് തയ്യാറാക്കിയ ശേഷം, പെൺകുട്ടികൾക്ക് സമ്മാനമായി നൽകും. ശേഷം പെൺകുട്ടികൾ ശാരീരികമായി ഉപദ്രവിക്കപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം കൊച്ചിയിൽ ലഹരിഉപയോഗിച്ച യുവാക്കൾ തമ്മിൽ സംഘർഷമുണ്ടായി. കൊച്ചി ക്വീൻസ് വാക്ക് വേയിലാണ് യുവാക്കൾ ഏറ്റുമുട്ടിയത്. പുതുവൈപ്പ് ബീച്ച് പരിസരത്തുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് വാക്ക് വോയിലേക്ക് നീളുകയായിരുന്നു. വഴിക്ക് തടസം നിന്നതുമായി ബന്ധപ്പെട്ട് തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. പരിക്കേറ്റ ഒരു യുവാവ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.