2017ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നു
ചിയാന്‍ വിക്രമും സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും ഒന്നിച്ച് ധ്രുവ നച്ചത്തിരത്തിന്റെ റിലീസിനായി വര്‍ഷങ്ങളായി ആരാധകര്‍ കാത്തിരിക്കുന്നു. 2024ല്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ച ചിത്രം ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം വീണ്ടും മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വാര്‍ത്തയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രം 2025 ഏപ്രിലില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ വിവരം. ചിത്രത്തിന്റെ സംഗീത സംവിധായകനായ ഹാരിസ് ജയരാജാണ് ഇക്കാര്യം അറിയിച്ചത്. കൊയമ്പത്തൂര്‍ വെച്ച് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഹാരിസ് റിലീസുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവിട്ടത്.
'ഈ അവസരത്തില്‍ ഒരു സന്തോഷ വാര്‍ത്ത പങ്കുവെക്കാനുണ്ട്. അവസാനം ധ്രുവനച്ചത്തിരം അടുത്ത മാസം റിലീസ് ചെയ്യും. ഇത് ഗൗതം വാസുദേവ് മേനോന്റെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഇത്രയും നമ്മള്‍ കാത്തിരുന്നു. ഇനി കുറച്ച് സമയം കൂടി കാത്തിരിക്കാം', എന്നാണ് ഹാരിസ് ജയരാജ് പറഞ്ഞത്. നേരത്തെ ചിത്രം ഈ വര്‍ഷം മെയില്‍ റിലീസ് ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും തന്നെ വന്നിരുന്നില്ല. അതിനിടയിലാണ് ഹാരിസ് ജയരാജിന്റെ പ്രഖ്യാപനം.
2017ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. പിന്നീട് സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം ചിത്രീകരണം നിര്‍ത്തി വെക്കേണ്ടി വന്നു. 2023ലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണ്ണമായും പൂര്‍ത്തിയാകുന്നത്. അതിന് ശേഷം ഇതുവരെ ചിത്രം റിലീസ് ചെയ്തിട്ടില്ല.
ചിയാന്‍ വിക്രം, ഋതു വര്‍മ്മ, സിമ്രാന്‍, പാര്‍ഥിബന്‍, രാധിക ശരത്കുമാര്‍, വിനായകന്‍, ദിവ്യദര്‍ശിനി, വംശി കൃഷ്ണ തുടങ്ങിയവരാണ് ഈ സ്പൈ ത്രില്ലറില്‍ അഭിനയിക്കുന്നത്. ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരില്‍ സംഗീതസംവിധായകന്‍ ഹാരിസ് ജയരാജും എഡിറ്റര്‍ ആന്റണിയും ഉള്‍പ്പെടുന്നു.