'ഇത്തരം സംഭവം നടന്നിട്ടും അയല്‍വാസികള്‍ സംഭവം അറിയാന്‍ വൈകി. ആര്‍ദ്ര ആത്മഹത്യ ചെയ്യുമ്പോള്‍ ഭര്‍ത്താവും, ഭര്‍ത്താവിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു'
കോഴിക്കോട് പയ്യോളിയില്‍ നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഫെബ്രുവരി രണ്ടിനായിരുന്നു വിവാഹം. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ അസ്വാഭാവികതയുണ്ടെന്ന് കുടുംബം ആരോപിച്ചു.
അതേസമയം ആര്‍ദ്ര ആത്മഹത്യ ചെയ്യാന്‍ തക്കതായ എന്തെങ്കിലും കാരണം ഉള്ളതായി ബന്ധുക്കളോടൊന്നും പറഞ്ഞിട്ടില്ലെന്ന് അമ്മാവന്‍ അരവിന്ദന്‍ പറഞ്ഞു. ആത്മഹത്യക്ക് ശേഷം പെണ്‍കുട്ടിയെ ഹോസ്പിറ്റലില്‍ കൊണ്ടു പോയപ്പോള്‍ ബാത്ത്‌റൂമില്‍ വീണു എന്നാണ് അയല്‍വാസികളോട് പറഞ്ഞത്.
ഇത്തരം സംഭവം നടന്നിട്ടും അയല്‍വാസികള്‍ സംഭവം അറിയാന്‍ വൈകി. ആര്‍ദ്ര ആത്മഹത്യ ചെയ്യുമ്പോള്‍ ഭര്‍ത്താവും, ഭര്‍ത്താവിന്റെ അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. ഇതിലൊക്കെയാണ് അസ്വാഭാവികത തോന്നുന്നതെന്നും അമ്മാവന്‍ പറഞ്ഞു.
ഇന്നലെയും പെണ്‍കുട്ടി വീട്ടില്‍ വിളിച്ചിരുന്നു. പെരുമാറ്റത്തില്‍ എന്തെങ്കിലും പ്രശ്‌നം ഉള്ളതായി തോന്നിയില്ല. ഈ കാര്യങ്ങള്‍ ഒക്കെ കൊയിലാണ്ടി പൊലീസില്‍ പറഞ്ഞിട്ടുണ്ടെന്നും അമ്മാവന്‍ പറഞ്ഞു.