കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീറിനെയാണ് ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്
മലപ്പുറം ചുങ്കത്തറയില്‍ കൂറുമാറിയ പഞ്ചായത്തംഗത്തിൻ്റെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തിയ കേസിൽ സിപിഎം ഏരിയ സെക്രട്ടറിക്കെതിരെ കേസ്. സിപിഎം ഏരിയ സെക്രട്ടറി ടി. രവീന്ദ്രൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെയാണ് എടക്കര പൊലീസ് കേസെടുത്തത്. കൂറുമാറിയ പഞ്ചായത്തംഗം നുസൈബയുടെ ഭര്‍ത്താവ് സുധീറിനെയാണ് ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയത്. സുധീർ പുന്നപ്പാലയുടെ പരാതിയെത്തുടർന്നാണ് നടപടി.
പാര്‍ട്ടിയെ കുത്തിയാണ് പോകുന്നത്, ഭാവിയില്‍ അതിൻ്റെ ഭവിഷ്യത്ത് ഉണ്ടാകും. ഒരു ദാക്ഷിണ്യവും നിന്നോടോ നിൻ്റെ കുടുംബത്തിനോടോ ഉണ്ടാകില്ല. സിപിഎമ്മിൻ്റെ ഏരിയാ സെക്രട്ടറിയാണ് പറയുന്നത്. കരുതിയിരുന്നോ എന്നൊക്കെയായിരുന്നു നേതാവ് ഭീഷണി മുഴക്കിയത്. എന്നാല്‍ താന്‍ ഭീഷണിപ്പെടുത്തിയതല്ലെന്നും കൂറുമാറില്ലെന്ന് ഉറപ്പ് നല്‍കിയിട്ട് ലംഘിച്ചപ്പോള്‍ പ്രതിഷേധം അറിയിക്കുകയാണ് ചെയ്തതെന്നുമായിരുന്നു ഏരിയാ സെക്രട്ടറിയുടെ വിശദീകരണം.
വൈസ് പ്രസിഡൻ്റ് നുസൈബ സുധീര്‍ കൂറുമാറി വോട്ട് ചെയ്തതിനെ തുടര്‍ന്ന് ചുങ്കത്തറ പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചിരുന്നു. 20 അംഗ പഞ്ചായത്ത് ഭരണ സമിതിയില്‍ എല്‍ഡിഎഫാണ് ഭരിച്ചിരുന്നത്. ഇരു മുന്നണികള്‍ക്കും പത്ത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. ഒമ്പതിനെതിരെ 11 വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. അന്‍വര്‍ ഇടപെട്ടാണ് നുസൈബ കൂറുമാറ്റിയതെന്നാണ് സിപിഎം ആരോപിക്കുന്നത്