50 ലക്ഷം യുഎസ് ഡോളർ നിക്ഷേപത്തിന് പകരമായി സമ്പന്നർക്ക് 'ഗോള്‍ഡന്‍ കാർഡുകള്‍' വില്‍ക്കാനാണ് ട്രംപിന്‍റെ പദ്ധതി
ദരിദ്ര കുടിയേറ്റക്കാരെ നാടുകടത്തുന്ന അതേ അമേരിക്കയിലേക്ക് സമ്പന്ന കുടിയേറ്റക്കാരെ ക്ഷണിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. 50 ലക്ഷം യുഎസ് ഡോളർ നിക്ഷേപത്തിന് പകരമായി സമ്പന്നർക്ക് 'ഗോള്‍ഡന്‍ കാർഡുകള്‍' വില്‍ക്കാനാണ് ട്രംപിന്‍റെ പദ്ധതി. 10 ലക്ഷത്തിലധികം ഗോൾഡൻ കാർഡുകൾ വിറ്റുപോകുമെന്നാണ് ട്രംപിൻ്റെ പക്ഷം.
50 ലക്ഷം യുഎസ് ഡോളർ യുഎസിനായി നിക്ഷേപിക്കുകയാണെങ്കിൽ, നിലവിലുള്ള ഗ്രീന്‍ കാർഡിന് സമാനമായ പൗരാവകാശങ്ങളാണ് വിദേശികള്‍ക്ക് ട്രംപ് നൽകുക. നിക്ഷേപത്തിനുപകരം പൗരത്വമെന്ന നിലയ്ക്കാണ് ഗോള്‍ഡന്‍ കാർഡുകള്‍ അനുവദിക്കുന്നത്. 43 കോടി ഇന്ത്യന്‍ രൂപയ്ക്ക് തുല്യമാണ് 50 ലക്ഷം യുഎസ് ഡോളർ. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ദശലക്ഷക്കണക്കിന് ഗോള്‍ഡന്‍ കാർഡുകള്‍ അനുവദിച്ചുതുടങ്ങുമെന്നാണ് ട്രംപ് ചൊവ്വാഴ്ച അറിയിച്ചത്. ഈ ഫീസടച്ചാല്‍ ട്രംപ് പറയുന്നതുപോലെ സമ്പന്നർക്ക് അമേരിക്കന്‍ പൗരത്വത്തിലേക്കുള്ള വഴിതുറന്നുകിട്ടും.
ALSO READ: യുഎസുമായുള്ള ധാതുകരാറിൽ യുക്രെയ്ൻ ഒപ്പുവെയ്ക്കും; സ്ഥിരീകരിച്ച് സെലൻസ്കിയുടെ ഓഫീസ്
സമ്പന്നരായ വിദേശികളെ രാജ്യത്തേക്ക് സ്വീകരിച്ച് അമേരിക്കയിലെ നിക്ഷേപവും അതുവഴി തൊഴിലവസരങ്ങളും വർധിപ്പിക്കുകയാണ് ട്രംപിൻ്റെ ലക്ഷ്യം. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തുവിടുമെന്ന് ട്രംപ് അറിയിച്ചു. ഗോൾഡൻ കാർഡുകൾ വഴി രാജ്യത്തെ കടങ്ങൾ വീട്ടാൻ സാധിക്കുമെന്നും ട്രംപ് പറയുന്നു.
വിദേശ നിക്ഷേപകർക്ക് യുഎസിലേക്ക് കുടിയേറാനും, വിസയ്ക്ക് അപേക്ഷിക്കാനും അനുവദിക്കുന്ന സർക്കാരിന്റെ ഇബി-5 കുടിയേറ്റ നിക്ഷേപക വിസയ്ക്ക് പകരമായാണ് ട്രംപ് ഗോള്‍ഡന്‍ കാർഡ് അവതരിപ്പിക്കുന്നത്. പത്ത് ലക്ഷം ഡോളർ മുതൽ എട്ട് ലക്ഷം വരെ നിക്ഷേപിക്കുന്നവർക്കായിരുന്നു യുഎസ് ഇബി-5 നൽകിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നമേഖലകളിലേക്ക് നിക്ഷേപമെത്തിച്ചിരുന്ന ഈ പദ്ധതി 1992മുതല്‍ നിലവിലുള്ളതാണ്.
ആദ്യഭരണകാലം മുതല്‍ പദ്ധതിയില്‍ പരിഷ്കരണത്തിന് ട്രംപ് ശ്രമിച്ചിരുന്നു. 2019 ല്‍ പദ്ധതിപ്രകാരമുള്ള കുറഞ്ഞ നിക്ഷേപം 18 ലക്ഷം ഡോളറായും പിന്നോക്കമേഖലകളില്‍ 9 ലക്ഷം ഡോളറായും ട്രംപ് ഭരണകൂടം ഉയർത്തിയെങ്കിലും 2021-ൽ ഒരു ഫെഡറൽ ജഡ്ജ് ഈ മാറ്റം റദ്ദാക്കി. രണ്ടാമത് അധികാരത്തിലേത്തുമ്പോള്‍ പദ്ധതി പൂർണമായി പൊളിച്ചുമാറ്റുകയാണ് ട്രംപ്. ട്രംപിന്‍റെ പുതിയ നീക്കത്തിൽ പൗരത്വ അവകാശങ്ങള്‍ പണത്തിനുവില്‍ക്കുന്നതിലെ ധാർമികത അടക്കമുള്ള വിഷയങ്ങൾ ചർച്ചചെയ്യപ്പെട്ടേക്കും.