fbwpx
വെഞ്ഞാറമൂട് കൂട്ടക്കൊല: ബന്ധുക്കളെകുറിച്ച് ചോദിച്ചു, ചോദ്യങ്ങളോട് പ്രതികരിച്ചു; ഷെമി ആരോഗ്യനില വീണ്ടെടുക്കുന്നു
logo

ന്യൂസ് ഡെസ്ക്

Posted : 26 Feb, 2025 12:05 PM

തലയില്‍ മുറിവുകളുണ്ടായിരുന്നു. മുഖത്ത് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. താടിയെല്ലിനും തലയോട്ടിയുടെ എല്ലിനുമാണ് പൊട്ടലെന്നും ഡോക്ടര്‍ പറഞ്ഞു.

KERALA


വെഞ്ഞാറമൂട് കൂട്ടക്കൊല കേസ് പ്രതി അഫാന്റെ അമ്മ ഷെമി ആരോഗ്യനില വീണ്ടെടക്കുന്നതായി ഡോക്ടര്‍മാര്‍. ചോദ്യത്തോട് പ്രതികരിച്ചതായും സംസാരിക്കുന്നതായും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പൊലീസ് എത്തിയിരുന്നെങ്കിലും ഷെമി മയക്കത്തിലായിരുന്നതിനാല്‍ മൊഴിയെടുക്കല്‍ നടന്നിരുന്നില്ല. ഇന്ന് പൊലീസ് എത്തുകയാണെങ്കില്‍ നോക്കാമെന്നും ഡോക്ടര്‍ കിരണ്‍ രാജഗോപാല്‍ വ്യക്തമാക്കി.

'ഷെമിയുടെ തലച്ചോറിന്റെ സ്‌കാന്‍ രാവിലെ എടുത്തിരുന്നു. അതില്‍ തലച്ചോറിലെ നീര് കൂടിയിട്ടില്ല. ഇന്നലെയുള്ള അതേ പോലെ തന്നെ തുടരുന്നുണ്ട്. അവര്‍ക്ക് ബോധമുണ്ട്. സംസാരിക്കുന്നുണ്ട്. കാര്യങ്ങള്‍ ഒക്കെ അറിയാം. ബന്ധുക്കളെ ഒക്കെ അന്വേഷിക്കുന്നുണ്ട്. മറ്റു അവയവങ്ങളുടെ പ്രവര്‍ത്തനങ്ങളും മാറ്റമില്ലാതെ തുടരുന്നുണ്ട്. വേദനയുടെയും മരുന്നിന്റെയും മറ്റും കാര്യങ്ങള്‍ ആണ് സംസാരിക്കുന്നത്,' ഡോക്ടര്‍ പറഞ്ഞു.

ഇന്നലെ വൈകുന്നേരത്തോടെ തന്നെ ഷെമിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. അതേനിലയില്‍ തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. തലയില്‍ മുറിവുകളുണ്ടായിരുന്നു. മുഖത്ത് എല്ലുകള്‍ക്ക് പൊട്ടലുണ്ട്. താടിയെല്ലിനും തലയോട്ടിയുടെ എല്ലിനുമാണ് പൊട്ടലെന്നും ഡോക്ടര്‍ പറഞ്ഞു.


ALSO READ: ആശാ വർക്കർമാർക്ക് ഭീഷണി സന്ദേശവുമായി CITU; സമരത്തെ വീണ്ടും അധിക്ഷേപിച്ച് എളമരം കരീം


കട്ടിലില്‍ നിന്ന് തല അടിച്ചു വീണാണ് അപകടമുണ്ടാക്കിയതെന്നായിരുന്നു കഴിഞ്ഞ ദിവസം ഷെമി മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. വീടിന്റെ താഴത്തെ നിലയില്‍ തലയില്‍ നിന്ന് ചോര വാര്‍ന്ന നിലയിലായിരുന്നു അഫാന്റെ അമ്മ ഷെമി കിടന്നിരുന്നത്. അവരുടെ കണ്ണിമ മാത്രം നേരിയതായി ചിമ്മുന്നുണ്ടായിരുന്നു. ഗുരുതര പരിക്കുകളോടെ അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

അതേസമയം പ്രതി അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതിയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. കൊലപ്പെടുത്താന്‍ ഉപയോഗിച്ച രീതി പ്രതി ഗൂഗിളില്‍ തിരഞ്ഞിരുന്നോ എന്നതടക്കമുള്ള തെളിവുകളാണ് അന്വേഷണ സംഘം ശേഖരിക്കാനൊരുങ്ങുന്നത്. അഫാന്റെ മാനസികനില പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരടങ്ങിയ സംഘവും ഇന്നെത്തും.

കുറ്റകൃത്യത്തിന് ശേഷം പ്രതി അഫാന്‍ ഫോണിലെ ചില ചാറ്റുകള്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. ഇവ വീണ്ടെടുക്കാനായി അന്വേഷണസംഘം ഗൂഗിളിന് മെയിലയച്ചു. കുടുംബത്തിലെ സാമ്പത്തിക പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടായ കുടുംബ പ്രശ്‌നങ്ങളുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ അഫാന്റെ മൊഴി പൊലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ആശുപത്രിയില്‍ കഴിയുന്ന പ്രതി അഫാനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഫാനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൊലപാതകത്തിന് പിന്നാലെ കാരണത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കൂ എന്നാണ് പൊലീസിന്റെ പക്ഷം.


ALSO READ: 'രാഷ്ട്രീയ എതിര്‍ചേരിയിലുള്ളവരെ കാണുന്നതുകൊണ്ട് എന്താണ് പ്രശ്‌നം?'; ശശി തരൂരുമായുള്ള പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം പുറത്ത്


കഴിഞ്ഞദിവസം വൈകുന്നേരം അഞ്ച് മണിയോടെയാണ് വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തി അഫാന്‍ കൊലപാതകം നടത്തിയ കാര്യം പൊലീസിനോട് ഏറ്റു പറഞ്ഞത്. ആറ് പേരെ കൊന്നെന്നായിരുന്നു പ്രതി പറഞ്ഞത്. ഇതേതുടര്‍ന്ന് പൊലീസുകാര്‍ ഇയാളെയും കൂട്ടി പോരുമലയിലെ വീട്ടിലെത്തുകയായിരുന്നു. അടുക്കളവാതില്‍ തകര്‍ത്ത് പൊലീസും നാട്ടുകാരും ഉള്ളില്‍ കയറിയപ്പോള്‍ പാചകവാതകത്തിന്റെ ഗന്ധമുണ്ടായിരുന്നു. കൂട്ടക്കൊലയ്ക്ക് ശേഷം ഗ്യാസ് കുറ്റി തുറന്നുവിട്ടിട്ടായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലേക്ക് പോയത്.

WORLD
സുഡാനിലെ വിമാനാപകടം: മരണസംഖ്യ 46 ആയി
Also Read
user
Share This

Popular

NATIONAL
KERALA
എല്ലാ ഇന്ത്യക്കാര്‍ക്കുമായി 'സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി'; പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു