fbwpx
രഞ്ജി ട്രോഫി ഫൈനല്‍: വിദര്‍ഭയെ വിറപ്പിച്ച് കേരളത്തിന്റെ തുടക്കം; ആദ്യ സെഷനില്‍ വീണത് മൂന്ന് വിക്കറ്റ്
logo

ന്യൂസ് ഡെസ്ക്

Last Updated : 26 Feb, 2025 03:25 PM

ഇരട്ട വിക്കറ്റ് നേട്ടവുമായി എം.ഡി. നിതീഷും, ഒരു വിക്കറ്റുമായി ഏഡന്‍ ആപ്പിള്‍ ടോമുമാണ് വിദര്‍ഭയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്.

CRICKET


രഞ്ജി ട്രോഫി ഫൈനല്‍ മത്സരത്തില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് മികച്ച തുടക്കം. സ്കോര്‍ ബോര്‍ഡ് തുറക്കുംമുന്‍പേ, വിദര്‍ഭയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ടീം സ്കോര്‍ 25 റണ്‍സിലെത്തുമ്പോള്‍ വിദര്‍ഭയുടെ മൂന്ന് മുന്‍നിര താരങ്ങളാണ് കൂടാരം കയറിയത്. ഇരട്ട വിക്കറ്റ് നേട്ടവുമായി എം.ഡി. നിതീഷും, ഒരു വിക്കറ്റുമായി ഏഡന്‍ ആപ്പിള്‍ ടോമുമാണ് വിദര്‍ഭയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. ഉച്ച ഭക്ഷണത്തിന് പിരിയുമ്പോള്‍, മൂന്ന് വിക്കറ്റിന് 81 റണ്‍സ് എന്ന നിലയിലാണ് വിദര്‍ഭ.

ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കേരളത്തിന് നിധീഷ് സ്വപ്നതുല്യമായ തുടക്കമാണ് നല്‍കിയത്. ആദ്യ ഓവറിലെ രണ്ടാം പന്തിലാണ് ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കിയത്. അംപയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും, കേരളം റിവ്യൂ കൊടുത്തു. തുടര്‍ന്നായിരുന്നു ഔട്ട് വിധിച്ചത്. ഏഴാം ഓവറില്‍ നിധീഷ് വീണ്ടും വിദര്‍ഭയെ ഞെട്ടിച്ചു. 21 പന്തില്‍ ഒരു റണ്ണുമായി നിന്ന ദര്‍ശന്‍ നല്‍ക്കാണ്ടെയെ നിധീഷ് എന്‍.പി. ബേസിലിന്റെ കൈയിലെത്തിച്ചു. 11 റണ്‍സില്‍ രണ്ട് വിക്കറ്റ് വീണതോടെ, വിദര്‍ഭ പരുങ്ങലിലായി.

13-ാം ഓവറില്‍ അടുത്ത വിക്കറ്റ്. ഒരറ്റത്ത് ശ്രദ്ധയോടെ ബാറ്റുവീശിയിരുന്ന ഓപ്പണര്‍ ധ്രുവ് ഷോറെയുടെ വിക്കറ്റാണ് വീണത്. ഈഡന്‍ ആപ്പിളിന്റെ പന്തില്‍ ഷോറെയെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് അസ്ഹറുദീന്‍ ക്യാച്ചെടുത്ത് പുറത്താക്കി. 25 പന്തില്‍ 16 റണ്‍സായിരുന്നു ഷോറെയുടെ സമ്പാദ്യം. ഇതോടെ ടീം സ്കോര്‍ മൂന്ന് വിക്കറ്റിന് 24 എന്ന നിലയിലായി. ഡാനിഷ് മാലെവാറും കരുണ്‍ നായരും ചേര്‍ന്നാണ് വിദര്‍ഭ ഇന്നിങ്സിന് പുതുജീവന്‍ നല്‍കിയത്. 88 പന്തില്‍ 38 റണ്‍സുമായി ഡാനിഷ് മാലെവാറും 48 പന്തില്‍ 24 റണ്‍സുമായി കരുണ്‍ നായരുമാണ് ക്രീസില്‍.


ALSO READ: 'ഇത് കേരളത്തിന്റെ 1983 നിമിഷം'; രഞ്ജി ട്രോഫി ഫൈനല്‍ പ്രവേശത്തെ ഇന്ത്യയുടെ ലോകകപ്പ് നേട്ടത്തോട് ഉപമിച്ച് മുന്‍ ക്യാപ്റ്റന്‍


നാഗ്പൂരിലെ ജംതയിലുള്ള വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് കലാശപ്പോര്. ആതിഥേയരുടെ ഹോം ഗ്രൗണ്ട് കേരളത്തിന് ഭാഗ്യ ഗ്രൗണ്ടാണ്. ഈ ഗ്രൗണ്ടിൽ കേരളം വിദർഭയോട് തോറ്റിട്ടില്ല. 2002നുശേഷം നാലു തവണ ഇരുവരും ഇവിടെ ഏറ്റുമുട്ടിയിട്ടുണ്ട്. രണ്ട് തവണ കേരളം ജയിച്ചു. 2002ലും 2007ലുമായിരുന്നു കേരളത്തിന്റെ ജയം. മറ്റു രണ്ട് മത്സരങ്ങൾ സമനിലയിലുമായി. ഒരിക്കൽ പോലും തോൽവി വഴങ്ങിയിട്ടില്ലെന്നതാണ് സച്ചിൻ ബേബിക്കും കൂട്ടർക്കും ആത്മവിശ്വാസം പകരുന്ന കാര്യം.

അതേസമയം, ഫൈനലിലെത്തിയ കേരളത്തിന് ആശങ്കയാകുന്ന മറ്റൊരു ചരിത്രമുണ്ട്. നേരത്തേ രണ്ട് തവണയും നോക്കൗട്ട് ഘട്ടത്തിൽ കേരളത്തിൻ്റെ യാത്ര അവസാനിപ്പിച്ചത് വിദർഭയായിരുന്നു. 2018-19 സീസണിൽ സെമിയിലെത്തിയ കേരളം വിദർഭയോട് തോറ്റു മടങ്ങിയിരുന്നു. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന മാച്ചിൽ ഇന്നിങ്‌സിനും 11 റൺസിനുമാണ് കേരളം തോറ്റത്. 2017-18 സീസണിൽ കേരളം ക്വാർട്ടറിൽ എത്തിയപ്പോൾ വിദർഭ 412 റൺസിന് തോൽപ്പിച്ചു. ക്വാർട്ടറിലും സെമിയിലും കേരളത്തെ തോൽപ്പിച്ച് മുന്നേറിയ വിദർഭ ആ രണ്ട് തവണയും കിരീടം നേടിയെന്നതാണ് മറ്റൊരു കൗതുകം.

NATIONAL
എല്ലാ ഇന്ത്യക്കാര്‍ക്കുമായി 'സാര്‍വത്രിക പെന്‍ഷന്‍ പദ്ധതി'; പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചു
Also Read
user
Share This

Popular

KERALA
KERALA
വെഞ്ഞാറമൂട് കൂട്ടക്കൊല: ബന്ധുക്കൾ കടം വീട്ടാൻ പണം തന്നില്ല, കൊലയ്ക്ക് പിന്നിലെ കാരണം വെളിപ്പെടുത്തി പ്രതി