മാര്‍ച്ച് 25 ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം വന്നതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്
നിര്‍മാതാവ് സുരേഷ് കുമാറിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ആന്റണി പെരുമ്പാവൂര്‍. ആശിര്‍വാദ് സിനിമാസിന്റെ എംപുരാന്‍ സിനിമയെ കുറിച്ച് സുരേഷ് കുമാര്‍ നടത്തിയ പ്രസ്താവനകളെ വിമര്‍ശിച്ചുള്ള പോസ്റ്റാണ് ആന്റണി പെരുമ്പാവൂര്‍ പിന്‍വലിച്ചത്.
മാര്‍ച്ച് 25 ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ക്ക് ഫിലിം ചേംബറിന്റെ അനുമതി വാങ്ങണമെന്ന നിര്‍ദേശം വന്നതിനു പിന്നാലെയാണ് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചത്. മാര്‍ച്ച 27 ന് റിലീസ് ചെയ്യാനിരിക്കുന്ന എംപുരാനെ ലക്ഷ്യം വെച്ചുള്ളതാണ് പുതിയ നിര്‍ദേശമെന്ന ചര്‍ച്ചകളുണ്ടായിരുന്നു. ഇതിനിടയിലാണ് ആന്റണി പെരുമ്പാവൂരിന്റെ നീക്കം.
ALSO READ: എംപുരാന്‍ മാർച്ചില്‍ എത്തില്ലേ? സിനിമാ റിലീസുകള്‍ക്ക് പുതിയ നിബന്ധനകളുമായി ഫിലിം ചേംബര്‍
എംപുരാന്‍ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ചുള്ള സുരേഷ് കുമാറിന്റെ പരാമര്‍ശങ്ങളായിരുന്നു തര്‍ക്കങ്ങളുടെ തുടക്കം. സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം സുരേഷ് കുമാര്‍ സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് മനസ്സിലാകുന്നില്ലെന്നും ഇതെല്ലാം പറയാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് അറിയില്ലെന്നുമായിരുന്നു പോസ്റ്റിന്റെ ചുരുക്കം.
നിര്‍മാതാക്കളുടെ സംഘടന പ്രഖ്യാപിച്ച സിനിമാ സമരത്തിന് എതിരെ പരസ്യമായി രംഗത്തെത്തുകയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തതില്‍ ആന്റണി പെരുമ്പാവൂരിനോട് ചേംബര്‍ വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കിയില്ലെങ്കില്‍ ആന്റണിക്കെതിരെ ഫിലിം ചേംബര്‍ നടപടി സ്വീകരിക്കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് മാര്‍ച്ച് 25ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങി വേണം കരാര്‍ ഒപ്പിടാനെന്ന നിര്‍ദേശവും എത്തിയത്. ഫിലിം ചേംബറിന്റെ നീക്കത്തില്‍ ഏറ്റവും അധികം വെല്ലുവിളി നേരിടുക മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ എത്തുന്ന എംപുരാന്‍ ആകും. ഇത് ഒഴിവാക്കാനാണ് ആന്റണി പോസ്റ്റ് പിന്‍വലിച്ചതെന്നാണ് സൂചന.