ഒരു വർഷമായി ഒരു എൻഡിഎ യോഗത്തിൽ പങ്കെടുത്തിട്ടില്ല
കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ കേരള കോൺഗ്രസ് ഡെമോക്രാറ്റിക് അധ്യക്ഷൻ സജി മഞ്ഞക്കടമ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിൽ ചേർന്നു. സജിയുടെ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയും ടിഎംസിയിൽ ലയിക്കും. സജിയുടെ തീരുമാനത്തിന് പാർട്ടിയുടെ പിന്തുണയുമുണ്ട്. ഒരു വർഷമായി ഒരു എൻഡിഎ യോഗത്തിൽ പങ്കെടുത്തിട്ടില്ല. അത് ഭാഗ്യമായി കരുതുന്നതായി സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
ALSO READ: പിണറായി കേരളത്തെ മയക്ക് മരുന്ന് കേന്ദ്രമാക്കി, പൊലീസും സർക്കാരും ഒളിച്ചു കളിക്കുന്നു: പി.വി. അന്‍വർ
കേന്ദ്രസർക്കാർ ഇടപെട്ട് റബ്ബർ താങ്ങ് വില വർധിപ്പിക്കും എന്ന് എൻഡിഎ ഉറപ്പ് നൽകിയിരുന്നു. വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള വിഷയങ്ങൾ എൻഡിഎ നേതൃത്വത്തിന് മുന്നിൽ വച്ചിരുന്നു. പക്ഷെ ആ വിഷയങ്ങളൊന്നും കേന്ദ്രസർക്കാരിൽ എത്തിയില്ല. പാർട്ടി സംവിധാനങ്ങൾ രൂപീകരിച്ചെങ്കിലും എൻഡിഎയുടെ ഭാഗത്തുനിന്ന് സംരക്ഷണം ലഭിച്ചില്ലെന്നും സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു.
ബിജെപിക്ക് ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. വേണ്ട പ്രോത്സാഹനം നൽകി രംഗത്തിറക്കിയിട്ടും പിന്നീട് വേണ്ട സഹായങ്ങൾ നൽകിയില്ല. തൃണമൂൽ കോൺഗ്രസിൽ ലയനം ഏപ്രിലിൽ നടക്കും. കോട്ടയത്താവും ലയന സമ്മേളനം. ദേശീയ നേതാക്കൾ ഉൾപ്പെടെ പരിപാടിയിൽ പങ്കെടുക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. കെ. സുരേന്ദ്രൻ ബിജെപിയിലെ മനുഷ്യപറ്റുള്ള നേതാവാണ്. തുഷാർ വെള്ളാപ്പള്ളി തൃണമൂലിൽ വന്നാൽ സ്വീകരിക്കുമെന്നും സജി മഞ്ഞക്കടമ്പില്‍ കൂട്ടിച്ചേർത്തു.