ഉത്തരേന്ത്യയില്‍നിന്നാണ് എംപുരാന്റെ കഥ ആരംഭിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ അടയാളപ്പെടുത്തുന്ന ഫ്രെയിമുകള്‍ ചിത്രത്തിലുണ്ട്.
ഗുജറാത്തിലെ മുസ്ലീം വംശഹത്യ തുറന്നു കാണിച്ചതിന് എമ്പുരാനെതിരെ വിദ്വേഷ പ്രചാരണം അഴിച്ചുവിട്ട് ഹിന്ദുത്വ വാദികള്‍. ചിത്രം റിലീസ് ആയതിന് പിന്നാലെ മോഹന്‍ലാലിനും പൃഥ്വിരാജിനുമെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ചിത്രം ബഹിഷ്‌കരിക്കാനും സംഘപരിവാര്‍ ആഹ്വാനം ചെയ്യുന്നു.
നിരവധി സംഘപരിവാര്‍ അനുകൂലികളാണ് താരങ്ങളുടെ സമൂഹമാധ്യമ പോസ്റ്റുകള്‍ക്ക് താഴെ അസഭ്യവര്‍ഷവും അധിക്ഷേപ പരാമര്‍ശങ്ങളും നടത്തുന്നത്. എമ്പുരാന്റെ ക്യാന്‍സല്‍ ചെയ്ത ടിക്കറ്റുകള്‍ പങ്കുവെച്ചും, പൃഥ്വിരാജിനെതിരെ ഫേസ്ബുക്ക് കുറിപ്പുകളുമായും പലരും രംഗത്തെത്തി. ഗുജറാത്ത് കലാപം അടക്കം ചൂണ്ടിക്കാട്ടി സിനിമ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളാണ് നേതാക്കളെ ചൊടിപ്പിച്ചത്.
ALSO READ: ജമ്മു കശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ; നാല് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു
ഉത്തരേന്ത്യയില്‍നിന്നാണ് എംപുരാന്റെ കഥ ആരംഭിക്കുന്നത്. ഗുജറാത്ത് കലാപത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ അടയാളപ്പെടുത്തുന്ന ഫ്രെയിമുകള്‍ ചിത്രത്തിലുണ്ട്. ബാബ ബജ്‌റംഗിയെന്നാണ് ചിത്രത്തിലെ പ്രധാനപ്പെട്ട വില്ലന്‍ കഥാപാത്രത്തിന്റെ പേര്. 2002ല്‍ ഗുജറാത്തില്‍ നടന്ന കലാപത്തിന് നേൃതൃത്വം നല്‍കിയവരില്‍ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന ബജ്‌റംഗ് ദള്‍ നേതാവ് ബാബു ബജ്‌റിംഗിയുമായി ഈ പേരിന് സാമ്യമുണ്ട്.
ബാബ ബജ്‌റംഗി കേരളത്തിലേക്ക് ചുവടുറപ്പിക്കുന്നതും പിന്നീട് മറ്റൊരു പ്രധാന കഥാപാത്രത്തെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിലേക്ക് അടുപ്പിക്കുന്നതുമാണ് എമ്പുരാന്റെ പ്രമേയം. ഇതിനെതിരെയാണ് ഇപ്പോള്‍ സംഘപരിവാര്‍ നേതാക്കള്‍ രംഗത്തെത്തിയത്. ചിത്രത്തിനെതിരെ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ നന്ദകുമാര്‍ തന്നെ രൂക്ഷവിമര്‍ശനമുന്നയിച്ചു. വാരിയം കുന്നനായി എമ്പുരാന്‍ എന്നായിരുന്നു അദ്ദേഹം ഫേയ്‌സ് ബുക്കില്‍ കുറിച്ചത്. ഈ പോസ്റ്റ് വ്യാപകമായി സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യണമെന്ന് അടക്കമാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ എംപുരാനെതിരെ പ്രചാരണം നടത്തുന്നത്.
വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകന്‍ പ്രതീഷ് വിശ്വനാഥ്, ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെപി ശശികല, യുവമോര്‍ച്ച മുന്‍ നേതാവ് ലസിത പാലക്കല്‍ എന്നിവരടക്കം വിദ്വേഷ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.