250 കോടിയോളം രൂപയാണ് കേരളത്തിൽ നിന്നും മാത്രം പ്രതികൾ തട്ടിയെടുത്തതത്
ഡിജിറ്റൽ അറസ്റ്റ് ഓൺലൈൻ തട്ടിപ്പിൽ പ്രതിരോധ നടപടികൾ ശക്തമാക്കി സൈബർ പൊലീസ്. ഇതുവരെ 39,489 ബാങ്ക് അക്കൗണ്ടുകൾ ആണ് ബ്ലോക്ക് ചെയ്തത്. 14,563 മൊബൈൽ നമ്പറുകളും 22,102 നമ്പറുകളും ബ്ലോക്ക് ചെയ്യുകയും, 9,894 വ്യാജ ട്രേഡ് സൈറ്റുകൾ പ്രവർത്തനരഹിതമാക്കുകയും ചെയ്തിട്ടുണ്ട്. 250 കോടിയോളം രൂപയാണ് കേരളത്തിൽ നിന്നും മാത്രം പ്രതികൾ തട്ടിയെടുത്തതത്. സൈബർ അറസ്റ്റ്, ട്രേഡിങ് തട്ടിപ്പ്, ഓൺലൈൻ തൊഴിൽ സൈറ്റുകൾ എന്നിവയുടെ പേരിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്.
എന്താണ് ഈ വിർച്വല്‍ അറസ്റ്റ് അല്ലെങ്കില്‍ ഡിജിറ്റല്‍ അറസ്റ്റ്?
പെട്ടെന്ന് നിങ്ങളുടെ ഫോണിലേക്കൊരു കോൾ വരുന്നു. അപ്പുറത്തുള്ള ആള്‍ പൊലീസ്, സിബിഐ, എൻഐഎ, ഇഡി, എയർപോർട്ട് ഉദ്യോഗസ്ഥൻ എന്നിങ്ങനെയൊക്കെ പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തുക. പിന്നാലെ നടന്നിട്ടുപോലുമില്ലാത്ത വലിയ സാമ്പത്തിക തട്ടിപ്പിന്‍റെ കഥയിറക്കുന്നു. അല്ലെങ്കില്‍ നിങ്ങളുടെ പേരില്‍ കള്ളക്കടത്ത് വസ്തുക്കൾ, മയക്കുമരുന്ന് എന്നിവ എത്തിയിട്ടുണ്ടെന്ന് ആരോപിക്കുന്നു. പേടിക്കേണ്ട, ഇത് കേസാകുന്നതിന് മുന്‍പ് തന്നെ ഒത്തുതീർപ്പാക്കാമെന്നും പറയുന്നു.
ഇക്കാര്യം സംസാരിക്കാന്‍ സ്കെെപ്, മ്യൂൾ പോലുള്ള ഏതെങ്കിലും വീഡിയോ ചാറ്റ് സംവിധാനമായിരിക്കും ഉപയോഗിക്കുക. മറുപുറത്തുള്ളയാള്ളുടെ ആധികാരികത തെളിയിക്കാന്‍ ഐഡികാർഡും ഫുള്‍ യൂണിഫോമും ഓഫീസും വരെ തയ്യാറായിരിക്കും. ഇതിനായി എഐ സാങ്കേതിക വിദ്യയെ വരെ ഇവർ ഉപയോഗിക്കാറുണ്ട്. ഇവരെ വിശ്വസിച്ച് നിങ്ങൾ ഭയപ്പെടുന്നതോടെ തട്ടിപ്പുകാർ വിജയിച്ചുകഴിഞ്ഞു. പണം നല്‍കുന്നത് വരെ ആ ചാറ്റ് വിട്ടുപോകാന്‍ നിങ്ങള്‍ക്ക് അനുവാദമുണ്ടായിരിക്കില്ല. ഇതാണ് വിർച്വല്‍ അറസ്റ്റ്.
ഈ സമയം മറ്റൊരാളുമായും നിങ്ങള്‍ ബന്ധപ്പെടുന്നില്ല എന്ന കാര്യം ഇവർ ഉറപ്പിക്കും. ചാറ്റ് വിട്ടുപോകാന്‍ ശ്രമിച്ചാല്‍ എല്ലാവിവരങ്ങളും പുറത്താകും, കേസില്‍പ്പെടുത്തും എന്നൊക്കെയായിരിക്കും ഭീഷണി. ഇതിനിടെ നിങ്ങള്‍ അറസ്റ്റിലായെന്നും അപകടത്തിലാണെന്നും തെറ്റിദ്ധരിപ്പിച്ച് നിങ്ങളുടെ തന്നെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ വിളിച്ച് മോചനത്തിന് പണം നല്‍കണമെന്നും ഇവർ ആവശ്യപ്പെടും.
സ്വകാര്യദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്നതുപോലെ തന്നെ സമ്മർദത്തിലൂടെ ഇരയെ കെണിയിൽപെടുത്തുന്ന രീതി തന്നെയാണ് ഇതും. 1000 ൽ അധികം സ്കെെപ് ഐഡികള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ മെക്രോസോഫ്റ്റുമായി ചേർന്ന് ഇത്തരം വ്യാജ ഐഡികൾക്ക് ബ്ലോക്ക് ഏർപ്പെടുത്തിയിരുന്നു. സാധാരണ ഇത്തരം തട്ടിപ്പിനിരയാകുന്നവർ, തട്ടിപ്പുകാരുടെ ഭീഷണി ഭയന്ന് പരാതിപ്പെടാന്‍ തന്നെ മടിക്കുന്നതാണ് പല സംഭവങ്ങളും പുറം ലോകമറിയാത്തതിന് കാരണം.
പരിഹാരം എന്ത്?
അജ്ഞാത നമ്പറുകളിൽ നിന്നോ നിയമപാലകരോ സർക്കാർ ഉദ്യോഗസ്ഥരോ ആണെന്ന് അവകാശപ്പെടുന്നവരില്‍ നിന്നോ ഉള്ള ഫോണ്‍ കോളുകളും സന്ദേശങ്ങളും ജാഗ്രതയോടെ കെെകാര്യം ചെയ്യുക എന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. ആധികാരികമെന്ന് സ്ഥിരീകരിക്കാതെ ആരുമായും വ്യക്തിവിവരങ്ങളും സാമ്പത്തിക രേഖകളും പങ്കിടരുത്. അറസ്റ്റടക്കം നിയമനടപടികള്‍ പറഞ്ഞ് ഭീഷണിപ്പെടുത്തിയാലും പരിഭ്രാന്തരാകാതെ കെെകാര്യം ചെയ്യണം. സംശയാസ്പദമായ കോളുകളോ സന്ദേശങ്ങളോ ലഭിച്ചാൽ അധികാരികളെ ഉടൻ അറിയിക്കുകയും വേണം. ഇത്തരം വിഷയങ്ങൾ സൈബർ ക്രൈം പോർട്ടലിൽ റിപ്പോർട്ട് ചെയ്യുകയോ ഹെൽപ്പ് ലൈൻ നമ്പറായ - 1930 ല്‍ വിളിച്ചറിയിക്കുകയോ ചെയ്യുക. തട്ടിപ്പിനിരയായാലും മലങ്കര യാക്കോബായ സുറിയാനി സഭ നിരണം ഭദ്രാസന മുന്‍ മെത്രാപ്പോലിത്ത ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞതുപോലെ ഒന്നും മറച്ചുവയ്ക്കാനില്ലെന്നും നിങ്ങളുടെ സ്വകാര്യത ലംഘിക്കപ്പെടില്ലെന്നുമുള്ള വിശ്വാസത്തോടെ നിയമനപടികളിലേക്ക് കടക്കാനും സന്നദ്ധരാകുക.