മേഖലയിലെ കനത്ത മഴയെത്തുടർന്ന് സെബാസ്റ്റ്യന്റെ സംസ്കാരം നാളത്തേക്ക് മാറ്റി
തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട സെബാസ്റ്റ്യന്റെ കുടുംബത്തിന് അടിയന്തര ധനസഹായം നൽകാൻ തീരുമാനം. അഞ്ച് ലക്ഷം രൂപ ഉടൻ നൽകുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം മേഖലയിലെ കനത്ത മഴയെത്തുടർന്ന് സെബാസ്റ്റ്യന്റെ സംസ്കാരം നാളത്തേക്ക് മാറ്റി.
ഇന്നലെ രാത്രി 9:30 യോടു കൂടിയായിരുന്നു യുവാവ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ സെബാസ്റ്റ്യൻ (20) ആണ് മരിച്ചത്. അടിച്ചിൽതൊട്ടി ആദിവാസി ഉന്നതിയിലെ തമ്പാൻ്റെ മകനാണ് സെബാസ്റ്റ്യൻ. തേൻ എടുക്കാൻ ഉന്നതിക്ക് സമീപമുള്ള വനത്തിലേക്ക് പോകുന്നതിനിടയിൽ വനാതിർത്തിയിൽ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
ALSO READ: വീണ്ടും ജീവനെടുത്ത് കാട്ടാന; അതിരപ്പിള്ളിയിൽ യുവാവിന് ദാരുണാന്ത്യം
ഈ മാസം ആറിന് പാലക്കാട് മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ മുണ്ടൂര്‍ ഒടുവങ്ങാട് സ്വദേശി അലന്‍ മരിച്ചിരുന്നു. വൈകീട്ട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലേക്ക് മടങ്ങും വഴി കണ്ണാടന്‍ചോലയ്ക്ക് സമീപമായിരുന്നു സംഭവം. മുന്നില്‍പെട്ട അലനെ ആന തുമ്പിക്കൈകൊണ്ട് തട്ടി കാല്‍കൊണ്ട് തൊഴിക്കുകയായിരുന്നു. പിന്നാലെയുണ്ടായിരുന്ന അമ്മയെയും ആനക്കൂട്ടം ആക്രമിച്ചു.
നെഞ്ചിനേറ്റ ഗുരുതര പരിക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പുറത്തുവന്നത്. അലന്റെ നെഞ്ചില്‍ ആനക്കൊമ്പ് കുത്തിക്കയറിയതായും വാരിയെല്ലുകള്‍ തകര്‍ന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആക്രമണത്തില്‍, അലന്റെ അമ്മ വിജിക്കും പരിക്കേറ്റിരുന്നു. വിജിയുടെ തോളെല്ലിനും കാലിനുമാണ് പരിക്കേറ്റത്.