ചുമരുകളിൽ ചാണകം പുരട്ടുന്നതിന്റെ വീഡിയോ പ്രിൻസിപ്പൽ തന്നെയാണ് അധ്യാപകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടതെന്ന് റിപ്പോർട്ടുണ്ട്
ഡൽഹി യൂണിവേഴ്സിറ്റിയിലെ ലക്ഷ്മിഭായ് കോളേജിലെ പ്രിൻസിപ്പൽ ക്ലാസ് മുറികളുടെ ചുവരുകളിൽ ചാണകം തേയ്ക്കുന്നതിൻ്റെ വീഡിയോ വൈറലാകുന്നു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നാലെ സംഭവം വിവാദമാകുകയാണ്. ഒരു ഫാക്കൽറ്റി അംഗം നയിക്കുന്ന ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് ക്ലാസ് മുറികളിൽ ചാണകം പൂശിയത് എന്നാണ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സല പറഞ്ഞതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
'പരമ്പരാഗതമായ ഇന്ത്യൻ അറിവ് ഉപയോഗിച്ച് ചൂട് നിയന്ത്രണത്തെ കുറിച്ചുള്ള പഠനം'എന്ന തലക്കെട്ടിലുള്ള പഠനം പുരോഗമിക്കുകയാണെന്നും അവർ പറഞ്ഞു. "പരീക്ഷണം നടന്നു കൊണ്ടിരിക്കുകയാണ്. ഒരാഴ്ച കൂടി കഴിഞ്ഞാലേ, ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ. പൂർണ വിവരങ്ങൾ അറിയാതെ ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്," പ്രത്യുഷ് വത്സല പറഞ്ഞു.
ALSO READ: യുവതിയുടെ ഹിജാബ് അഴിപ്പിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിനെ ആക്രമിച്ചു; യുപിയിൽ 6 പേർ അറസ്റ്റിൽ
ക്ലാസ് മുറികളുടെ ചുമരുകളിൽ ചാണകം പുരട്ടുന്നതിന്റെ വീഡിയോ പ്രിൻസിപ്പൽ തന്നെയാണ് അധ്യാപകരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പങ്കിട്ടതെന്ന് റിപ്പോർട്ടുണ്ട്. വീഡിയോയിൽ പ്രിൻസിപ്പൽ പ്രത്യുഷ് വത്സല ജീവനക്കാരുടെ സഹായത്തോടെ ചുവരുകളിൽ ചാണകം പൂശുന്നതായി കാണാം.
ക്ലാസ് മുറിയിൽ ചാണകം തേച്ച പ്രിൻസിപ്പലിനെ വിമർശിച്ച് എൻഎസ്‌യു രംഗത്തെത്തിയിരുന്നു. "പ്രിൻസിപ്പലിന്റെ നടപടി ഗൗരവതരമാണെന്നും,ആർഎസ്എസിൻ്റെയും ബിജെപിയുടേയും മുന്നിലെത്താനുള്ള മാർഗമാണിത്. ബാപ്പുവും നെഹ്റുവും അംബേദ്കറും അടിത്തറയിട്ട ശാസ്ത്രീയ ചിന്തകൾക്ക് മുകളിൽ ചാണകം തേക്കുകയാണ് ", എൻഎസ്‌യു വിമർശനം ഉന്നയിച്ചു.