ആക്രമണത്തിൽ കിളിമാനൂർ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
തിരുവനന്തപുരം കിളിമാനൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ സംഘർഷം തടയാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം. കിളിമാനൂർ സബ് ഇൻസ്പെക്ടർ ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. കിളിമാനൂർ കാട്ടുംപുറം ശ്രീപഞ്ചമുഖമാടൻ തമ്പുരാൻ ക്ഷേത്രത്തിലാണ് സംഭവം. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി പത്തരയോടെയാണ് ശ്രീപഞ്ചമുഖമാടൻ തമ്പുരാൻ ക്ഷേത്രത്തിലെ ഗാനമേളയ്ക്കിടെ സംഘർഷമുണ്ടാവുന്നത്. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥർ സംഘർഷം തടയാനെത്തി. തുടർന്ന് യുവാക്കൾ സംഘം ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു. യുവാക്കൾ പൊലീസ് ജീപ്പ് അടിച്ച് തകർക്കുകയും ചെയ്തു.
സംഘർഷം രൂക്ഷമായതോടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. സംഭവത്തിൽ പത്ത് പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ നാല് പേർ അറസ്റ്റിലായി. കാട്ടുമ്പുറം സ്വദേശികളായ അൽമുബീൻ, സുബീഷ്, സുബിൻ, ഗൗതം എന്നിവരാണ് അറസ്റ്റിലായത്.