ചാലക്കുടി ഹൈവേ പൊലീസ് ഡ്രൈവർ പി.പി. അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്
തൃശൂർ മാളയിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയ ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസ് ഡ്രൈവർ പി.പി. അനുരാജിനെയാണ് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. ഇന്നലെ രാത്രിയായിരുന്നു അനുരാജ് മദ്യപിച്ച് വാഹനമോടിച്ച് അപകടം ഉണ്ടാക്കിയത്.
ഇന്നലെ രാത്രി എട്ടേകാലോടെയാണ് സംഭവം. മദ്യപിച്ച് വാഹനമോടിച്ച അനുരാജ് സ്കൂട്ടറിലും കാറിലും ഇടിപ്പിച്ച് നിര്‍ത്താതെ പോവുകയായിരുന്നു. മാള അന്നമനയില്‍ വച്ച് ബൈക്കിലും മറ്റൊരു കാറിലും ഇടിച്ചു. പിന്നാലെ കാര്‍ തലകീഴായി മറിഞ്ഞു. പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കാർ തലകീഴായി മറിഞ്ഞതോടെ നാട്ടുകാര്‍ ഓടിക്കൂടി അനുരാജിനെ കാറിൽ നിന്ന് പുറത്തെത്തിച്ചു. പിന്നാലെ മാള പൊലീസ് സ്ഥലത്തെത്തി വാഹനം പരിശോധിച്ചു. വാഹനത്തില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെത്തി. വൈദ്യ പരിശോധന പൂര്‍ത്തിയാതിന് ശേഷമായിരുന്നു സസ്പെൻഷൻ. അനുരാജിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തിട്ടുണ്ട്.