ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ നിരയുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. മെഗാതാര ലേലത്തില്‍ സ്വന്തമാക്കിയ ഫാഫ് ഡുപ്ലസിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.
പുതിയ മുഖവുമായെത്തുന്ന രണ്ട് സംഘം. പതിനെട്ടാം അങ്കത്തില്‍ ലക്ഷ്യം ആദ്യ കിരീടം. ആദ്യ സീസണ്‍ മുതല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് എന്ന പേരില്‍ കളത്തിലുണ്ടെങ്കിലും രാജ്യതലസ്ഥാനത്ത് നിന്നെത്തുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഒരു കിരീടം പോലും അക്കൗണ്ടിലില്ല. മൂന്ന് സീസണ്‍ കൊണ്ട് തന്നെ ശക്തമായ സാന്നിധ്യമായി മാറിയ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനും ലക്ഷ്യം ആദ്യ കിരീടം. രണ്ട് സീസണുകളില്‍ പ്ലേ ഓഫിലെത്താനായത് ഇതുവരെയുള്ള നേട്ടം. ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിശാഖപട്ടണം രണ്ടാം ഹോം ഗ്രൗണ്ടായി പ്രഖ്യാപിച്ചതിനാല്‍ ഡല്‍ഹി മൈതാനത്ത് നടക്കേണ്ട മത്സരം ഇത്തവണ ആന്ധ്രയിലാണ് നടക്കുക.
തലമാറിയെത്തുന്ന രണ്ട് ടീമുകള്‍. ഡല്‍ഹി കൈവിട്ട നായകന്‍ ഋഷഭ് പന്തിനെ മെഗാതാര ലേലത്തില്‍ 27 കോടി രൂപ നല്‍കിയാണ് ലഖ്‌നൗ ഒപ്പമെത്തിച്ചത്. പന്ത് പോയതോടെ പകരം ഡല്‍ഹിയില്‍ നറുക്കുവീണത് ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലിന്. മെഗാതാര ലേലത്തിന് ശേഷം കരുത്തുകൂട്ടിയാണ് ഇരുടീമുകളും എത്തുന്നത്. ഋഷഭ് പന്തിനെ ഡല്‍ഹി കൈവിട്ടപ്പോള്‍ ലഖ്‌നൗ സ്വന്തമാക്കിയത് പോലെ കെ.എല്‍. രാഹുലിനെ ലഖ്‌നൗ കൈവിട്ടപ്പോള്‍ സ്വന്തമാക്കിയത് ഡല്‍ഹി. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്തപ്പോള്‍ ലഖ്‌നൗ അവസാനിപ്പിച്ചത് ഏഴാം സ്ഥാനത്ത്.
ടീം ലൈനപ്പിലേക്ക് പോയാല്‍. ബാറ്റിംഗ് വെടിക്കെട്ട് ലക്ഷ്യമിട്ട് വമ്പന്‍ താരങ്ങളെ ടീമിലെത്തിച്ചാണ് ഋഷഭ് പന്തിന് കീഴില്‍ പുതിയ തുടക്കമിടാന്‍ ലഖ്‌നൗ ഒരുങ്ങുന്നത്. വമ്പനടിക്കാരന്‍ നിക്കോളാസ് പുരാനൊപ്പം ടീമില്‍ പുതുതായെത്തിയ ഡേവിഡ് മില്ലര്‍, മിച്ചല്‍ മാര്‍ഷ്, എയ്ഡന്‍ മര്‍ക്രാം, മാത്യു ബ്രീറ്റ്സ്‌കി എന്നിവര്‍ക്കൊപ്പം ക്യാപ്റ്റന്‍ ഋഷഭ് പന്തും ചേരുമ്പോള്‍ ടീം കരുത്തരാണ്. വിദേശ താരങ്ങളില്‍ ആരെയൊക്കെ കളത്തിലിറക്കാനാകും എന്നത് മാത്രം ആശങ്ക.
ബൗളര്‍മാരില്‍ ഷമര്‍ ജോസഫ് മാത്രമാണ് വിദേശ സാന്നിധ്യം. പേസ് അറ്റാക്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മുന്‍തൂക്കം. മൊഹ്‌സിന്‍ ഖാന് പരിക്കേറ്റതോടെ ഷാര്‍ദുല്‍ താക്കൂറിനെ പകരമെത്തിച്ചു. മായങ്ക് യാദവും പരിക്ക് കാരണം കളിക്കുന്ന കാര്യം സംശയം. ആകാശ് ദീപ്, ആവേശ് ഖാന്‍, ആകാശ് സിംഗ്, ഇന്ത്യന്‍ താരങ്ങള്‍ നയിക്കുന്ന ബൗളിംഗ് നിരയാണ് ലഖ്‌നൗ പ്രതീക്ഷ. സ്പിന്നര്‍ രവി ബിഷ്‌ണോയ്‌ക്കൊപ്പം ഓള്‍ റൗണ്ടര്‍ ഷഹബാസ് അഹമ്മദിന്റെ പ്രകടനവും നിര്‍ണായകം.
ബാറ്റിംഗിലും ബൗളിംഗിലും സന്തുലിതമായ നിരയുമായാണ് ഡല്‍ഹി ഇറങ്ങുന്നത്. മെഗാതാര ലേലത്തില്‍ സ്വന്തമാക്കിയ ഫാഫ് ഡുപ്ലസിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഡുപ്ലസി, ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്ക് സഖ്യമാകും ഓപ്പണിംഗില്‍. അഭിഷേക് പൊറേല്‍, കെഎല്‍ രാഹുല്‍, ട്രിസ്റ്റാന്‍ സ്റ്റബ്‌സ്, ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേല്‍, അശുതോഷ് ശര്‍മ തുടങ്ങി വമ്പനടിക്കാരുടെ നിരയുണ്ട് ഡല്‍ഹിക്ക്. മിച്ചല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, ടി. നടരാജന്‍, മുകേഷ് കുമാര്‍ ശക്തമായ പേസ് നിരയുണ്ട് ഡല്‍ഹിക്ക്. കുല്‍ദീപ് യാദവിനാണ് സ്പിന്‍ അറ്റാക്കിന്റെ നേതൃത്വം.
നേര്‍ക്കുനേര്‍ പോരില്‍ നേരിയ മുന്‍തൂക്കമുണ്ട് ലഖ്‌നൗവിന്. ആകെ കളിച്ച 5 മത്സരങ്ങളില്‍ മൂന്ന് മത്സരങ്ങളില്‍ ലഖ്‌നൗവും രണ്ടില്‍ ഡല്‍ഹിയും ജയിച്ചു. പുതിയ നായകര്‍, പുതിയ തുടക്കം. പുതിയ മൈതാനം. പതിനെട്ടാം അങ്കത്തില്‍ ജയിച്ച് തുടങ്ങുന്നതാരെന്ന് കാത്തിരിക്കാം.