ഗാസയിലേക്ക് നൂറുകണക്കിന് ആളുകളാണ് കൂട്ടത്തോടെ മടങ്ങിയെത്തുന്നത്... യുദ്ധം അവസാനിച്ചെന്ന പ്രത്യാശയിൽ.... ഇനി അവർക്ക് മുന്നിലുള്ളത് ജീവിതമെന്ന വലിയ വെല്ലുവിളിയാണ്.
ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതോടെ പലായനം ചെയ്ത ജനത വീണ്ടും സ്വന്തം ഭൂമിയിലേക്ക് തിരികെയെത്തുകയാണ്. ഈ ജനതക്ക് പുതിയൊരു ലോകം സൃഷ്ടിക്കുന്നത് എളുപ്പമാകില്ലെന്ന് യുഎൻ തന്നെ സാക്ഷ്യപ്പെടുത്തുന്നു. 15 മാസക്കാലം നീണ്ടുനിന്ന ആക്രമണ പ്രത്യാക്രമണങ്ങളിൽ ഗാസയിൽ നഷ്ടം സംഭവിക്കാത്തതായി ആരുമില്ല.
ഗാസയിലേക്ക് നൂറുകണക്കിന് ആളുകളാണ് കൂട്ടത്തോടെ മടങ്ങിയെത്തുന്നത്. യുദ്ധം അവസാനിച്ചെന്ന പ്രത്യാശയിൽ. ഇനി അവർക്ക് മുന്നിലുള്ളത് ജീവിതമെന്ന വലിയ വെല്ലുവിളിയാണ്. ജീവിതം ഒന്നിൽ നിന്ന് കരുപ്പിടിപ്പിക്കേണ്ട അവസ്ഥ. യുദ്ധത്തിൻ്റെ നഷ്ടങ്ങളിൽ നിന്ന് പതുക്കെ അവർക്ക് ജീവിതത്തിൽ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചേ തീരു.
15 മാസം നീണ്ടു നിന്ന യുദ്ധത്തിൽ നഷ്ടങ്ങൾ സംഭവിക്കാത്തതായി ആരുമില്ല. വീടും കുടുംബാംഗങ്ങളും സമൂഹവും നഷ്ടപ്പെട്ടവർ. ഇന്ന് ഗാസയൊരു കത്തിനശിച്ച ക്രോൺക്രീറ്റ് കാടാണ്. അവിടേക്ക് തിരിച്ചെത്തുന്ന ജനത ഇനി പുതിയൊരു ജീവിതം കെട്ടിപ്പൊക്കണം. വീടും റോഡും അടിസ്ഥാന സൗകര്യ സംവിധാനങ്ങളെല്ലാം ഇനി കെട്ടിയുയർത്തണം.
Also Read; ഗാസ വെടിനിർത്തല്‍: റഫയില്‍ നിന്നും ഇസ്രയേൽ സൈന്യം പിൻവാങ്ങുന്നു
മാനുഷികസഹായം എത്തിക്കുമെന്ന് വാഗ്ദാനങ്ങൾ ഉണ്ടെങ്കിലും പുതിയൊരു ഗാസയെ പുനർനിർമിക്കാൻ സമയം ഒരുപാട് വേണം. ഭക്ഷണം, കെട്ടിടങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നതിലുപരിയായി കുടുംബം, സമൂഹം, കമ്മ്യൂണിറ്റി എന്നിവയെയും ഗാസയിലെ ജനത ഇനി പടുത്തുയർത്തേണ്ടിവരുമെന്ന് UNRWA ആക്ടിങ് ഡയറക്ടർ സാം റോസ് പറയുന്നു.
ഗാസയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷം ഇതിനകം 1545 ട്രക്ക് സഹായമാണ് അതിർത്തികൾ കടന്ന് ഗാസയിലെത്തിയത്.. ഭക്ഷണം, ടെൻ്റ്, പുതപ്പ്, വസ്ത്രം എന്ന് തുടങ്ങി മഞ്ഞിനെ പ്രതിരോധിക്കാനായുള്ള സഹായങ്ങളാണ് ആദ്യഘട്ടമെന്നോണം ഗാസയിലേക്ക് എത്തുന്നത്. വെടിനിർത്തൽ കരാർ പ്രകാരം പ്രതിദിനം 50 ഇന്ധന ട്രക്ക് ഉൾപ്പടെ 600 ട്രക്ക് സഹായമാണ് ഗാസയിലെത്തേണ്ടത്. ജനതയുടെ പുനരധിവാസവും ഗാസയുടെ പുനർനിർമാണത്തിനും നീണ്ട സമയമെടുക്കുമെന്നാണ് യുഎൻ തന്നെ വ്യക്തമാക്കുന്നത്.
Also Read; ഗാസ വെടിനിർത്തല്‍ കരാർ: 90 പലസ്തീന്‍ തടവുകാരെ മോചിപ്പിച്ച് ഇസ്രയേല്‍
ഗാസയിലെ ആരോഗ്യ സംവിധാനങ്ങൾ പഴയ രീതിയിലേക്ക് കൊണ്ടുവരാൻ അടിയന്തര നീക്കം നടത്തുമെന്നാണ് ലോകാരോഗ്യസംഘടനയുടെ റീജിയണൽ ഡയറക്ടർ ഹനാൻ ബൽക്കി വ്യക്തമാക്കുന്നു. ഗാസയിലെ ആശുപത്രികളുടെ പുനരുദ്ധാരണവും താൽക്കാലിക ക്ലിനിക്കുകൾ സ്ഥാപിക്കുന്നതുമെല്ലാം ഇതിൻ്റെ ഭാഗമായി നടക്കും. മടങ്ങിയെത്തുന്ന ജനതക്ക് മുന്നിലുള്ളത്, മുൻകാലത്തെ സുന്ദരമായ ഓർമകളും നാളയെപ്പറ്റിയുള്ള പ്രതീക്ഷകളും മാത്രമാണ്.