മൃദംഗ വിഷന്റെ രക്ഷാധികാരി സിജോയ് വർഗീസിൽ നിന്നും വിവരങ്ങൾ തേടും
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയിലെ സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ താരങ്ങളുടെ മൊഴിയെടുക്കും. ദിവ്യ ഉണ്ണിക്ക് നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് അന്വേഷണം സംഘം അറിയിച്ചു. മൃദംഗ വിഷന്റെ രക്ഷാധികാരി സിജോയ് വർഗീസിൽ നിന്നും വിവരങ്ങൾ തേടും. പരിപാടിയുടെ നടത്തിപ്പിന് എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി.
നൃത്ത പരിപാടിയുമായുള്ള ദിവ്യ ഉണ്ണിയുടെ ബന്ധം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു. ഇതിന് ശേഷമാകും മൊഴിയെടുക്കുക. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് ഗിന്നസ്സ് റെക്കോടിനായി നൃത്തം പരിപാടി നടത്തിയത്. അതേസമയം, ഉമ തോമസിൻ്റെ ആരോഗ്യനില നേരിയ പുരോഗതി എന്ന് മെഡിക്കൽ ബുളറ്റിൻ. ശ്വാസകോശത്തിലെ അണുബാധമൂലം വെന്റിലേറ്റർ സഹായം തുടരുമെന്നും ഡോക്ടർമാർ അറിയിച്ചു.
ALSO READ: ശ്വാസകോശത്തിൽ അണുബാധ, വെൻ്റിലേറ്റർ സഹായം തുടരുന്നു; ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ മാറ്റമില്ല
അതീവ ഗുരുതരാവസ്ഥയിൽ അല്ലെങ്കിലും നിലവിൽ അപകടനില തരണം ചെയ്തെന്നു പറയാൻ കഴിയില്ലെന്നാണ് ഉമ തോമസ് എംഎൽഎയെ പരിശോധിച്ച ഡോക്ടർമാർ വ്യക്തമാക്കിയത്. ശ്വാസകോശത്തിന് ഏറ്റ ചതവുകൾ കാരണം കുറച്ചു ദിവസം കൂടി വെന്റിലേറ്ററിൽ തുടരണം. ആന്റിബയോട്ടിക്കുകൾ അടക്കം നൽകിയുള്ള ചികിത്സക്കാണ് പ്രാധാന്യം നൽകുന്നതെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു.