fbwpx
ഗാസ: പശ്ചിമേഷ്യയിലെ ട്രംപ് കുടുംബത്തിന്റെ ബിസിനസ് താല്‍പ്പര്യങ്ങള്‍
logo

എസ് ഷാനവാസ്

Posted : 14 Feb, 2025 11:09 AM

പലസ്തീനികളെ പുറത്താക്കി, ഗാസയെ ഇടിച്ചുനിരത്തി, പുതുക്കിപ്പണിത് ലോകജനതയെ അങ്ങോട്ട് ആകര്‍ഷിക്കുമെന്നൊക്കെ പറയുന്നത് ഇസ്രയേലിന്റെ ഭാഷ്യം തന്നെയാണ്

WORLD



പതിനഞ്ച് മാസങ്ങള്‍ക്കിപ്പുറം, യുദ്ധം ബാക്കിവെച്ച മണ്ണിലേക്ക്, കണ്ണീര്‍ നനവുള്ള പ്രാര്‍ത്ഥനയോടെ ഒരു ജനത മടങ്ങിയെത്തി. ആറ് പതിറ്റാണ്ടുകൊണ്ട് കെട്ടിപ്പൊക്കിയ വികസനങ്ങളെല്ലാം നിലംപൊത്തിയത് അവര്‍ കണ്ടതാണ്. എന്നിട്ടും, മറ്റൊരിടത്തേക്ക് പോയാല്‍ അഭയാര്‍ഥികളായോ രണ്ടാം പൗരന്മാരായോ ദുരിതജീവിതം പേറേണ്ടിവരുമെന്ന ഭീതിയാണ് അവരെ തിരിച്ചെത്തിച്ചത്. ആ നഗരത്തിന്റെ പേര്. ഗാസ... പിറവി പോലും രേഖപ്പെടുത്താത്ത ഒരു രാജ്യത്തിന്റെ സംസ്കാരത്തോളം പഴക്കമുള്ള ചെറുത്തുനില്‍പ്പിന്റെ അടയാളം. അവിടെ ഇപ്പോഴും, ചില കഴുകന്മാര്‍ വട്ടമിട്ടു പറക്കുകയാണ്. ഗാസ ഇടിച്ചുനിരത്തപ്പെട്ട സ്ഥലമാണ്. അവശേഷിക്കുന്നത് കൂടി നിരത്തും. അത് ഞങ്ങള്‍ സ്വന്തമാക്കും, എന്നിങ്ങനെയാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഏകാധിപത്യസ്വരം. ഒരു രാഷ്ട്രീയക്കാരന്റെ നയതന്ത്രത്തേക്കാള്‍, ബിസിനസുകാരന്റെ കൗടില്യം നിറഞ്ഞതാണ് ട്രംപിന്റെ പ്രസ്താവന.

വൈറ്റ് ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗാസയെ സ്വന്തമാക്കുമെന്ന വാദം യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയത്. ഗാസയിപ്പോള്‍ തകര്‍ന്നടിഞ്ഞ ഒരിടം മാത്രമാണ്. അത് യു.എസ് സ്വന്തമാക്കും. ആവശ്യമെങ്കിൽ യുഎസ് സൈന്യത്തെ അയയ്ക്കും. അവശേഷിക്കുന്ന കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തും. പൊട്ടാത്ത ബോംബുകളും ആയുധങ്ങളും നിർവീര്യമാക്കും. എന്നിട്ട് ഗാസയെ കടൽത്തീര സുഖവാസകേന്ദ്രമാക്കും. ഹമാസ് ഉള്‍പ്പെടെ ആരും അവിടെ ഉണ്ടാവില്ല. ദീർഘകാല ഉടമസ്ഥാവകാശമാണ് യുഎസ് ലക്ഷ്യമിടുന്നത്. ഇതൊന്നും അത്ര എളുപ്പത്തിലെടുത്ത തീരുമാനമല്ല. ഗാസയെ യു.എസ് ഏറ്റെടുക്കണമെന്ന ആശയത്തെ പലരും ഇഷ്ടപ്പെടുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. മറ്റു മാര്‍ഗങ്ങളില്ലാത്തതിനാലാണ് പലസ്തീനികള്‍ ഗാസയിലേക്ക് മടങ്ങിയെത്തുന്നത്. അവര്‍ സമ്പന്നമായ അറബ് രാജ്യങ്ങളിലേക്ക് പോകട്ടെയെന്ന വാദവും ട്രംപ് ആവര്‍ത്തിച്ചു. യുഎസ് സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഒപ്പമിരുത്തിയായിരുന്നു ട്രംപിന്റെ വാക്കുകള്‍.

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയും ട്രംപ് ഇക്കാര്യം ആവര്‍ത്തിച്ചു. ഗാസയെ കൈവശപ്പെടുത്താന്‍ പോവുകയാണ്. അത് വിലയ്ക്കുവാങ്ങേണ്ട കാര്യമില്ല. വാങ്ങാനൊന്നും അവിടെയില്ല. ഞങ്ങള്‍ അതിനെ സ്വന്തമാക്കും. ഞങ്ങള്‍ അതിനെ പരിപോഷിപ്പിക്കാന്‍ പോവുകയാണ്. മിഡില്‍ ഈസ്റ്റിലെ ആളുകള്‍ക്കുവേണ്ടി ഗാസയില്‍ ധാരാളം തൊഴിലുകള്‍ സൃഷ്ടിക്കും. ഗാസയില്‍ വളരെ ദുസ്സഹമായ ജീവിതമാണ് പലസ്തീനികള്‍ നയിക്കുന്നത്. അതിനാല്‍ ഗാസ വിടുന്നതില്‍ അവര്‍ക്ക് സന്തോഷമേ ഉണ്ടാകുകയുള്ളൂവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഗാസയിലെ ജനങ്ങളെ ഒഴിപ്പിക്കരുതെന്ന നിലപാടാണ് ജോര്‍ദാനുള്ളത്. ഇക്കാര്യം അബ്ദുള്ള രണ്ടാമന്‍ വ്യക്തമാക്കുകയും ചെയ്തു. ട്രംപിന്റെ ആശയത്തെ ഈജിപ്തും തള്ളിയിരുന്നു. പലസ്തീന്‍ ജനതയുടെ അവകാശങ്ങളുമായി പൊരുത്തപ്പെടുന്ന തരത്തിലൊരു പുനര്‍നിര്‍മാണമാണ് ഈജിപ്ത് മുന്നോട്ടുവയ്ക്കുന്നത്. എന്നാല്‍, സമ്മര്‍ദങ്ങളും ഉപരോധങ്ങളുംകൊണ്ട് ഇരു രാജ്യങ്ങളെയും വരുതിയിലാക്കാം എന്നാകും ട്രംപിന്റെ കണക്കുക്കൂട്ടല്‍.


ALSO READ: ട്രംപിന്റെ നുണകള്‍ ഏല്‍ക്കില്ല; ഈ മാപ്പ് നല്‍കല്‍ അമേരിക്കന്‍ ജനതയോടുള്ള അനീതിയാണ്


ട്രംപ് പറഞ്ഞ ഒരു കാര്യം ശരിയാണ്. ഇതൊന്നും അത്ര എളുപ്പത്തിലെടുത്ത തീരുമാനമല്ല. ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനമായിരിക്കുമെന്നും, ജൂതർ കുടിയേറിയ പശ്ചിമതീരത്തെ 30 ശതമാനം പ്രദേശവും ഇസ്രയേലിന്റെ ഭാഗമായിരിക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചത് ആദ്യ ഭരണനാളിലാണ്. അന്നും ഇതിനെല്ലാം സാക്ഷിയായി നെതന്യാഹു വൈറ്റ് ഹൗസിലുണ്ടായിരുന്നു. ടെല്‍ അവീവില്‍നിന്ന് അമേരിക്കൻ എംബസി ജറുസലേമിലേക്ക് മാറ്റിയതും ട്രംപ് ഭരണകൂടമാണ്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍, ഹമാസ് ആക്രമണം കഴിഞ്ഞതിനു പിന്നാലെ ഇസ്രയേല്‍ ഇന്റലിജന്‍സ് മന്ത്രാലയം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. പലസ്തീനികളെ തുടച്ചുനീക്കി, ഗാസയെ ശുദ്ധീകരിക്കണമെന്നതായിരുന്നു അതിന്റെ കാതല്‍. ഗാസയില്‍നിന്ന് പലസ്തീനികളെ ബലംപ്രയോഗിച്ചും പുറത്താക്കുക, മനുഷ്യവാസം അസാധ്യമാകുന്ന തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കുക, ഗാസയിലേക്കും പുറത്തേക്കുമുള്ള വഴികളെല്ലാം അടയ്ക്കുക, എല്ലാത്തിനുമൊടുവില്‍ ഗാസയെ ഇസ്രയേല്‍ ഏറ്റെടുക്കുക. ഇതായിരുന്നു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. അതിന്റെ അമേരിക്കന്‍ പതിപ്പാണ് ട്രംപ് ഉരുവിടുന്നത്. യുഎസ് സൈന്യത്തെ ഉപയോഗിച്ചും, ഗാസയെ സ്വന്തമാക്കുക. ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തിലെ അമേരിക്കന്‍ നയം കൂടിയാണ്, ഏകപക്ഷീയമായ പ്രസ്താവനയിലൂടെ ട്രംപ് തിരുത്തിയെഴുതുന്നത്. ദ്വിരാഷ്ട്ര പരിഹാരം എന്ന നയത്തിനു പകരം അധിനിവേശത്തിന്റെ പുതിയൊരു മാതൃകയാണ് ട്രംപ് ഗാസയുടെ കാര്യത്തില്‍ മുന്നോട്ടുവെച്ചിരിക്കുന്നത്.

നെതന്യാഹുവിനെ ഒപ്പമിരുത്തി ട്രംപ് നടത്തിയ പ്രസ്താവന ആരെ പ്രീണിപ്പിക്കാനാണെന്ന് ഇനിയും പറയേണ്ടതില്ല. പലസ്തീനികളെ പുറത്താക്കി, ഗാസയെ ഇടിച്ചുനിരത്തി, പുതുക്കിപ്പണിത് ലോകജനതയെ അങ്ങോട്ട് ആകര്‍ഷിക്കുമെന്നൊക്കെ പറയുന്നത് ഇസ്രയേലിന്റെ ഭാഷ്യം തന്നെയാണ്. കേള്‍ക്കുമ്പോള്‍ ഫാന്റസിയാണെന്ന് തോന്നുമെങ്കിലും, അത്തരമൊരു പ്രസ്താവന ട്രംപിന് നല്‍കുന്ന ചില ഗുണങ്ങളുണ്ട്. യുദ്ധത്തിന് അറുതി വരുത്തിക്കൊണ്ടുള്ള വെടിനിര്‍ത്തല്‍ കരാറിനെ ട്രംപ് പിന്തുണച്ചത് ഇസ്രയേലിലെ തീവ്ര വലതുസംഘങ്ങളില്‍ കടുത്ത അതൃപ്തി സൃഷ്ടിച്ചിരുന്നു. പുതിയ പ്രസ്താവനയിലൂടെ അവരുടെ കോപം തണുപ്പിക്കാന്‍ ട്രംപിന് സാധിച്ചേക്കും. എന്നാല്‍, ലോകരാജ്യങ്ങള്‍ക്കിടെ ട്രംപിനും നെതന്യാഹുവിനും ഉണ്ടായേക്കാവുന്ന പൊളിറ്റിക്കല്‍ ഡാമേജ് വലുതായിരിക്കും. പക്ഷേ, അതൊന്നും ട്രംപിനെ അലോസരപ്പെടുത്തുന്ന മട്ടില്ല. കാരണം, അമേരിക്ക ആദ്യം എന്ന ഏകധ്രുവ ലോകക്രമം എന്ന സങ്കല്‍പ്പത്തിനപ്പുറം, ചില ബിസിനസ് താല്‍പര്യങ്ങള്‍ കൂടിയുണ്ട് ട്രംപിന്റെ ഗാസാ വാദത്തിന്. മിഡില്‍ ഈസ്റ്റില്‍ ട്രംപിനും മക്കളായ എറിക്കിനും, ഡൊണാള്‍ഡ് ജൂനിയറിനും, മരുമകന്‍ ജെറാഡ് കുഷ്‌നറിനും വലിയ ബിസിനസ് താല്‍പര്യങ്ങളുണ്ട്. ഗാസയില്‍നിന്ന് പലസ്തീന്‍ ജനതയെ ഇസ്രയേല്‍ ഒഴിപ്പിക്കണമെന്ന നിര്‍ദേശം 2024ല്‍ കുഷ്നര്‍ മുന്നോട്ടുവെച്ചിരുന്നു. ഗാസയിലെ കടല്‍ത്തീര പ്രദേശം വിലമതിക്കാനാവാത്തതാണെന്നായിരുന്നു കുഷ്നറുടെ അഭിപ്രായം. അവിടെയുള്ള ജനങ്ങളെ ദക്ഷിണ ഇസ്രയേലിലേക്കോ, ഈജിപ്ത് ഉള്‍പ്പെടെ രാജ്യങ്ങളിലേക്കോ മാറ്റണമെന്നും കുഷ്നര്‍ നിര്‍ദേശിച്ചിരുന്നു. അത് തന്നെയാണ് ട്രംപിലൂടെ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

എറിക്കിന്റെയും ഡൊണാള്‍ഡ് ജൂനിയറിന്റെയും നേതൃത്വത്തിലുള്ള ട്രംപ് ഓര്‍ഗനൈസേഷന് ഏറെ ബിസിനസ് താല്‍പര്യങ്ങളുള്ള മേഖലയാണ് മിഡില്‍ ഈസ്റ്റ്. സൗദി അറേബ്യയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡാര്‍ ഗ്ലോബലുമായി നിരവധി കരാറുകളില്‍ പങ്കാളിയാണ് ട്രംപ് ഓര്‍ഗനൈസേഷന്‍. ഒമാനില്‍ ആഡംബര ഹോട്ടലിന്റെയും, ഗോള്‍ഫ് റിസോര്‍ട്ടിന്റെയും നിര്‍മാണം പുരോഗമിക്കുകയാണ്. ജിദ്ദയിലെയും ദുബായിയിലെയും ട്രംപ് ടവര്‍ പ്രോജക്ടുകളും കരാറിന്റെ ഭാഗമാണ്. 2005ല്‍ ദുബായിയില്‍ ഹോട്ടലും അപ്പാര്‍ട്ട്മെന്റുകളും ഉള്‍പ്പെടുന്ന ഒരു പ്രോജക്ട് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ആഗോള സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2011ല്‍ അത് റദ്ദാക്കി. പക്ഷേ, 2017ല്‍ , ആദ്യഭരണനാളില്‍ തന്നെ ട്രംപ് ദുബായിയില്‍ ആഡംബര ഗോള്‍ഫ് ക്ലബ് ആരംഭിച്ചു. യുഎഇയിലെ ശതകോടീശ്വരനും വ്യവസായിയുമായ ഹുസൈന്‍ സജ്വാനിയുടെ ഡമാക് പ്രോപ്പര്‍ട്ടീസുമായി കൈകോര്‍ത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. ഇക്കുറി അധികാരമേറ്റപ്പോഴും സജ്വാനിയെയും സംഘത്തെയും ട്രംപ് മറന്നില്ല. യുഎസില്‍ പുതിയ ഡാറ്റാ സെന്ററുകള്‍ നിര്‍മിക്കാന്‍ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ഡമാക് നടത്തുമെന്ന് സജ്വാനിയെ ഒപ്പമിരുത്തി ട്രംപ് അറിയിച്ചു.


ALSO READ: ട്രംപ് പറയുന്നത് ഹിറ്റ്ലറുടെ ഭാഷ; ജനാധിപത്യത്തിന് അസ്വീകാര്യം


അവിടെയും തീരുന്നില്ല ബിസിനസ്. സൗദിയിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ടതും, വിവാദങ്ങളില്‍ ഉള്‍പ്പെട്ടതുമായ എല്‍ഐവി ഗോള്‍ഫുമായും ട്രംപ് ഓര്‍ഗനൈസേഷന്‍ സഹകരിക്കുന്നുണ്ട്. ലോകമെങ്ങും നിരവധി ഗോള്‍ഫ് കോഴ്സുകള്‍ സ്വന്തമായുള്ള ട്രംപ് ഓര്‍ഗനൈസേഷന്, യുഎസില്‍ വിവിധ ടൂര്‍ണമെന്റുകള്‍ നടത്തുന്നതിന് എല്‍ഐവി സാമ്പത്തിക സഹായവും നല്‍കുന്നുണ്ട്. ഇതിനെല്ലാം പുറമേ, കുഷ്നറുടെ ഇക്വിറ്റി സ്ഥാപനമായ അഫിനിറ്റി പാര്‍ട്ണേഴ്സിന് സൗദിയുമായും അവരുടെ പബ്ളിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫുമായും) ബന്ധമുണ്ട്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ചെയര്‍മാനായ പിഐഎഫിന് രണ്ട് ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് അഫിനിറ്റിയിലുള്ളത്. ഖത്തര്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി, അബുദാബി ആസ്ഥാനമായ ലുനേറ്റ് ഉള്‍പ്പെടെ കമ്പനികള്‍ക്കും അഫിനിറ്റിയില്‍ നിക്ഷേപമുണ്ട്. കുഷ്നറുടെ ബിസിനസ് താല്‍പര്യങ്ങളില്‍നിന്ന് ഇസ്രയേലിനെയും മാറ്റിനിര്‍ത്തിയിട്ടില്ല. ഫീനിക്സ് ഹോള്‍ഡിങ്സ്, ഷ്‌ലോമോ ഗ്രൂപ്പ് ഉള്‍പ്പെടെ ഇന്‍ഷൂറന്‍സ് കമ്പനിയില്‍ കുഷ്നറിന് നിക്ഷേപ പങ്കാളിത്തമുണ്ട്.

സാമ്രാജ്യത്വ അധിനിവേശ നയം വെളിപ്പെടുത്തിയാണ് ട്രംപ് രണ്ടാം ഭരണം തുടക്കമിട്ടത്. പനാമ കനാല്‍ ഏറ്റെടുക്കും, കാനഡയെ യുഎസിന്റെ സംസ്ഥാനമാക്കും, ഗ്രീന്‍ലാന്‍ഡ് കീഴ്പ്പെടുത്തും എന്നിങ്ങനെ പ്രഖ്യാപനങ്ങളും അനധികൃത കുടിയേറ്റക്കാരെ ചങ്ങലയ്‌ക്കിട്ട് സൈനിക വിമാനത്തിൽ അയയ്ക്കുന്നതുമൊക്കെ അതിന്റെ ഉദാഹരണമാണ്. അതിന്റെ ചുവടുപിടിച്ചാണ് ഗാസ സംബന്ധിച്ച പ്രഖ്യാപനം. പക്ഷേ, അതൊന്നും അത്ര എളുപ്പമല്ല. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ധനസഹായം അവസാനിപ്പിക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഈജിപ്തും ജോര്‍ദാനും എതിര്‍ദിശയിലാണ്. യുഎസ് സഹായം നിലയ്ക്കുന്നത് ഇരു രാജ്യങ്ങളെയും പ്രതിസന്ധിയിലാക്കുമെങ്കിലും, ഗാസയുടെ കാര്യത്തില്‍ അവര്‍ ഇതുവരെ സന്ധി ചെയ്തിട്ടില്ല. ട്രംപിനെ അനുകൂലിച്ചാല്‍, ഗാസയെയും പലസ്തീനെയും അനുകൂലിക്കുന്ന രാജ്യത്തെ ജനതയുടെ എതിര്‍പ്പും അവര്‍ക്ക് നേരിടേണ്ടിവരും. പലസ്തീനികള്‍ക്ക് പ്രത്യേക രാജ്യം അനുവദിക്കുന്നതുവരെ ഇസ്രയേലുമായി സന്ധി ചെയ്യാനാവില്ലെന്നാണ് സൗദിയുടെ നിലപാട്. നാറ്റോ സഖ്യകക്ഷികളായ ജർമനിയും ബ്രിട്ടനും ഫ്രാൻസും ഉള്‍പ്പെടെ രാജ്യങ്ങളും ട്രംപിന്റെ ആശയത്തോട് എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം ഒന്നേയുള്ളൂ. ഗാസയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് യുഎസോ ഇസ്രയേലോ മറ്റേതെങ്കിലും രാജ്യമോ അല്ല. അതിന് അവകാശം പലസ്തീന്‍ ജനതയ്ക്ക് മാത്രമാണ്.

NATIONAL
അന്താരാഷ്ട്ര യാത്രകളും, സാമ്പത്തിക ഇടപാടുകളും പരിശോധിക്കും; സ്വർണക്കടത്തിൽ നടി രന്യ റാവുവിനെതിരെ അന്വേഷണ സംഘം
Also Read
user
Share This

Popular

KERALA
WORLD
"സ്നേഹം കുറയുന്നുവെന്ന തോന്നൽ"; കണ്ണൂരിലെ കുഞ്ഞിൻ്റെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി 12കാരി