സഹപാഠികൾ ബലം പ്രയോഗിച്ച് വിദ്യാർഥിയുടെ വസ്ത്രം ഊരിമാറ്റുന്നതും ദേഹോപദ്രവം ഏല്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്
കോട്ടയം പാലായിൽ വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി. അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണൽ ഡയറക്ടർക്ക് (അക്കാദമിക്)നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.
പാലാ സെന്റ് തോമസ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് സഹപാഠികളിൽ നിന്ന് ഉപദ്രവം ഏൽക്കേണ്ടി വന്നത്. വസ്ത്രം ഊരിമാറ്റി ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പുറത്തായതിന് പിന്നാലെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സഹപാഠികൾ ബലം പ്രയോഗിച്ച് വിദ്യാർഥിയുടെ വസ്ത്രം ഊരിമാറ്റുന്നതും ദേഹോപദ്രവം ഏല്പിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
ALSO READ: വിദ്യാർഥിയുടെ നഗ്ന ദൃശ്യങ്ങൾ സഹപാഠികൾ പ്രചരിപ്പിച്ചതായി പരാതി; സംഭവം പാലാ സെന്റ് തോമസ് സ്കൂളിൽ
വിദ്യാർഥികൾ തന്നെയാണ് മൊബൈലിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. കുട്ടി മുമ്പും ഇത്തരത്തിൽ സഹപാഠികളിൽ നിന്ന് ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നും സ്കൂൾ അധികൃതർക്ക് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും രക്ഷിതാവ് ആരോപിച്ചു. പരാതി ഗൗരവമായി കണക്കാക്കുന്നുണ്ടെന്നും വിശദമായ അന്വേഷണം നടത്തി നടപടി കൈക്കൊള്ളുമെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും റിപ്പോർട്ട് തേടിയിട്ടുണ്ട്.