സഞ്ജയ് റോയിയുടെ പ്രസ്താവനയോട് പ്രതികരിച്ച സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസ്, തിങ്കളാഴ്ച ശിക്ഷാ വിധിയ്ക്ക് മുൻപ് സഞ്ജയ് റോയ്ക്ക് സംസാരിക്കാനുള്ള അവസരം നൽകുമെന്ന് പറഞ്ഞു
കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടറുടെ ബലാത്സംഗക്കൊലയിൽ കോടതി കുറ്റക്കാരനെന്ന് വിധിച്ച പ്രതി സഞ്ജയ് റോയ് നിരപരാധിയെന്ന് കോടതിയിൽ. വിധിക്ക് പിന്നാലെയാണ് സഞ്ജയ് റോയ് താൻ നിരപരാധിയെന്ന് കോടതിയിൽ പറഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും, ഒരു പൊലീസുകാരന് ഇതേപ്പറ്റി അറിയാമെന്നും പൊലീസിന്റെ സിവിക് വോളണ്ടിയറായിരുന്ന പ്രതി സഞ്ജയ് റോയ് വിധിക്ക് പിന്നാലെ പറഞ്ഞു.
ALSO READ: കൊല്‍ക്കത്തയിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല: പ്രതി സഞ്ജയ് റോയ് കുറ്റക്കാരനാണെന്ന് കോടതി
"ഒരു പൊലീസുകാരന് എല്ലാം അറിയാം. എന്നെ എന്താണ് സംസാരിക്കാൻ സമ്മതിക്കാത്തത്? ഞാൻ ഇത് ചെയ്തിട്ടില്ല. അത് ചെയ്തവരെ പോകാൻ അനുവദിക്കുന്നത് എന്തിനാണ്? ഞാൻ എല്ലായ്‌പ്പോഴും കഴുത്തിൽ ഒരു രുദ്രാക്ഷം അണിയാറുണ്ട്. ഞാൻ ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ ആ രുദ്രാക്ഷം പൊട്ടിത്തെറിക്കുമായിരുന്നു (വിശ്വാസപ്രകാരം) എന്ത് നീതിയാണ് എനിക്ക് പ്രതീക്ഷിക്കാൻ സാധിക്കുക?" സഞ്ജയ് റോയ് പറഞ്ഞു.
സഞ്ജയ് റോയിയുടെ പ്രസ്താവനയോട് പ്രതികരിച്ച സിയാല്‍ദാ അഡീഷണൽ സെഷൻസ് കോടതി ജഡ്ജി അനിർബൻ ദാസ്, തിങ്കളാഴ്ച ശിക്ഷ വിധിയ്ക്കും മുൻപ് സഞ്ജയ് റോയിക്ക് സംസാരിക്കാനുള്ള അവസരം നൽകുമെന്ന് പറഞ്ഞു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബർ 7 നാണ് പ്രതി സഞ്ജയ് റോയിക്കെതിരെയുള്ള കേസിൽ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. വിചാരണ ആരംഭിച്ച് 57 ദിവസങ്ങൾക്ക് ശേഷമാണ് വിധി വന്നിരിക്കുന്നത്. നവംബർ 12ന് ആരംഭിച്ച രഹസ്യ വിചാരണയില്‍ ജനുവരി 9നാണ് വാദം കേൾക്കൽ അവസാനിച്ചത്. കേസില്‍ 50 സാക്ഷികളെയാണ് വിസ്തരിച്ചത്.
ALSO READ: നാടിനെ നടുക്കിയ ബംഗാളിലെ വനിത ഡോക്ടറുടെ ബലാത്സംഗക്കൊല; കേസിന്‍റെ നാള്‍വഴികള്‍
പശ്ചിമ ബംഗാൾ സർക്കാരിന് കീഴിലുള്ള ആർജി കർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ നിന്ന് ഓഗസ്റ്റ് 9നാണ് 31കാരിയായ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡോക്ടര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും കഴുത്ത് ഞെരിച്ചാണ് കൊല്ലപ്പെട്ടതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. സംഭവം നടന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പ്രതി സഞ്ജയ് റോയിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഹെഡ് സെറ്റാണ് പ്രതിയെ കണ്ടുപിടിക്കാൻ അന്വേഷണസംഘത്തിന് സഹായമായത്. സിസിടിവി ക്യാമറ ദൃശ്യങ്ങളിൽ ഇയാള്‍ ഈ ഹെഡ്സെറ്റുമായി സെമിനാർ ഹാളിലേക്ക് പ്രവേശിക്കുന്നത് കണ്ടെത്തിയിരുന്നു.