'കോമാക്കി ടി എൻ 95' എന്ന മോഡൽ വാഹനമാണ് കത്തിയമർന്നത്
മലപ്പുറത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടു ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. മലപ്പുറം വളാഞ്ചേരി ഇരുമ്പിളിയം സ്വദേശി സൈഫുദ്ദീൻ്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തി നശിച്ചത്.
വീട്ടുമുറ്റത്ത് നിർത്തിയിട്ടു ചാർജ് ചെയ്യുന്നതിനിടെ ഇന്ന് പുലർച്ചെയാണ് ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചത്. തീ ആളിപ്പടർന്നതോടെ വീടിൻ്റെ മുൻഭാഗവും ജനലും ഇലക്ട്രോണിക്സ് ഉപകരണങ്ങളും കത്തിയമർന്നു. 'കോമാക്കി ടി എൻ 95' എന്ന മോഡൽ വാഹനമാണ് കത്തിയമർന്നത്. ബേക്കറി യൂണിറ്റ് പ്രവർത്തിക്കുന്ന വീട്ടിലാണ് സംഭവം. വീട്ടിൽ ആൾത്താമസം ഉണ്ടായിരുന്നില്ല.
രാത്രി പത്ത് മണിയോടെയാണ് സ്കൂട്ടർ ചാർജ് ചെയ്യാനായി വച്ചത്. പുലർച്ചെ 3.15 ഓടെ സ്കൂട്ടർ കത്തുന്നത് ശ്രദ്ധയിൽപെട്ടു. ഉടനെ തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണമായും കത്തിയമർന്നു. മൂന്നു വർഷം മുൻപ് ആണ് സ്കൂട്ടർ വാങ്ങിയത്.