യുഎസ് കമ്മി ഒരു ട്രില്യൺ ഡോളറായും നിലവിലെ മൊത്തം ഫെഡറൽ ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ച്കൊണ്ട് മസ്ക് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന
അമേരിക്കൻ സർക്കാരിൻ്റെ കാര്യക്ഷമതാ വകുപ്പിലെ ചെലവുചുരുക്കൽ വിഭാഗത്തിൻ്റെ തലപ്പത്ത് നിന്ന് ഇലോൺ മസ്ക് പിന്മാറാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. മെയ് അവസാനത്തോടെ മസ്ക് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന.
യുഎസ് കമ്മി ഒരു ട്രില്യൺ ഡോളറായും നിലവിലെ മൊത്തം ഫെഡറൽ ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ച്കൊണ്ട് മസ്ക് സ്ഥാനം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, ട്രംപ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസി അഥവാ ഡോജിൻ്റെ പ്രവർത്തനത്തെക്കുറിച്ച് മസ്ക് സംസാരിച്ചു. അമേരിക്കയുടെ ബാലൻസ് ഷീറ്റുകൾ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചു വാർഷിക ഫെഡറൽ കമ്മി പകുതിയായി കുറയ്ക്കുന്ന ലക്ഷ്യത്തിലേക്ക് ഡോജ് അടുക്കുന്നതിനെക്കുറിച്ചുമാണ് മസ്ക് സംസാരിച്ചത്.
ALSO READ: മ്യാൻമറിലും തായ്‌ലൻഡിലും ഭൂചലനങ്ങളിൽ പൊലിഞ്ഞത് 1644 ജീവനുകൾ; 3400 പേർക്ക് പരിക്ക്
തന്റെ ടീം ഒരു ദിവസം ശരാശരി നാല് ബില്യൺ ഡോളർ സമ്പാദിക്കുന്നുണ്ടെന്നും 130 ദിവസത്തിനുള്ളിൽ ഒരു ട്രില്യൺ ഡോളർ കമ്മി കുറയ്ക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും മസ്ക് പറഞ്ഞു. സർക്കാർ കാര്യക്ഷമമല്ലെന്നും, വലിയതോതിൽ ധൂർത്തും തട്ടിപ്പും നടക്കുന്നുണ്ടെന്നും മസ്ക് കൂട്ടിച്ചേർത്തു.
എന്നാൽ നിർണായകമായ സർക്കാർ സേവനങ്ങളെയൊന്നും ബാധിക്കാതെ ഇതിൽ 15 ശതമാനം കുറവ് വരുത്താൻ കഴിയുമെന്നും മസ്ക് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അതേസമയം ജീവനക്കാരെ പിരിച്ചുവിടൽ, ആസ്തി വിൽപ്പന, കരാർ റദ്ദാക്കൽ എന്നീ നടപടികളിലൂടെ മാർച്ച് 24 വരെ യുഎസ് നികുതിദായകർക്ക് 115 ബില്യൺ ഡോളർ ലാഭിക്കാൻ കഴിഞ്ഞെന്നും മസ്ക് വ്യക്തമാക്കി.