എഴുതി പൂർത്തിയാകാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നായിരുന്നു ഇ.പി. ജയരാജൻ്റെ ചോദ്യം
ആത്മകഥ വിവാദം പോളിങ് ദിനത്തിലെ ആസൂത്രിത ഗൂഢാലോചയെന്ന് ആവർത്തിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ. മാധ്യമങ്ങളിൽ പ്രചരിച്ച വിഷയങ്ങളൊന്നും താൻ എഴുതിയതല്ലെന്നും ഡിസി ബുക്‌സിന് പ്രസിദ്ധീകരണ അവകാശം നൽകിയിട്ടില്ലെന്നും ഇ.പി. ജയരാജൻ പറയുന്നു. തൻ്റെ ആത്മകഥ പ്രസിദ്ധീകരിക്കാനുള്ള അധികാരം തനിക്ക് മാത്രമാണെന്ന് വ്യക്തമാക്കിയ നേതാവ്, കൂലിക്ക് എഴുതിപ്പിക്കുന്ന രീതി ഇല്ലെന്നും പറഞ്ഞു. പാലക്കാട് നടന്ന പത്രസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എഴുതി പൂർത്തിയാകാത്ത പുസ്തകം എങ്ങനെയാണ് പ്രസിദ്ധീകരിക്കുന്നതെന്നായിരുന്നു ഇ.പി. ജയരാജൻ്റെ ചോദ്യം. ടൈംസ് ഓഫ് ഇന്ത്യയിൽ തെരഞ്ഞെടുപ്പ് ദിവസം വാർത്ത വന്നത് ആസൂത്രിതമാണ്. പാലക്കാടും ചേലക്കരയിലും എൽഡിഎഫ് ജയിക്കും എന്ന് ഉറപ്പായപ്പോൾ ആസൂത്രിതമായി നടത്തി നീക്കമായിരുന്നു ഇത്. ഒരു പ്രസാധകരുമായും കരാറില്ല, ആത്മകഥ എഴുതാൻ ആരെയും ചുമതലപ്പെടുത്തിയിട്ടുമില്ല. ഇപ്പോൾ പുറത്തു വന്ന ഒരു കാര്യവും താൻ എഴുതിയതല്ലെന്നും, സ്വന്തമായി എഴുതിയ ആത്മകഥ ഉടൻ പുറത്തു വരുമെന്നും ഇ.പി.ജയരാജൻ വ്യക്തമാക്കി.
"എന്റെ കയ്യക്ഷരം മോശമാണ്. ഭാഷാശുദ്ധിയൊക്കെ വരുത്തി പ്രസിദ്ധീകരിക്കാൻ ഒരാളെ ഏർപ്പെടുത്തിയിട്ടുണ്ട്. അധികം താമസിക്കാതെ പുസ്തകം പ്രസിദ്ധീകരിക്കും. ഭാഷാശുദ്ധി വരുത്താനായി ഏൽപിച്ച ആളെ സംശയിക്കുന്നില്ല. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ആരെങ്കിലും ഒക്കെ എന്തെങ്കിലും പങ്കുവെച്ചാൽ ഞാൻ അതിന് ഉത്തരവാദിയല്ല. വിവാദത്തിന് മറുപടി നൽകേണ്ടത് ഡിസി ബുക്ക്‌സാണ്. അതിനാണ് വക്കീൽ നോട്ടീസ് കൊടുത്തത്," ഇ.പി. ജയരാജൻ വ്യക്തമാക്കി.
ആത്മകഥയിൽ സരിനെ കുറിച്ച് മോശം പരാമർശമുണ്ടെന്ന വാദത്തെ തീർത്തും തള്ളിക്കൊണ്ടായിരുന്നു ഇ.പി.ജയരാജൻ്റെ പ്രസ്താവനകൾ. പാലക്കാട്ടെ സ്വതന്ത്രസ്ഥാനാർഥി ഡോ. പി. സരിൻ ഉത്തമസ്ഥാനാർഥിയാണ്. ജന സേവനത്തിനായി ജോലി പോലും രാജിവെച്ചയാളാണ് സരിൻ. പൊതു സമൂഹത്തോട് പ്രതിജ്ഞ ബദ്ധനായ ചെറുപ്പക്കാരനാണ് സരിനെന്നും സിപിഎം നേതാവ് അഭിപ്രായപ്പെട്ടു.
ALSO READ: വിവാദങ്ങൾക്കിടെ ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തും; വിശദീകരണം തേടാനൊരുങ്ങി പാർട്ടി
കർഷക കുടുംബത്തിൽ ജനിച്ച് കഴിവ് കൊണ്ട് മുന്നേറി ഡോക്ടറായ സരിൻ, ശേഷം സിവിൽ സർവീസിൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്തു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയപ്പോൾ ഇടതുപക്ഷത്തോടൊപ്പം നിന്നില്ലെങ്കിലും അയാൾക്ക് ഇടതുപക്ഷ മനസ് ആയിരുന്നു. കൃഷിക്കാർക്കും തൊഴിലാളികൾക്കും ഒപ്പമായിരുന്നു സരിൻ്റെ പ്രവർത്തനം. എന്നാൽ അദ്ദേഹം വിശ്വസിച്ച കോൺഗ്രസ് പാർട്ടി വർഗീയ ശക്തികളുമായി കൂട്ടുചേർന്നു, വ്യക്തി താത്പര്യങ്ങൾക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടി നിലകൊണ്ടു. അങ്ങനെയാണ് സരിൻ കോൺഗ്രസ്സ് രാഷ്ട്രീയത്തോട് വിയോജിച്ചത്. അതിനാൽ മണ്ഡലത്തിൽ ഏറ്റവും യോഗ്യനായ ഏറ്റവും അർഹതയുള്ള നല്ല ചെറുപ്പക്കാരനായ സരിനെ സിപിഎം സ്ഥാനാർഥിയാക്കിയെന്നും ഇ.പി. ജയരാജൻ പറഞ്ഞു.
അതേസമയം ആത്മകഥ വിവാദത്തിൽ ചർച്ചകൾ തുടരുന്നതിനിടെ, പി. സരിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കാനാണ് ഇ.പി. ജയരാജൻ ഇന്ന് പാലക്കാടെത്തിയത്. രാവിലെ കണ്ണൂരിൽ നിന്ന് പാലക്കാടേക്ക് തിരിച്ച ഇ.പി. ജയരാജൻ, വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കും. വൈകീട്ട് അഞ്ച് മണിക്ക് മുൻസിപ്പൽ ബസ് സ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി വോട്ട് അഭ്യർത്ഥിക്കും.
പി. സരിൻ്റെ സ്ഥാനാർഥിത്വത്തെ എതിർക്കുന്ന പരാമർശങ്ങൾ ഇ.പിയുടെ ആത്മകഥയിലേത് എന്ന പേരിൽ ഇന്നലെ പുറത്ത് വന്ന പിഡിഎഫിൽ ഉൾപ്പെട്ടിരുന്നു. തൻ്റെ ആത്മകഥയിൽ ഇത്തരം പരാമർശം ഇല്ലെന്ന് ജയരാജൻ വിശദീകരിക്കുകയും ആത്മകഥയുടേതെന്ന പേരിൽ വിവരങ്ങൾ പുറത്തുവിട്ടതിന് ഡി.സി. ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. സ്വതന്ത്രരെ ഇറക്കിയുള്ള പരീക്ഷണം ചിലപ്പോഴെങ്കിലും വിജയിച്ചിട്ടുണ്ടെങ്കിലും അത് വയ്യാവേലി ആകുന്ന സന്ദർഭവും ഉണ്ടായിട്ടുണ്ടെന്ന് ഇ.പിയുടേതെന്ന പേരിൽ പുറത്തുവന്ന പിഡിഎഫിൽ വിവരിക്കുന്നുണ്ട്. അവസരവാദ രാഷ്ട്രീയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ സരിനിനെക്കുറിച്ചും പറയണമെന്ന് പറഞ്ഞായിരുന്നു ഈ പരാമർശം.